സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ബഹളത്തില്‍ കേരളം ചര്‍ച്ച ചെയ്യാന്‍ വിട്ടുപോയ രണ്ട് പ്രസ്താവനകളുണ്ട്. കേരളത്തിലെ ഗതാഗത മന്ത്രി പറഞ്ഞ കാര്യം, ഇങ്ങനെ പോയാന്‍ കേരളത്തിലെ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരും. അന്ന് തന്നെ കേരള ധനമന്ത്രിയും പറഞ്ഞത് ഈ സ്ഥിതി തുടര്‍ന്നാല്‍ നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാന്‍ കഴിയാതെയാവുമെന്നാണ്. ഹേ മന്ത്രിമാരെ നിങ്ങളെ യുപിയിലേക്ക് ക്ഷണിക്കുന്നു. കേരളം യോഗിയുടെ നാട്ടിലേക്ക് നോക്ക്. യുപിയിലെ പൊതുമേഖല ട്രാന്‍സ്പോര്‍ട്ട് അഥവാ യുപിഎസ്ആര്‍ടിസി യോഗി ആദിഥ്യനാഥ് ഒരു കൊല്ലം കൊണ്ട് ലാഭത്തിലാക്കി. കേരളം കണ്ണുമിഴിക്കേണ്ട. യോഗിയുടെ ഭരണമികവിന്റെ നേര്‍ക്കാഴ്ച. 2017ല്‍ യോഗി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ 132 കോടി രൂപ ട്രാന്‍സ്പോര്‍ട്ട് രംഗം നഷ്ടത്തിലായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് 83 കോടി രൂപ ലാഭത്തിലാക്കി. യുപിയിലെ ബസ് ഗതാഗതത്തിന്റെ സ്ഥിതി അറിയുമോ? 38,000 വില്ലേജുകളില്‍ 70 വര്‍ഷം പിന്നിട്ടിട്ടും ബസ് ഗതാഗതം എത്തിയിട്ടില്ലത്രേ. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി ഭരണ കാലം എത്ര ദയനീയമായിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാകും.
യോഗി വിപ്ലവം സൃഷ്ടിച്ചു. 26,000 ഗ്രാമങ്ങളിലേക്ക് ബസ് യാത്രാസൗകര്യം പുതുതായി എത്തിച്ചു. അദ്ദേഹം അധികാരത്തില്‍ വരുമ്പോള്‍ 751 റൂട്ടുകളില്‍ 20,044 കി.മീ മാത്രമേ ബസ് ഓടിയിരുന്നുള്ളു. ഇപ്പോള്‍ 93,833 റൂട്ടില്‍ 2,42699 കി.മീ ദൂരം ബസ് യാത്ര സാധ്യമാക്കി. ഇതുമാത്രമല്ല, അടുത്തത് ക്രമസമാധാനമാണ്. വര്‍ഗ്ഗീയ കലാപങ്ങള്‍, ഭൂമി കൈയേറ്റം, കൊള്ള, കൊലപാതകങ്ങള്‍, അക്രമം, അഴിമതി, സ്ത്രീ പീഡനങ്ങള്‍ തുടങ്ങി ജനങ്ങള്‍ ഭയന്നു വിറച്ചു ജീവിച്ച നാടായിരുന്നു യുപി. ഇന്ന് സമാധാനമായി, നിര്‍ഭയമായി ജീവിക്കാന്‍ പറ്റുന്ന നാടായി മാറിയിരിക്കുന്നു. ഗുണ്ടാ മാഫിയാ ഭരണത്തില്‍ നിന്ന് യുപിയെ മോചിപ്പിച്ച രക്ഷകനായിട്ടാണ് ജനങ്ങള്‍ യോഗിയെ കാണുന്നത്. മായാവതി, മുലയം, അഖിലേഷ് കാലഘട്ടത്തില്‍ നാടുഭരിച്ചത് ഗുണ്ടാ തലവന്മാരാണ്. യോഗി ആദ്യം പോലീസില്‍ പൊളിച്ചെഴുത്ത് നടത്തി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മൂലക്കിരുത്തി. 1.43ലക്ഷം പുതിയ പോലീസുകാരെ റിക്രൂട്ട് ചെയ്ത് സേനയെ ശക്തിപ്പെടുത്തി. പിന്നീട് യോഗിയുടെ പടയോട്ട മായിരുന്നു. ഗുണ്ടാ രാജിന് അന്ത്യം കുറിച്ചു.
45,000 ഗുണ്ടകള്‍ പിടിച്ചു നില്ക്കാനാവാതെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി, അവരെയെല്ലാം ജയിലിലടച്ചു. 150 കൊടും ക്രിമിനലുകള്‍ ഏറ്റമുട്ടലില്‍ മരിച്ചു. 4500ല്‍ അധികം ക്രിമിനലുകള്‍ പോലീസ് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റു കിടപ്പിലായി. യുപിയിലെ പ്രധാന മാഫിയാ തലവന്മാരായ അത്തിക്ക് അഹമ്മദ്, മുഖ്ത്താര്‍ അന്‍സാരി, സിബാകാത്തുള്ള അന്‍സാരി (ഈ മാഹാന്മാര് എസ്പി, ബിഎസ്പി എംപിമാരും എംഎല്‍എമാരും ആയിരുന്നു), മൂന്നാ ബജ്രംഗി, വികാസ് ദൂബെ (എസ്പിയുടെ കണ്‍പൂര്‍ ഡിസ്ട്രിക്ട് പ്രസിഡന്റ് ആയിരുന്നു) എന്നിവരല്ലാം രാഷ്ട്രീയ സംരക്ഷണം ലഭിച്ച ക്രിമിനല്‍ നേതാക്കളായിരുന്നു. വികാസ്ദുബ എട്ട് പോലീസ്കാരെ കൊന്ന ഗുണ്ടായായിരുന്നു. ഇയാളെ കീഴടക്കാന്‍ യുപി പോലീസ് ഏറെ പണിപ്പെട്ടു. എന്നാല്‍ ഏറ്റുമുട്ടലില്‍ ഗുണ്ടയും അനുയായികളും കുടുംബ സമേതം പരലോകം പൂകി.
കൂടാതെ യോഗി ചെയ്ത ധീരമായ മറ്റൊരു നടപടി കേള്‍ക്കൂ. അഴിമതിക്കാരായ രാഷ്ടീയ മാഫിയകള്‍ കൈയ്യടക്കി വെച്ച 67,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് യോഗി ആദിത്യ നാഥ് തിരിച്ചു പിടിച്ചത്. മുമ്പ് സഖാവ് വി.എസ് അച്ചുതാനന്ദന് ജെസിബിയുമായി ഇറങ്ങിയ ഉടനെ പാര്‍ട്ടിയിലെ എതിര് വിഭാഗം ഇടപ്പെട്ട് നിമഷങ്ങള്‍ക്കുള്ളില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വെച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കുക.
അതിന് ശേഷം യോഗി ശ്രദ്ധ കേന്ദ്രീകരിച്ചത് അടിസ്ഥാനസൗകര്യവികസന രംഗത്താണ്. എക്പ്രസ് ഹൈവേകള്‍ (പൂര്‍വ്വാഞ്ചല്‍ 341 കി.മീ ഹൈവേ), പുതിയ അരഡസന്‍ എയര്‍പോര്‍ട്ടുകള്‍, ഏഴ് നഗരങ്ങളില്‍ മെട്രോ റെയിലുകള്‍, സ്മാര്‍ട്ട് സിറ്റികള്‍ ഇങ്ങനെ വലിയ കുതിച്ചുചാട്ടം യുപിയിലുണ്ടായി. ഭരണ മികവിന്റെ ചില മേഖലകള്‍ കൂടി നോക്കൂ. 2018ല്‍ യുപി നിക്ഷേപക സംഗമം നടന്നു. 5000 പ്രതിനിധികള്‍ പങ്കെടുത്തു. മൗറീഷ്യസ്, ജാപ്പാന്‍, നെതര്‍ലന്റ്, ഫിലാന്റ്, ചെക്ക് റിപ്പബ്ലിക്ക്, തായ്ലന്റ്, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തു. കേരളത്തില്‍ ഉമ്മന്‍ചാണ്ടി, പിണറായിമാര്‍ കുറെ മലയാളി എന്‍ആര്‍ഐക്കാരെ വിളിച്ചു തട്ടിക്കൂട്ടിയതു പോലെയല്ല ഇന്ത്യയിലെ ഒട്ടുമിക്ക കോര്‍പ്പറേറ്റ് കമ്പനികളും ഉണ്ടായിരുന്നു. ശ്രദ്ധേയമായ സംരംഭക കൂട്ടായ്മ. 10,450 എംഒയു വഴി 4.28 ലക്ഷം കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. ശ്രദ്ധേയമായ സംഗതി 2019ല്‍ തന്നെ 81 കമ്പനികള്‍ 61,000 കോടിയുടെ നിക്ഷേപങ്ങളിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു എന്നതാണ്.
ഈ വ്യവസായ മുന്നേറ്റത്തെ വിലയിരുത്തി ഫ്ളിപ്പ് കാര്‍ട്ട് മോധാവി കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞത് ഇങ്ങനെയാണ്, അധികം വൈകാതെ യുപി വണ്‍ ട്രില്ല്യന്‍ ഇക്കോണമി സംസ്ഥാനമായി മാറും. കൂടാതെ നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോദി 20000 കോടിയുടെ ഡിഫന്‍സ് & എയ്റോ സ്പെയ്സ് നിര്‍മ്മാണ കമ്പനികളുടെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. അതിന് 5000 ഏക്കര്‍ ഭൂമി യുപി സര്‍ക്കാര്‍ ഉടനെ നല്കി. പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ന് ഇന്ത്യ മാറി. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിംസിറ്റി യോഗി പ്രഖ്യാപിച്ചു. യുപിയിലെ ജേവര്‍ എയര്‍പോര്‍ട്ടിനടുത്ത് 1000 ഏക്കര്‍ സ്ഥലം കണ്ടെത്തി. അതില്‍ 10,500 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ബോജ്പൂരി സിനിമാ വ്യവസായത്തിന് പ്രചോദനമാകുന്ന സ്കീം ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ 80ശതമാനം സാങ്കേതിക വിദഗ്ധര്‍ യൂപിയില്‍ നിന്നാണ്. അത് അവര്‍ക്കും നേട്ടമാവും.
എന്നിട്ടും മുന്‍ ഭരണാധികാരികളൊന്നും ഈ മേഖലയെ കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രൊഡക്ഷന്‍ സ്റ്റുഡിയോസ്, ഔട്ട് ഡോര്‍ ലൊക്കേഷന്‍സ്, ഫിലിം യൂണിവേഴ്സിറ്റി, സ്പെഷ്യല്‍ ഇഫക്റ്റ് സ്റ്റുഡിയോ, അമ്യൂസ്മെന്റ് പാര്‍ക്ക് ഉള്‍പ്പെടെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ റീജിയനില്‍ തന്നെ വലിയ ഒരു കേന്ദ്രമായി നോയിഡ ഫിലിം സിറ്റി മാറാന്‍ പോവുകയാണ്. പൂര്‍വ്വാഞ്ചല്‍, ബുന്ദേല്‍ഖണ്ട് ഈ രണ്ട് പിന്നാക്ക മേഖലയ്ക്ക് യോഗി സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. പൂര്‍വ്വാഞ്ചലില്‍ 341 കി.മീ എക്സ്പ്രസ് ഹൈവേ യാഥാര്‍ഥ്യമായി. ബുന്ദേല്‍ഖണ്ട് ഡിഫന്‍സ് ഫാക്ടറികളുടെ നാടാക്കി മാറ്റിയിരിക്കുകയാണ്. ഈ രണ്ട് പിന്നാക്ക മേഖലകളുടെ മുഖഛായ പാടെ മാറി വരികയാണ്. 2017ല്‍ 200 സ്റ്റാര്‍ട്ടപ്പ് മാത്രമേ യുപിയില്‍ ഉണ്ടായിരുന്നുള്ളൂ. യോഗി യുഗത്തില്‍ 3046 സ്റ്റാര്‍ട്ടപ്പുകള്‍ വന്നു. യുപിയില്‍ 75 ജില്ലകളിലും ഇത്തരം സംരംഭങ്ങള്‍ വന്നു. 10000 പേര്‍ക്ക് നേരിട്ടും 12000 പേര്‍ക്ക് പരോക്ഷമായും ജോലി കിട്ടി. ഐടി രംഗത്ത് നോയിഡ പ്രധാന കേന്ദ്രമാവുകയാണ്. 30 പ്രമുഖ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു. 20,000 കോടിയുടെ നിക്ഷേപം വന്നു. മൈക്രോ സോഫ്റ്റിന് നോയിഡ ഡവലപ്പ്മെന്റ് അതോറിറ്റി നല്‍കിയത് 60,000 ഏക്കര്‍ സൗകര്യമാണ്. കമ്പനി 1800 കോടി രൂപ നിക്ഷേപിച്ചു. 3500 പേര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ ജോലി നല്കികഴിഞ്ഞു. ഈസ് ഓഫ് ഡുയിംങ്ങ് ബിസ്നസ് സംസ്ഥാനങ്ങളില്‍ യുപിയുടെ സ്ഥാനം ഇന്ന് രണ്ടാമതാണ്. നേരത്തെ പന്ത്രണ്ടാമതായിയിരുന്നു. ആന്ധ്രാപ്രദേശ് മാത്രമാണ് മുന്നില്‍ ഉള്ളത്.
യുപിയുടെ വ്യവസായ വളര്‍ച്ച കൃത്യമായി അറിയാന്‍ ജിഎസ്ഡിപിയില്‍ വന്ന വലിയ വളര്‍ച്ചയാണ് കാണേണ്ടത്. 2021 ല്‍ 19.48 ലക്ഷം കോടിയിലേക്കാണ് ഉയര്‍ന്നത്. ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട് എന്നിവയെ പിറകിലാക്കി രണ്ടാം സ്ഥാനം നേടിയത് മഹാമാരിയുടെ കാലത്തു കൂടിയാണെന്ന് ഓര്‍ക്കുക. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയില്‍ 6.65 ലക്ഷം നിയമനങ്ങള്‍ യുപി സര്‍ക്കാര്‍ നടത്തി. അതില്‍ 1.43 ലക്ഷം പോലീസിലാണ്. ഒരു ബന്ധു നിയമന, പിന്‍വാതില്‍ നിയമന ആക്ഷേപവും വന്നിട്ടില്ല. ഇനിയും ഒരുപാടു പറയാനുണ്ട്. ഒരു കാര്യം എല്ലാവര്ക്കും പിടികിട്ടിയിട്ടുണ്ടാവും, യോഗിയുടെ വിജയ രഹസ്യം എന്താണെന്ന്. പഴയ രാഷ്ട്രീയക്കാരെ പോലെ കുടുംബഭക്തിയില്ല. പകരം രാഷ്ട്ര ഭക്തിയാണ്. എങ്ങനെയുണ്ട് സന്ന്യാസിയുടെ ഭരണം? കൊഞ്ഞനം കാട്ടിയവരോടൊന്നും പടച്ചോന് പൊറുക്കില്ല എന്ന് മാത്രമാണ് പറയാനുള്ളത്. യുപി രാഷ്ട്രീയക്കാരുടെ ഇടയില്‍ ഒരു അന്ധവിശ്വാസമുണ്ട് നോയിഡ സന്ദര്‍ശിച്ചവര്‍ യുപി വാഴില്ല. മോദിയും യോഗിയും ഒന്നല്ല, പലതവണ നോയിഡ സന്ദര്‍ശിച്ച് ആ അന്ധവിശ്വാസം കുഴിച്ചുമൂടി. ഈ കുറിപ്പെഴുതുന്ന ഞാന്‍ ഗുജറാത്തു കണ്ടു പഠിക്കണം എന്ന് പറഞ്ഞതിന് ക്രൂശിക്കപ്പെട്ട ഒരാളാണ്. ഇന്ന് ഉറക്കെ പറയട്ടെ, കേരളം യുപിയെ കണ്ട് പഠിക്കണം. പിണറായി യോഗിയെ കണ്ട് പഠിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: