തിരുവനന്തപുരം: ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. 29 നടക്കുന്ന പട്ടികജാതി സംഗമത്തിന്റെ വിജയത്തിനായുള്ള ബി.ജെ.പി. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ പട്ടികവിഭാഗ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി കോടിക്കണക്കിന് രൂപയുടെ ഫണ്ടും, പദ്ധതികളുമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ പട്ടിക വിഭാഗ സമൂഹം പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ പട്ടികവിഭാഗക്ഷേമ പദ്ധതികള്‍ കേരളത്തിലെ എല്ലാ പട്ടികജാതി കുടുംബങ്ങളിലെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പട്ടികവിഭാഗ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും, അട്ടിമറിക്കുകയുമാണ് ചെയ്യുന്നത്. പട്ടിക വിഭാഗ ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ക്ഷേമഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കാതെ പാഴാക്കുകയും വകമാറ്റി ചിലവഴിക്കുകയും ചെയ്യുകയാണ്.
കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പദ്ധതികള്‍ കേരളത്തിലെ പട്ടികജാതിക്കാരില്‍ എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പട്ടികജാതി ഫണ്ട് വെട്ടിപ്പും, അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്. പട്ടികജാതിക്കാര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും, പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥനമായി കേരളം മാറി എന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബി.ജെ.പി. പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, സംഘടനാ സെക്രട്ടറി എം. ഗണേശന്, സഹ സംഘടനാസെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. സ്വപ്നജിത്ത് സ്വാഗതവും, പി.കെ. ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: