ശ്രീകാന്ത്
ഒറ്റച്ചിറകുകൊണ്ട് പറക്കാന്‍ ശ്രമിക്കുന്ന ഒരു പക്ഷിയുടെ സ്ഥിതിയിലാണ് ഇന്നു മനുഷ്യന്. ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തിലൂടെ ഭൗതികസുഖസൗകര്യങ്ങള്‍ വളരെ വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞുവെങ്കിലും, സ്വന്തം സുരക്ഷയെയും, ഭാവിയുടെ അനശ്ചിതത്വത്തെയും കുറിച്ച് എന്നത്തേക്കാളും ആശങ്കാകുലനാണ് ഇന്നത്തെ മനുഷ്യന്.
സങ്കല്പങ്ങള്ക്ക് അതീതമായ അത്ഭുതാകാരങ്ങള്, ആകാശം മുട്ടുന്ന കിരീടങ്ങള്‍ ധരിച്ച ഉഗ്രമൂര്‍ത്തികള്‍, പച്ചിലച്ചാര്‍ത്തുകളും കുരുത്തോലയും അണിഞ്ഞു വര്‍ണശബളമായ വട്ടമുഖവും നീണ്ട നയനങ്ങളുമുള്ള സൗമ്യദേവതാരുപങ്ങള്, ആളിക്കത്തുന്ന തീപ്പന്തങ്ങള്‍ അരക്കുചുറ്റും കെട്ടി എല്ലാം മറന്നാടുന്ന ദേവിമാര്‍, ഒറ്റതോര്ത്തുടുത്തു കനല്‍ക്കൂമ്പാരത്തിന്റെ മുകളിലേക്ക് ഓടിക്കയറി താഴേക്കിറങ്ങുന്ന വെളിച്ചപ്പാടന്മാര്, തീക്കനലില്‍ കിടന്ന് തമാശപറഞ്ഞു കനല്പ്രസാദം നല്കുന്ന ശ്രീ പൊട്ടന്‍തെയ്യം ഇവരിലെല്ലാം കൂടി പ്രകൃതി, മനുഷ്യനോട് ഇന്നൊരു ചോദ്യം ഉന്നയിക്കുന്നു: വിശ്വപൗരനായി പരിണമിച്ചുയരാന്‍ വിധിക്കപ്പെട്ട മനുഷ്യാ, നിന്റെ അപാരസാധ്യതകളെ വിസ്മരിച്ചു, ഭൗതികപരമായ സ്വാര്ഥതയില് മതിഭ്രമം വന്ന് ആത്മഹത്യാമുനമ്പിന്റെ വക്കത്തല്ലേ ഇന്നു നീ തന്നെ നിന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്?
അനേകമനേകം വര്‍ഷങ്ങളിലൂടെയാണ് മനുഷ്യന്റെ പരിണാമെങ്കിലും അത് ഭൗതികവാദം വിശ്വസിക്കുന്നതു പോലെ ലക്ഷ്യരഹിതമായ നീക്കമായിരുന്നില്ല. സാഹചര്യങ്ങളുമായി പ്രതികരിച്ച് ഇന്ദിയങ്ങള്‍ നേടിയ അറിവിലൂടെ സ്വയം അറിഞ്ഞുകൊണ്ട്, പുതിയ കഴിവുകള്‍ ആര്‍ജിച്ചുകൊണ്ട് സ്വാതന്ത്ര്യരംഗങ്ങളിലേക്കുള്ള ഉണര്‍വായിരുന്നു അത്. ഈ വികാസം ത്വരിതപ്പടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ പ്രകൃതിയിലുണ്ട്. അവയെ മനസ്സിലാക്കിയുള്ള ജീവിതയാത്ര പ്രകൃതിയില്‍ നിന്നുള്ള ഉദാത്ത മാര്‍ഗദര്‍ശനത്തിലൂടെ സഫലമായിത്തീരുന്നു. അനുഗൃഹീതമായ ഈ മാര്‍ഗദര്‍ശനം നല്കി അധ്യാത്മാവബോധത്തിലേക്കു നയിക്കുന്ന ജ്ഞാനം ഉള്‍ക്കൊള്ളുന്നു പൊട്ടന് തെയ്യം തോറ്റം പാട്ട്.
പ്രപഞ്ചവും മനുഷ്യമനസ്സും അന്ധമായ പ്രകൃതിശക്തികളില്‍ നിന്ന് യാദൃച്ഛികമായി ഉത്ഭവിച്ചവയാണെന്നാണ് ഭൗതികവാദം. ആദിയോ അന്ത്യമോ ഇല്ലാത്ത, സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയാത്ത ഊര്‍ജമാണ് എല്ലാത്തിനുമധാരമെന്ന് ആധുനിക ഊര്‍ജതന്ത്രം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കണ്ടെത്തി. ഊര്‍ജത്തെ സ്വയം പ്രവര്‍ത്തിക്കുവാനുള്ള കഴിവെന്നു നിര്‍വചിക്കാം. ആ കഴിവ് ബോധാത്മകമായതിനാലാണ് വൈവിധ്യമാര്‍ന്ന അനേകകോടി പ്രതിഭാസങ്ങളും അതേക്കുറിച്ചെല്ലാം അന്വേഷിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള മനുഷ്യനും മറ്റും ആവിര്ഭവിച്ചതെന്നതാണ് യുക്തിയുക്തമായ കാഴ്ചപ്പാട്.
‘താനേ വിളയുമാപ്പൈനാടോന് പുഞ്ച’ യെന്ന് (ഈ മഹാപ്രപഞ്ചം താനെ വിളയുന്ന ഒരു വയനാടന്‍ പുഞ്ചയാണെന്ന്) ഈ തോറ്റം പാട്ടു രചിച്ച മഹാപ്രതിഭ പറയുമ്പോള്‍, സ്റ്റീഫന്‍ ഹോക്കിങ് അദ്ദേഹത്തിന്റെ ‘അ ആൃശലള ഒശേെീൃ്യ ീള ഠശാല’ ല്‍ സൂചിപ്പിക്കുന്ന ഒരു പ്രധാന ആശയം വളരെക്കാലം മുന്‍പ് പൊട്ടന്‍തെയ്യം തോറ്റം അവതരിപ്പിച്ചുവെന്നു പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല. മാത്രമല്ല, എത്ര യുക്തിയുക്തമായാണ് പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം പ്രതിരൂപാത്മകഭാവനകളിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നത് നമ്മെ അതിശയിപ്പിക്കുന്നു. താനൊരു വെറും പൊട്ടനാണെന്നു പ്രഖ്യാപിച്ചുകൊണ്ട് വ്യക്തിതലത്തിലും സമൂഹത്തിലും നിലനില്‍ക്കുന്ന പൊട്ടത്തരം ചൂണ്ടിക്കാട്ടി ഉള്‍ക്കണ്ണു തുറപ്പിച്ചു മനുഷ്യനെ മനുഷ്യാതീതനാക്കാന് ശ്രമിക്കുന്നവനാണ് ശ്രീപൊട്ടന്തെയ്യം. ഉപരിപ്ലവമായ ഭൗതിക തലങ്ങളില്‍ നിന്നുകൊണ്ടല്ല, അഗാധമായ യോഗവേദാന്തദര്ശനങ്ങളെ വളരെ സരളമായ നാടന്പാട്ടിലൂടെ വിശദീകരിച്ചുകൊണ്ടാണ് മനുഷ്യമനസ്സിന്റെ പൊട്ടത്തരങ്ങളിലേക്കു തുളച്ചുകയറുന്ന പരിഹാസശരങ്ങളും പരിവര്‍ത്തനം വരുത്തുന്ന അഗാധജ്ഞാനവുമായി സമൂഹത്തിലേക്കിറങ്ങിവന്ന് അനുഗ്രഹം ചൊരിയുന്നത്.
കാലത്തില്‍ ഒരു ലക്ഷ്യം ലീനമല്ലെങ്കില് കാലത്തിലൂടെ ഒന്നും സംഭവിക്കുകയില്ല. ആദിയോ അന്ത്യമോ ഇല്ലാത്തതെന്ന് ആധുനികശാസ്ത്രം പറയുന്ന ഊര്‍ജം വേദാന്തദര്‍ശനത്തിലെ പരാശക്തി ഭൗതികവാദവിശ്വാസം പോലെ ഒരു അന്ധശക്തിയല്ലെന്നും, ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി സ്വരൂപിണിയാണെന്നും ശ്രീ ലളിതാസഹസ്രനാമസ്തോത്രം വെളിവാക്കുന്നു. അതാണ് ശരി. അല്ലെങ്കില്‍ ഈ കഴിവുളൊക്കെയുള്ള മനുഷ്യമനസ്സ് എവിടെനനിന്നാണ് ആവിര്‍ഭവിക്കുക?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: