തൃശ്ശൂര്‍: വേനല്‍ മഴയിലും കാറ്റിലും ജില്ലയില്‍ 16.86 കോടി രൂപയുടെ നഷ്ടമെന്ന് കൃഷി വകുപ്പ് റിപ്പോര്‍ട്ട്. ജില്ലയിലെ 4,075 കര്‍ഷകരെയാണ് മഴ കണ്ണീരിലാക്കിയത്. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് നെല്‍കൃഷിക്കാണ്. മൊത്തം 970 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1,649 കര്‍ഷകരെ ബാധിച്ചു. 14 കോടി രൂപയാണ് നഷ്ടം.
വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, കപ്പ, പച്ചക്കറികള്‍ എന്നീ വിളകളും നശിച്ചിട്ടുണ്ട്. 41 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. 1,512 കര്‍ഷകരെ ബാധിച്ചു. രണ്ട് കോടി രൂപയാണ് നഷ്ടം. അഞ്ച് ഹെക്ടറുകളിലായി കായ്ഫലമുള്ള 486 തെങ്ങുകള്‍ കാറ്റില്‍ മറിഞ്ഞ് വീണു. 304 കര്‍ഷകരെയാണ് ബാധിച്ചത്. നഷ്ടം 24 ലക്ഷം രൂപ. മഴയിലും കാറ്റിലും 1,274 കായ്ഫലമുള്ള ജാതി നശിച്ചു. 176 കര്‍ഷകര്‍ക്ക് 44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിവിധ സ്ഥലങ്ങളിലായി 150 അടയ്ക്കാമരം ഒടിഞ്ഞു. 32 കര്‍ഷകര്‍ക്ക് 38,000 രൂപ നഷ്ടമായി. 45 കര്‍ഷകരുടെ 430 കുരുമുളക് തൈകള്‍ നശിച്ചു. മൂന്ന് ലക്ഷം രൂപയാണ് നഷ്ടം. 13 ഹെക്ടറിലെ കപ്പ നശിച്ചു. 43 കര്‍ഷകരെ ബാധിച്ചു. നഷ്ടം 1,69,000 രൂപ. 34 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. 314 കര്‍ഷകരുടെ വിവിധ വിളകളാണ് നശിച്ചത്. 13 ലക്ഷം രൂപയാണ് നഷ്ടം.
വേനല്‍ മഴയില്‍ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ ഏക്കര്‍ക്കണക്കിന് പാടങ്ങളിലെ കൊയ്യാറായ നെല്‍ച്ചെടികള്‍ ഒടിഞ്ഞു വീണിരിക്കുകയാണ്. അന്തിക്കാട്, ചാഴൂര്‍, ഇരിങ്ങാലക്കുട, മുരിയാട്, ചേര്‍പ്പ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. കൊയ്തെടുക്കാറായ നെല്ല് മഴയില്‍ നശിച്ചത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമായി. ചിലയിടത്തു നെല്ല് മുളച്ചു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. വീണ് കിടക്കുന്ന നെല്‍ച്ചെടികള്‍ യന്ത്രം ഉപയോഗിച്ചു കൊയ്യാനാവുന്നില്ല. വെള്ളം കെട്ടി നില്ക്കുന്നതിനാല് യന്ത്രം പാടത്ത് ഇറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
നവംബര്‍ ആദ്യവാരം ശക്തമായ മഴ പെയ്തതിനാല്‍ കൃഷിയിറക്കാന്‍ വൈകിയിരുന്നു. ഇതിനാലാണ് മാര്‍ച്ചില്‍ കൊയ്യേണ്ടത് ഏപ്രിലിലേക്കു നീണ്ടത്. മഴ മാറിയ സമയത്ത് കൊയ്ത്തിനിറങ്ങിയ പാടങ്ങളില്‍ യന്ത്രം താഴുന്നതും പ്രശ്നമായി. നെല്‍ക്കൃഷി കൊയ്തെടുക്കാനോ, ഉപേക്ഷിക്കാനോ കഴിയാത്ത നിലയിലാണ് ഇപ്പോഴെന്ന് കര്‍ഷകര്‍ പറയുന്നു. 5 ദിവസമെങ്കിലും മഴ മാറി നല്ല വെയില് ലഭിച്ചാല്‍ മാത്രമേ മിക്ക പാടങ്ങളിലും യന്ത്രത്തില്‍ കൊയ്ത്ത് പുനരാരംഭിക്കാനാകൂ. നെല്‍ച്ചെടികള്‍ വെള്ളത്തില്‍ വീണ് കിടക്കുകയാണ്. വെയില് വന്ന് വെള്ളം വറ്റിയാല്‍ കൊയ്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: