പാലക്കാട്: ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ പട്ടാപ്പകല്‍ പാലക്കാട് നഗരത്തില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരെയാണ് തിരിച്ചറിഞ്ഞത് എന്നാണ് സൂചന. എസ്ഡിപിഐക്കാരായ ശംഖുവാരത്തോടെ സ്വദേശി അബ്ദുള്‍ റഹ്മാന്, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും, മൊബൈല്‍ പരിശോധനകളില്‍ നിന്നുമാണ് ഇവരിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്നാട് തമിഴ്നാട് രജിട്രേഷനാണ്. ഈ ബൈക്ക് പിന്നീട് നഗരത്തിന് പുറത്തേക്ക് പോയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശ്രീനിവാസനെ ആക്രമിക്കാന്‍ ഫിറോസും ഉമ്മറും എത്തിയത് ഈ ബൈക്കിലാണ്. അക്രമികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് ആകീടീവയായിരുന്നു. ഇതില്‍ എത്തിയത് അബ്ദുള്‍ ഖാദര്‍ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആക്ടീവ നഗരം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, സുബൈര്‍ കൊലക്കേസ് പ്രതികളെ പിടികൂടാന്‍ കാണിച്ച ആര്‍ജ്ജവം ശ്രീനിവാസന്റെ കേസിലില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്. സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം നടന്ന ജില്ലാ ആശുപത്രിയില്‍ ശ്രീനിവാസന്റെ കൊലയാളികള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നാണ് കൊലപാതകത്തിനായി ആറംഗ സംഘം പുറപ്പെട്ടത്. കൃത്യത്തിനു ശേഷം ഇവര്‍ സുബൈറിന്റെ വിലാപ യാത്രയിലും കബറടക്കത്തിലും പങ്കെടുത്തിരുന്നതായി പറയുന്നു.
സംഭവത്തിന്റെ തലേ ദിവസവും അന്നും അറിയാത്ത നമ്പറുകളില്‍ നിന്ന് ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിളികള്‍ വന്നിരുന്നു. ബൈക്ക് കച്ചവടം നടത്തുന്ന പാലക്കാട് നഗര്‍കാര്യവാഹിന് മാത്രം മൂന്ന് നമ്പരുകളില്‍ നിന്നാണ് ഫോണ്‍ വന്നത്. ഇതില്‍ പന്തികേടു തോന്നിയ അദ്ദേഹം 11 മണിയോടെ കട പൂട്ടി വീട്ടിലേക്കു പോവുകയായിരുന്നു. സംഭവ ദിവസം വീടിന് തൊട്ടടുത്തുള്ള ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നാരങ്ങയും മറ്റും മേലാമുറി മാര്‍ക്കറ്റില്‍ നിന്നു വാങ്ങി ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് ശ്രീനിവാസന് വീട്ടിലേക്ക് പോയത്. എന്നാല്‍ ആരോ വിളിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കടയിലേക്ക് പോയത്. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: