ചേര്‍ത്തല: പള്ളിപ്പുറം തിരുഐരാണികുളം കളത്തില്‍ ക്ഷേത്രത്തിലെ ഭാരവാഹികള്‍ക്കുനേരെ ഭീഷണിയും ക്ഷേത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചരണവുമെന്ന് പരാതി. ക്ഷേത്രം മാനേജര്‍ വി.കെ.രാധാകൃഷ്ണന്‍നായര്‍ ചേര്‍ത്തല ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഉത്സവത്തിന് ലൈറ്റ് ആൻ്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നതിന് അസോസിയേഷന്‍ വിലക്കേര്‍പെടുത്തിയതായും പരാതിയില്‍ പറയുന്നു.
29 മുതല്‍ മെയ് ആറുവരെ നടക്കുന്ന ക്ഷേത്ര ഉത്സവത്തിന് ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തനങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് തര്‍ക്കം. പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എല്ലാ വര്‍ഷത്തെയും പോലെ കരാര്‍ ക്ഷണിച്ച് ലഭിച്ച ആറു ഓഫറുകളില്‍ കുറഞ്ഞ ഓഫറായ 76,700 രൂപ രേഖപെടുത്തിയയാള്‍ക്ക് പ്രവര്‍ത്തി ഉറപ്പിക്കുകയായിരുന്നു. 13ന് ലൈറ്റ്ആന്‍ഡ് സൗണ്ട് അസോസിയേഷന്റെ പേരിലെത്തിയ അഞ്ചുപേര്‍ മാനേജരുടെ മുറിയിലെത്തി ടെണ്ടര്‍ അംഗീകരിക്കില്ലെന്നും പുതിയ ടെണ്ടര്‍ വിളിക്കണമെന്നും ആരെകൊണ്ടും ഇവിടുത്തെ പ്രവര്‍ത്തനങ്ങൾ ചെയ്യിക്കില്ലെന്നും ഭീഷണി മുഴക്കിയതായി മാനേജര്‍ വി.കെ.രാധാകൃഷ്ണന്‍നായര്‍,ബോര്‍ഡംഗങ്ങളായ രാഹുല്‍ അരവിന്ദ്,ഡി.ജഗദീഷ് എന്നിവര്‍ ആരോപിച്ചു.
ഇതിനുശേഷം കരാറില്‍ കുറഞ്ഞ തുക രേഖപെടുത്തിയയാള്‍ അസോസിയേഷന്‍ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. അസോസിയേഷന്റെ പേരില്‍ ക്ഷേത്രത്തിനെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ക്ഷേത്ര ഉത്സവത്തിന് ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനു നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: