തുടരെ തുടരെയുള്ള അതിശീഘ്ര ബൗളിങ്ങിലൂടെ പാക് ജനാധിപത്യത്തിന്റെ സ്റ്റമ്പ് തകര്‍ക്കാന്‍ നോക്കി വിയര്‍ത്തൊലിക്കുകയായിരുന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്ഖാന്. പാക്ക് പ്രതിപക്ഷത്തിന്റെ പ്രതിരോധ നിരയാണെങ്കില്‍ അപ്രതീക്ഷിത പ്രത്യാക്രമണ തന്ത്രങ്ങള്‍ പയറ്റി ഇമ്രാന്റെ നടുവൊടിക്കുന്നതിന് 2020മുതല്‍ തന്നെ പോരാട്ടം ആരംഭിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് പാക്ക് ദേശീയ അസംബ്ലിയുടെ അംഗസംഖ്യ കുറയ്ക്കുക; തെരഞ്ഞെടുപ്പു രീതികള്‍ പരിഷ്കരിച്ച് കൃത്രിമങ്ങള്‍ക്ക് സാദ്ധ്യത വര്‍ദ്ധിപ്പിച്ച് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ഭരണഘടന തന്നെ മാറ്റിയെഴുതുക; പാര്‍ലമെന്ററി സമ്പ്രദായം അവസാനിപ്പിച്ച് പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനം പുനഃസൃഷ്ഠിക്കുക; സ്വയം പ്രസിഡന്റായി ഏകാധിപതിയാകുക; അതൊക്കെയായിരുന്നു ഇമ്രാന്റെ ഉള്ളിലിരുപ്പെന്ന ധാരണയിലാണ് രണ്ടു വര്‍ഷത്തിലേറെ പരിശ്രമിച്ച് പ്രതിപക്ഷം പാക്കിസ്ഥാനില്‍ ഏകാധിപതിയാകാനുള്ള ഒരു പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ തച്ചുടച്ചത്.
പാക്കിസ്ഥാനില്‍ ഇമ്രാന്റെ പക്ഷമോ ബിലാരി ഭുട്ടോയുടെ പക്ഷമോ നവാസ് ഷെരീഫിന്റെ പക്ഷമോ അവരുടെയിടയിലെ അവസരവാദ സഖ്യങ്ങളുടെ പക്ഷമോ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നത് ലോകത്തിന് പൊതുവെയോ ഭാരതത്തിന് വിശേഷിച്ചോ വലിയ താത്പര്യം ഉണ്ടാകേണ്ട വിഷയമേയല്ല. കാരണം, അവരെല്ലാം ജിഹാദി ഇസ്ലാം വളര്‍ത്തുന്ന അന്താരാഷ്ട്ര തീവ്രവാദത്തിന്റെ ഈറ്റില്ലമായും പ്രഭവകേന്ദ്രമായും പാക്കിസ്ഥാനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഒരു നകാരാത്മക രാഷ്ട്രീയആവാസ വ്യവസ്ഥയുടെ ചാലകശക്തികളാണ്. അതുകൊണ്ട് ലോക ജനാധിപത്യത്തിന് ആനുകാലിക പാക്ക് രാഷ്ട്രീയ പ്രതിസന്ധിയോട് കാത്തിരുന്നു കാണാമെന്ന ഒരു സമീപനമാകാം. പക്ഷേ, അങ്ങനെയൊരു ഘട്ടത്തിലും, എന്തിന്റെ പേരിലാണെങ്കിലും ആരുടെ പിന്‍ബലത്തിലാണെങ്കിലും പാക്ക് സുപ്രീംകോടതി നടത്തിയ തെറ്റുതിരുത്തല്‍ ഇടപെടല്‍ ശക്തമായിരുന്നുയെന്നതും ശ്രദ്ധേയമായിരുന്നുയെന്നതും അവഗണിക്കാനാവില്ല.
പാക്ക് ഏകാധിപതിയാകാന്‍ തുനിഞ്ഞിറങ്ങിയ ഇമ്രാന് ഖാനെ വരിഞ്ഞുമുറുക്കുവാന്‍ കഴിഞ്ഞ പാക്ക് നീതിപീഠവുമായി, 1975ല്‍ ഏകാധിപത്യ മോഹവുമായി ഇന്‍ഡ്യന്‍ ജനാധിപത്യത്തെ കാല്ക്കീഴില് ചവിട്ടിമെതിക്കുവാന് ഇന്ദിര കടന്നാക്രമണം നടത്തിയപ്പോള്‍ ചെറുവിരല്‍ പോലും അനക്കാതിരുന്ന ഇന്‍ഡ്യന്‍ നീതി പീഠത്തെ താരതമ്യം ചെയ്യേണ്ടതുണ്ട്. ഇമ്രാനിന്ന് പയറ്റിയത് അതിശീഘ്ര ബൗളിങ്ങായിരുന്നെങ്കില്‍, ഇന്ദിരയന്ന് പയറ്റിയത് അതിശീഘ്ര ബൗളിങ്ങിനുപരി ബോഡി ലൈന്‍ ബൗളിങ്ങായിയുന്നു. സ്റ്റംപിനെക്കാളധികം ബാറ്റു ചെയ്യാനിറങ്ങിയവരുടെ ശരീരം ലക്ഷ്യമാക്കി എറിഞ്ഞ അതിശീഘ്ര ബോളുകള്‍! ഒരോവറിലും അനുവദനീയമായ ബൗണ്‍സറുകളുടെ എണ്ണം നിയന്ത്രിക്കുന്ന ക്രിക്കറ്റ് കളിനിയമ ഭേദഗതി വരുന്നതിനു മുമ്പ് ഓരോ ഓവറിലെയും സകല ബോളുകളും ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെ പായിച്ചിരുന്ന ക്രിക്കറ്റിലെ കൊടും ക്രൂരതയുടെ വെസ്റ്റീന്‍ഡീസ് രണതന്ത്രമായിരുന്നു ഇന്ദിരയുടേത്. അടിയന്തിരാവസ്ഥയിലൂടെ ജനാധിപത്യത്തിന്റ ശരീരം മുറിച്ചൊഴുക്കിയ ചോരയില്‍ മുക്കിയ സ്വന്തം കൈപ്പത്തികൊണ്ട് ഇന്ദിര ഇന്‍ഡ്യന്‍ ചരിത്രത്തില്‍ വികൃത വിജയവും വികലവരകളും വരച്ചുവെങ്കില്‍ എല്ലും പല്ലുമില്ലാത്ത പാക്ക് ജനാധിപത്യത്തെ പോലും എറിഞ്ഞുടയ്ക്കുന്നതില് ഇമ്രാന് ഖാനെ പാക്ക് സുപ്രീം കോടതി എങ്ങനെ പിടിച്ചു മാറ്റിയെന്നത് പഠനാര്‍ഹമായ വിഷയമല്ലേ? കാലവും കളിനിയമങ്ങളും മാറിയതുകൊണ്ടാണോ? എറിയുന്ന ബോളുകളില്‍, കണ്ടുപിടിക്കപ്പെടാത്ത കൃത്രിമങ്ങള്‍ കാട്ടുന്നതിന് ഇന്ദിരയ്ക്ക് മികവേറിയിരുന്നതുകൊണ്ടാണോ; പോരാട്ടം മുന്‍കൂട്ടികണ്ട് ഇന്ദിര തന്നോട് പ്രതിബദ്ധതയുള്ള അമ്പയര്‍മാരെ കളിനിയന്ത്രിക്കാന്‍ കണ്ടെത്തി നിയോഗിച്ചിരുന്നതുകൊണ്ടാണോ? അതോ ബാഹ്യ ഇടപെലുകള്കൊണ്ടോ സ്വന്തം മികവുകൊണ്ടോ പട്ടാളവുമായുള്ള പിന്നാമ്പുറ ധാരണകള്‍ കൊണ്ടോ പാക്ക് നിയമസംവിധാനം പതിവില്ലാത്ത കരുത്ത് പുറത്തെടുത്തൂയെന്നെയുള്ളോ? എന്തായാലും ഒരു താരതമ്യ പഠനം സ്വാഭാവികമായും കൗതുകകരമാകും. ആ പഠനം ലോകത്തെവിടെയാണെങ്കിലും ജനാധിപത്യത്തിന്റെ ഭാവി പിഴവുകളൊഴിവാക്കി കൂടുതല്‍ സക്രിയവും സകാരാത്മകവുമാക്കുവാന് വഴിയൊരുക്കുകയും ചെയ്യും.
1971ലെ പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് എതിര് സ്ഥാനാര്‍ത്ഥി രാജ്നാരായണന് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും വീണ്ടും മത്സരിക്കുന്നതില്‍ നിന്ന് അവരെ ആറുവര്‍ഷത്തേക്ക് അയോഗ്യയാക്കിയതുമായിരുന്നു ഭാരതത്തില്‍ 1975ല്‍ ഉയര്‍ന്നു വന്ന സാഹചര്യം. ഇന്ദിര പ്രധാനമന്ത്രിപദം രാജിവെച്ചു പുറത്തുപോകുകയായിരുന്നു ജനാധിപത്യ രാഷ്ട്രീയ മര്യാദ. തത്കാലം രാജിവെക്കുക, സര്‍ദാര്‍ സ്വരണ്‍ സിങ്ങിനെ താത്കാലിക പ്രധാനമന്ത്രിയാക്കുക, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി വിജയിച്ച് തിരിച്ച് താന്‍തന്നെ പ്രധാനമന്ത്രിയാകുക; ഭാരതത്തിനോ ലോകത്തിനോ കുറ്റപ്പെടുത്താനിടം വിടാത്ത അത്തരം ഒരു നടപടിക്രമത്തിലേക്ക് ഇന്ദിര നീങ്ങുമെന്നായിരുന്നു അന്ന് പ്രചരിച്ച വാര്‍ത്ത. പക്ഷേ അന്നത്തെ കോണ്‍ഗ്രസ്സിനുള്ളിലെ ‘യംഗ്ടര്ക്കായിരുന്ന’ ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ അമ്പതോളം ലോകസഭാംഗങ്ങളുടെ കൂട്ടായ്മ സര്‍ദാര്‍ സ്വരണ്സിങ്ങിനെയല്ല, ജഗജീവന്‍ റാമിനെയാണ് ഇന്ദിര രാജിവെച്ച് പ്രധാനമന്ത്രിയാക്കേണ്ടതെന്ന ആവശ്യം ഉന്നയിച്ചുയെന്നതായിരുന്നു മറ്റൊരുവാര്‍ത്ത.
ജഗജീവന്‍ റാം ഇന്ദിരെയെക്കാള് കഴിവുതെളിയിച്ച നേതാവായിരുന്നു. ഡോ. ഭീം റാവ് റാംജി അംബേദ്കറെ എതിര്‍ക്കാന്‍ ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ 1920കള്‍ മുതല്‍ അടിസ്ഥാനവര്‍ഗത്തില്‍ നിന്ന് വളരാനനുവദിച്ച ജനനേതാവ്; ഇന്‍ഡ്യന്‍ ക്രാബിനറ്റില് തൊഴില്‍, കൃഷി, റെയില്‍വേ, ട്രാന്‍സ്പോര്‍ട്ട്, കമ്യൂണിക്കേഷന്‍, പ്രതിരോധം ഉള്‍പ്പടെ വകുപ്പുകള്‍ പലതും കൈകാര്യം ചെയ്ത പ്രഗത്ഭനായിരുന്ന ഭരണാധികാരി: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് പദവി വരെയെത്തിയ കരുത്തനായ രാഷ്ട്രീയ നേതാവ്; ബംഗ്ലാദേശ് വിമോചനയുദ്ധത്തിലെ ഭാരതവിജയത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ചാലകശക്തിയായിരുന്ന പ്രതിരോധ മന്ത്രി! അങ്ങനെയുള്ള ജഗജീവന്‍ റാം പ്രധാനമന്ത്രിയായാല്‍ പിന്നീട് തനിക്കൊരു തിരിച്ചുവരവ് സാദ്ധ്യമാകില്ലായെന്ന് ഇന്ദിര ഭയപ്പെട്ടു. അങ്ങനെ സംഭവിച്ചാല്‍ അപ്പീലുമായി സുപ്രീം കോടതിയിലെത്തി അവിടെ സ്വാധീനം ചെലുത്തി വിധി അനുകൂലമാക്കുന്നത് എളുപ്പമാകില്ലായെന്നും ഇന്ദിര ഭയപ്പെട്ടു. കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ തന്നോടൊപ്പം നില്ക്കുന്നവര് ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരും. ഇന്ദിര നടത്തിയ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ലോക്നായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന സമ്പൂര്‍ണ്ണ വിപ്ലവത്തിനു വേണ്ടിയുള്ള ജനകീയ സമരം ഭാരതമാകെ പടര്‍ന്നു പിടിക്കുകയുമായിരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്താല്‍ ഒരിക്കല്‍ പ്രധാനമന്ത്രിപദം ജഗജീവന്‍ റാമിനു കൈ മാറിയാല്‍ അത് തിരിച്ചുപിടിക്കാനുള്ള അവസരം ലഭിക്കണമെന്നില്ലെന്ന് ഇന്ദിര തിരിച്ചറിഞ്ഞു.
അത്തരം പേടിപ്പെടുത്തുന്ന കണക്കുകൂട്ടലുകള്‍ക്ക് പിന്നാലെ, പ്രതിരോധത്തിനു പകരം പ്രത്യാക്രമണത്തിന്റെ വഴിയിലേക്ക് ഇന്ദിര ചുവടുമാറ്റി. സോവിയറ്റ് സ്വാധീനത്തില്‍ ഭാരതത്തിലും ഉണ്ടാക്കിയെടുത്ത ഭരണകൂടത്തോടു പ്രതിബദ്ധതയുള്ള നീതിന്യായസംവിധാനം (കമ്മിറ്റഡ് ജുഡീഷ്യറി) എന്ന ലക്ഷ്യം നിറവേറ്റാനുതകും വിധം സുപ്രീം കോടതിയില്‍ നേരത്തെ കുടിയിരുത്തിയിരുന്ന ജസ്റ്റീസ് കൃഷ്ണയ്യരുടെ വീട്ടിലേക്ക് വക്കീല്‍ പടയെ അയച്ചു (അദ്ദേഹമായിരുന്നു വെക്കേഷന് ജഡ്ജ്). പിന്നെയെല്ലാം ആഗ്രഹിച്ചതുപോലെ നടന്നു. അലഹബാദ് ഹൈക്കോടതിയുടെ നീതിയുക്തമായ വിധി ജസ്റ്റീസ് കൃഷ്ണയ്യര്‍ സ്റ്റേ ചെയ്തു; ഇന്ദിര ഒരു ഘട്ടത്തില്‍ നഷ്ടപ്പെടുമെന്നുറപ്പായ പ്രധാനമന്ത്രി കസേരയില്‍ വീണ്ടും ഇരിപ്പുറപ്പിച്ചു; ഇന്ദിരയുടെ വിനീതവിധേയനായിയുന്ന അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെക്കൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; പ്രതിപക്ഷ നേതാക്കളെ കല്‍ത്തുറുങ്കിലടച്ചു; ഭരണഘടന ഭേദഗതിചെയ്തു; സുപ്രീം കോടതിയെ വരുതിക്കു നിര്‍ത്തി ഇന്ദിരയ്ക്ക് വേണ്ട വിധികളെഴുതിച്ചെടുത്തു. ലോകസഭയുടെ കാലാവധി നീട്ടി. മാധ്യമങ്ങളെ മുട്ടിലിഴയിച്ചു. ഇതിനെല്ലാം പിന്തുണയുമായി സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഇന്ദിരയ്ക്കൊപ്പം നിന്നു.
ഇന്ദിരയുടെ വഴി തന്നെയല്ലേ ഇമ്രാനും ശ്രമിച്ചുനോക്കിയത്? ഇന്ദിരയുടെ കസേരതെറിപ്പിക്കുമായിരുന്ന വിധിയെഴുതിയത് അലഹബാദ് ഹൈക്കോടതി ആയിരുന്നെങ്കില്‍ ഇമ്രാന്റെ പടിയിറക്കത്തിന്റെ വഴിയൊരുക്കിയത് പാക്ക് നാഷണല്‍ അസംബ്ലി. അവിടെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഭരണപക്ഷത്തു നിന്ന് കൂട്ടുകക്ഷികളെ കൂടാതെ സ്വന്തം പാര്‍ട്ടിയിലേ ഇരുപത്തിനാലു പേരും കൂടി ഇമ്രാനെ എതിര്ക്കുമെന്നായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുമെന്നുറപ്പായി. വിദേശയിടപെടല്‍ (അമേരിക്കയുടെ?) എന്നും പറഞ്ഞ് സ്വന്തം ആജ്ഞാനുവര്‍ത്തികളായ സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും ഉപയോഗിച്ചു പ്രമേയം പരിഗണിക്കെണ്ടായെന്നും വോട്ടിനിടെണ്ടായെന്നും തീരുമാനമെടുപ്പിച്ചു. ഇമ്രാന്റെ വിനീത വിധേയനായ പാക്ക് പ്രസിഡന്റിനെക്കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ ദേശീയ അസംബ്ളിയും പിരിപ്പിച്ചുവിട്ടു. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്ന അസംബ്ലിയിലേക്കോ പ്രസിഡന്റിന്റെയടുത്തേക്കോ പോകാതെ സ്വന്തം കാര്യാലയത്തിലിരുന്നുകൊണ്ട് പതിനഞ്ചു മിനിട്ടുകളില്‍ ഇതൊക്കെ ചെയ്തിട്ട് ടെലിവിഷനിലൂടെ വിജയവാര്‍ത്ത പങ്കിടുകയാണ് ഇമ്രാന് ഖാന് ചെയ്തത്. പക്ഷേ പാക്ക് കോടതി അവസരത്തിനൊത്തുയര്‍ന്നു. ഇമ്രാന് പടിയിറങ്ങേണ്ടതായി വന്നു. 1975ല്‍ മറ്റൊരു തരത്തില്‍ ഭാരതജനാധിപത്യത്തെയും ഭരണഘടനെയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച ഇന്ദിരയോട് അരുതെന്ന് പറയാന്‍ പോലും നട്ടെല്ലുള്ള ഒരു ജുഡീഷ്യറി ഇവിടെ ഇല്ലാതായിപ്പോയിയെന്നത് ലജ്ജാകരമായ ചരിത്ര സത്യമായി ബാക്കിനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: