ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരി പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണം വ്യാജമാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന. ഈ കിംവദന്തിയെ തുടര്‍ന്നാണ് ജഹാംഗീര്‍പുരിയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ വ്യാജ ആരോപണം പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഹനുമാന് ജയന്തിയോടനുബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ശോഭായാത്ര ജഹാംഗീര്‍പുരിയില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. ജഹാംഗീര്‍പുരി പള്ളിയില്‍ ശോഭായാത്രയില്‍ പങ്കെടുത്തവര്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന വ്യാജവാര്‍ത്ത പരന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് വര്‍ഗ്ഗീയ കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
‘ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സമൂഹമാധ്യമങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. വ്യാജവാര്‍ത്തകള്‍ പരത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും’- രാകേഷ് അസ്താന പറഞ്ഞു.
ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ എട്ടുപേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: