മുംബൈ: ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ വിടില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനിയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അനധികൃതമായി കൂട്ടം കൂടി എന്ന കുറ്റത്തിനാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 188, 37(3) എന്നീ വകുപ്പുകളും മഹാരാഷ്ട്ര പൊലീസ് നിയമത്തിലെ 135ാം വകുപ്പും ചേര്‍ത്താണ് കേസെടുത്തത്.
മഹാരാഷ്ട്രയിലെ മംബ്രയില്‍ ചേര്‍ന്ന യോഗത്തില്‍ പള്ളികളിലെ ലൗഡ് സ്പീക്കര്‍ തൊട്ടാല്‍ വിടില്ലെന്ന് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനി ഭീഷണി മുഴക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ മംബ്ര പ്രസിഡന്റാണ് അബ്ദുള്‍ മട്ടീന്‍ ഷെയ്ഖാനി. നേരത്തെ മെയ് മൂന്നിനകം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് രാജ് താക്കറെ മഹാരാഷ്ട്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാനാണ് അനധികൃതമായി മംബ്രയില്‍ പോപ്പുലര്‍ ഫ്രണ്ട് യോഗം ചേര്‍ന്നത്.
‘ചിലര്‍ സമാധാനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ചിലര്‍ക്ക് വാങ്കുവിളി സംബന്ധിച്ചാണ് പ്രശ്നമെങ്കില്‍ വേറെ ചിലര്‍ക്ക് മദ്രസകളും പള്ളികളുമാണ് പ്രശ്നം. പോപ്പുലര്‍ ഫ്രണ്ടിന് സമാധാനമാണ് വേണ്ടത്. പക്ഷെ ഞങ്ങളെ പ്രകോപിപ്പിക്കരുത്. പള്ളികളിലെ ലൗഡ്സ്പീക്കറുകള്‍ തൊട്ടാല്‍ പോപ്പുലര്‍ ഫ്രണ്ട് വിടില്ല’- ഇതായിരുന്നു ഷെയ്ഖാനിയുടെ പ്രകോപന പ്രസംഗം.
എന്തായാലും പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് മഹാരാഷ്ട്രയിലെ ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരദ് പവാറിന്റെ എന്‍സിപിയാണ്. ഇവര്‍ ന്യൂനപക്ഷ സമുദായത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം മഹാരാഷ്ട്രയിലെ ആഭ്യന്തരവകുപ്പിനെതിരെ ഉയരുന്നതിനാല്‍ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് പള്ളികളിലെ ലൗഡ് സ്പീക്കര്‍ പ്രശ്നം വലിയെ വെല്ലുവിളിയാകും.
മെയ് മൂന്നിനുള്ളില്‍ പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്വന്തം നിലയില്‍ സാഹചര്യം കൈകാര്യം ചെയ്യുമെന്ന് രാജ് താക്കറെ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. അതിനുള്ളില്‍ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ അത്തരം പള്ളികള്‍ക്ക് മുന്പില് ഹനുമാന് ചാലിസ ഉറക്കെ വെയ്ക്കുമെന്ന് രാജ് താക്കറെ പറഞ്ഞു.
ഇസ്ലാം ഒരിയ്ക്കലും നിയമത്തിന് അതീതമല്ലെന്നും മെയ് 3 എന്ന അന്ത്യശാസനം നീട്ടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ക്കാവശ്യം സമാധാനമാണ്. പ്രാര്‍ത്ഥിക്കുന്നതിന് ആരും എതിരല്ല. പക്ഷെ നിങ്ങള്‍ (മുസ്ലിങ്ങള്‍) ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചാല്‍ ഞങ്ങളും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കും. മുസ്ലിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം അവരുടെ മതം നിയമത്തിന് അതീതമല്ലെന്നാണ്’- രാജ് താക്കറേ പറഞ്ഞു.
മെയ് മൂന്ന് വരെ കാക്കാന്‍ അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. അതു കഴിഞ്ഞ് ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാത്ത മുസ്ലിം പള്ളികള്‍ക്ക് മുന്പില് ഉറക്കെ ഹനുമാന് ചാലിസ മുഴുവന്‍ ശബ്ദത്തിലും വെയ്ക്കണമെന്നും രാജ് താക്കറേ ആവശ്യപ്പെട്ടു.
മുസ്ലിം പള്ളികള്‍ എത്ര തവണ നമാസും വാങ്ക് വിളിയും നടത്തുന്നോ അത്രം തവണ ഹനുമാന് ചാലിസയും വെയ്ക്കണം. – രാജ് താക്കറേ പറഞ്ഞു. ഏത് പള്ളികളാണ് പൊലീസ് അനുവാദത്തോടെ മൈക്കുപയോഗിച്ച് വാങ്ക് വിളിക്കുന്നത്? ഇത് ഒരു മതപരമായ പ്രശ്നമല്ലെന്നും സാമൂഹ്യപ്രശ്നമാണെന്നും രാജ് താക്കറേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: