തിരുവനന്തപുരം: അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തി യാത്രക്കാര്‍. തലസ്ഥാന നഗരിയില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് കൂടുതല്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് അദാനി ഗ്രൂപ്പ് ആകര്‍ഷിച്ചിരിക്കുന്നത്. ഈ വര്‍ഷം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 67,919 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. എന്നാല്‍, മാര്‍ച്ചില്‍ യാത്രക്കാരുടെ എണ്ണം 1.2 ലക്ഷമായി.
ഏപ്രിലിലെ ആദ്യ ദിവസങ്ങളില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 4000നു മുകളിലെത്തി. കൂടുതല്‍ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് അദാനി ഗ്രൂപ്പിന് അകര്‍ഷിക്കുവാന്‍ കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബറില്‍ 85919 പേരും, ഒക്ടോബറില്‍ 102931, നവംബര്‍ 111295, ഡിസംബര്‍132165, ജനുവരി109441, ഫെബ്രുവരിയില്‍ 93180 പേരുമാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടന്നുപോയത്. ആഴ്ചയില്‍ 24 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസാണ് തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത്. തിരുവന്തപുരം വിമാനത്താളത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് കൊച്ചിക്ക് ഭീഷണിയായിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ പിടിക്കാനുള്ള മത്സരം വിമാന കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തതിന് പിന്നാലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ അറേബ്യ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7.30ന് പുറപ്പെടും. അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും സര്‍വീസുകള്‍ പുറപ്പെടുന്നത്.
സര്‍വീസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തിന് വര്‍ധന ഉണ്ടാകുന്നതിനൊപ്പം എയര്ലൈനുകളില്നിന്ന് ലഭിക്കുന്ന ഓപറേഷന് ചാര്‍ജും വാടകയിനത്തില്‍ കിട്ടുന്ന തുകയും അദാനിക്ക് ലാഭമായി മാറും. എയര്‍ലൈസുകളുടെ ഹാന്‍ഡിലിങ് ഏജന്‍സികള്‍ ഓരോ വിമാനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 31.8 ശതമാനം ഫീസായി നേരത്തേ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിരുന്നു.
രാജ്യന്തര ടെര്‍മിനലില്‍ 32 വിമാനവും ആഭ്യന്തര ടെര്‍മിനലില്‍ 42 വിമാനവുമാണ് സര്‍വീസ് നടത്തിയിരുന്നത് ഇതില്‍ പകുതിയിലധികം സര്‍വീസുകളെയാണ് പിന്നീട് വെട്ടിക്കുറച്ചത്. ഇതില്‍ സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സര്‍വീസുകളെ തിരുവനന്തപുരത്തുനിന്ന് വെട്ടിമാറ്റി സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൈമാറിയിരുന്നു. ഈ സര്‍വീസുകള്‍ തിരികെ കൊണ്ടുവരാനാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: