തിരുവനന്തപുരം: സ്വാര്‍ത്ഥതയുടെ മൂര്‍ത്തിമദ്ഭാവങ്ങളായി രാഷ്‌ട്രീയ നേതാക്കളും പ്രസ്ഥാനങ്ങളും മാറുകയാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന ഉപാധ്യക്ഷനും വക്താവുമായിരുന്ന ബി.കെ. ശേഖറിന്റെ 11-ാം അനുസ്മരണസമ്മേളനം തിരുവനന്തപുരം സംസ്‌കൃതിഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയം ഒരു പ്രതിബദ്ധതയാണ്. രാഷ്‌ട്രീയം ഒരു ബിസിനസ് സംരംഭമല്ല, പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള സംഘടിത ശ്രമമല്ല, സാധാരണ ജനങ്ങളുടെ സേവനത്തിനു വേണ്ടി നിലകൊള്ളുന്നവരാവണം രാഷ്‌ട്രീയ നേതാക്കള്‍. അധികാരം ലഹരിയാണ്. അത് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതിനായി എത്തിപ്പെടാന്‍ പടിപടിയായി ശ്രമിക്കുന്നതിലും തെറ്റില്ല. എന്നാല്‍ ഇന്ന് അധികാരം ചോദിച്ചുവാങ്ങുന്നവരും പിടിച്ചുവാങ്ങുന്നവരുമാണ് ഏറെയും. രാഷ്‌ട്രീയം അങ്ങോട്ട് കൊടുക്കുന്നവരുടേതാകണം. ജീവിതവും സ്വത്തും രാഷ്‌ട്രീയത്തിനായി സമര്‍പ്പിച്ചവരാണ് ഈ സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കിയത്. അത്തരം ക്രിയേറ്റീവ് മൈനോറിറ്റി എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലുമുണ്ടാവണം. രാഷ്‌ട്രീയത്തില്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യം. എതിര്‍ക്കുന്നവര്‍ ശത്രുക്കളല്ല. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യത്തിന്റെ മര്‍മ്മം. ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ മര്‍മ്മം അറിഞ്ഞ, പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം കൊടുത്ത, മാന്യതയുടെ മുഖമായിരുന്നു ബി.കെ. ശേഖറെന്ന് അദ്ദേഹം പറഞ്ഞു.
കാപട്യത്തിന്റെ വഴിയില്‍ മനുഷ്യന്‍ സഞ്ചരിക്കുമ്പോള്‍ നന്മയുടെ സന്ദേശമായി പ്രവര്‍ത്തിക്കേണ്ടവരാണ് രാഷ്‌ട്രീയപ്രവര്‍ത്തകരെന്ന് മുന്‍ എംപിയും സിപിഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. രാഷ്‌ട്രീയരംഗത്ത് മാന്യതയുടെ സംസ്‌കാരം വളര്‍ത്തിയെടുത്ത, സ്വാര്‍ത്ഥതയില്ലാത്ത നേതാവായിരുന്നു ബി.കെ.ശേഖറെന്നും പന്ന്യന്‍ അനുസ്മരിച്ചു. രാഷ്‌ട്രീയരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തിയ, രാഷ്‌ട്രീയത്തിനതീതമായി സാമൂഹിക അംഗീകാരം നേടിയെടുത്ത വ്യക്തിത്വമായിരുന്നു ബി.കെ. ശേഖറെന്ന് എം. വിന്‍സെന്റ് എംഎല്‍എ അനുസ്മരിച്ചു. ബി.കെ. ശേഖറിന്റെ മാന്യതയുടെയും സ്വീകാര്യതയുടെയും മുഖം ഓരോ ബിജെപി പ്രവര്‍ത്തകരും മാതൃകയാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് പറഞ്ഞു.
ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ അധ്യക്ഷത വഹിച്ചു. ബി. കെ. ശേഖര്‍ ഫൗണ്ടേഷന്റെ യുവമാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം ജനം ടിവി റിപ്പോര്‍ട്ടര്‍ എ.എസ്. അഖിലിനും സാമൂഹികപ്രവര്‍ത്തകനുള്ള കര്‍മശ്രേഷ്ഠ പുരസ്‌കാരം മുക്കംപാലമൂട് രാധാകൃഷ്ണനും പി.എസ്. ശ്രീധരന്‍പിള്ള വിതരണം ചെയ്തു. ഫൗണ്ടേഷന്‍ ഭാരവാഹികളായ വെള്ളാഞ്ചിറ സോമശേഖരന്‍, അഡ്വ. സന്തോഷ്, ശങ്കര്‍, ഭുവനചന്ദ്രന്‍നായര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: