മറയൂര്‍: കാട്ടാനയും കാട്ടുപോത്തും മറ്റ് വന്യമൃഗങ്ങള്‍ക്ക് പുറമേ മയിലിന്റെയും ശല്യം രൂക്ഷമാകുന്നു. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ പെരുമല, കുളിച്ചിവയല്‍, പുത്തൂര്‍, ഗുഹനാഥപുരം, കീഴാന്തൂര്‍, മാശിവയല്‍ മേഖലയിലാണ് പച്ചക്കറി പഴവര്‍ഗ്ഗ കൃഷികളെ വ്യാപകമായി മയിലുകള്‍ നശിപ്പിക്കുന്നത്.
പച്ചക്കറി വിത്തുകള്‍ മുളച്ച് വരുമ്പോള്‍ തന്നെ കുരുന്നുകള്‍ കൊത്തി തിന്ന് നശിപ്പിക്കുന്നത് പതിവായി. പഴങ്ങള്‍ വിളവ് എത്തുംമുമ്പേ കൊത്തി തിന്നുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമാണ് ഏര്‍പ്പെടുത്തുന്നത്. ഇപ്പോള്‍ കാന്തല്ലൂര്‍ മേഖലയില്‍ പ്ലംസ്, ഫാഷന്‍ ഫ്രൂട്ട്, പിച്ചീസ്, സ്ട്രോബറി പഴങ്ങളുടെ സീസണാണ് ഈ പഴങ്ങള്‍ എല്ലാം മയിലുകള്‍ അകത്താക്കുന്നതാണ് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നത്.
മറ്റു വന്യമൃഗങ്ങളെ ഒരു പരിധിവരെ സുരക്ഷാ സംവിധാനങ്ങളിലൂടെ തടയാന്‍ കഴിയും എങ്കിലും മയിലുകള്‍ പറന്നു കൃഷിത്തോട്ടത്തില്‍ ഇറങ്ങുന്നതിനാല്‍ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി കണ്ടു നില്ക്കുന്ന അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
കഴിഞ്ഞ ഒരു മാസമായി കാട്ടാനക്കൂട്ടം പ്രദേശത്ത് കാട്ടാനക്കൂട്ടം രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ എത്തി കൃഷി നാശം വരുത്തുന്നു. വനംവകുപ്പില്‍ ആനകളെ കൃഷിത്തോട്ടത്തില്‍ ഇറങ്ങാതെ നിരീക്ഷിക്കാന്‍ വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും കാണുന്നില്ല. വെട്ടുകാട് കീഴാന്തൂര്‍ ശിവന്‍പന്തി മേഖലയിലാണ് ഇപ്പോള്‍ കാട്ടാനകള്‍ കയറിയിറങ്ങി കൃഷി ദേഹണ്ടങ്ങള്‍ നശിപ്പിച്ചു വരുന്നത്.
വര്‍ഷം തോറും കാടാറുമാസം വീട് ആറുമാസം പോലെ കാട്ടാനകള്‍ വനവാസം കഴിഞ്ഞ് മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളില്‍ കൃഷിത്തോട്ടത്തില്‍ തമ്പടിച്ച് കൃഷികള്‍ നശിപ്പിച്ചു വരുന്നത്. വനാതിര്‍ത്തിയില്‍ ഒട്ടേറെ പദ്ധതികള്‍ വനംവകുപ്പ് നടപ്പാക്കി വരുന്നുണ്ടെങ്കിലും നിരന്തരമായ സുരക്ഷാസംവിധാനം ഇല്ലാത്തതാണ് കാട്ടാനകള്‍ വനം വിട്ട് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: