വൈവിധ്യങ്ങളാല്‍ സമ്പന്നമായ, ആയിരക്കണക്കിന് ഭാഷകളും ഭക്ഷണ രീതികളും വേഷങ്ങളും നിരവധി മതങ്ങളും മതഭേദങ്ങളും ജാതിവിഭാഗങ്ങളുമെല്ലാം ചേരുന്ന മഹത്തായ രാഷ്ട്രമാണ് ഭാരതം. വത്യാസങ്ങള്‍ക്കിടയിലും നമ്മെ ചേര്‍ത്തു നിര്‍ത്തുന്ന ആ സാംസ്ക്കാരിക ഐക്യത്തെ ഊട്ടിയുറപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതി വഴി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള രണ്ടു സംസ്ഥാനങ്ങളാണ് വിവിധങ്ങളായ പരിപാടികളിലൂടെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നത്. പശ്ചിമഘട്ടത്താല്‍ സംരക്ഷിക്കപ്പെടുന്ന കേരളവും മലയാളികളും ഹിമവാന്റെ മഞ്ഞിനാല്‍ നിറഞ്ഞ ഹിമാചല്‍ പ്രദേശിനെ അടുത്തറിയുന്നത് ഇങ്ങനെയാണ്.
ഇരു സംസ്ഥാനങ്ങളിലെയും ഭാഷാ പഠനം, സംസ്ക്കാരത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയുക, പാരമ്പര്യങ്ങളെപ്പറ്റി പഠിക്കുക, സംഗീതം, വിനോദ സഞ്ചാരം, ഭക്ഷണ രീതികള്‍, കായികവിനോദങ്ങള്‍, പരിസ്ഥിതി തുടങ്ങിയ നിരവധി വിഷയങ്ങളെപ്പറ്റി പരസ്പ്പരം പഠിക്കുകയും ആഴത്തില്‍ മനസ്സിലാക്കുകയുമാണ് ഏകഭാരതം ശ്രേഷ്ഠ ഭാരതം വഴി സാധ്യമാകുന്നത്. കേരളവും ഹിമാചല്‍ പ്രദേശുമാണ് സഹോദര സംസ്ഥാനങ്ങള്‍.
സഹോദര സംസ്ഥാനത്തെ വേഷവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഫാഷന്‍ ഷോകള്‍, ദേശീയതലത്തിലുള്ള ക്വിസ് പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, ബ്ലോഗെഴുത്ത്, സഹോദര സംസ്ഥാനത്ത് എന്‍എസ്എസ്, എന്‍സിസി ക്യാമ്പുകള്‍ നടത്തല്‍, അവാര്‍ഡ് ജേതാക്കളുടെ പ്രശസ്തമായ ബുക്കുകള്‍ അതാതു ഭാഷകളിലേക്ക് മൊഴിമാറ്റുക, എഴുത്തുകാരെയും കവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സാഹിത്യോല്‍സവങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലുമായി തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി മാത്രം നടന്ന ഇത്തരം പരിപാടികളെല്ലാം കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതോടെ ഇനി ജനങ്ങള്‍ക്ക് നേരിട്ട് കാണാനുമാവും.
രാജ്യത്തിന്റെ നാനാത്വത്തിലുള്ള വൈവിധ്യങ്ങള്‍ തിരിച്ചറിയുക, ഭാരതീയര്‍ക്കിടയിലെ അതിശക്തമായ വൈകാരിക ബന്ധങ്ങളെ കൂടുതല്‍ യോജിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, കായിക മന്ത്രാലയം, യുവജനക്ഷേമ മന്ത്രാലയം, സാംസ്ക്കാരിക മന്ത്രാലയം, ടൂറിസം മന്ത്രാലയം, പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങള്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയെല്ലാം ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
സഹോദര സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനവുമായി ദീര്‍ഘകാല ബന്ധങ്ങള്‍ സജീവമാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതി ലക്ഷ്യമിടുന്നു. ഒരു സംസ്ഥാനത്തെ ബന്ധിപ്പിക്കുന്നത് രാജ്യത്തിന്റെ നേരേ എതിര്‍വശത്തുള്ള മറ്റൊരു സംസ്ഥാനവുമായാണ്. ഇത്തരത്തിലാണ് കേരളം ഹിമാചല്‍ പ്രദേശുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ സഹോദര സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. തമിഴ്നാടിനെ ജമ്മു കശ്മീരുമായും കര്‍ണ്ണാടകയെ ഉത്തരാഖണ്ഡുമായും ബന്ധിപ്പിക്കുന്നു. തെക്കേന്ത്യന്‍ സംസ്ഥാനങ്ങളെ ഹിമാലയന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതു വഴി രാജ്യത്തെ തന്നെ കൂടുതല്‍ ഐക്യപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍.
വിവിധ പരിപാടികളിലൂടെ കേരളത്തെയും ഹിമാചല്‍ പ്രദേശിനെയും കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയാണ് ലക്ഷ്യം. ഇരു സംസ്ഥാനങ്ങളുടേയും സമ്പന്നമായ സംസ്ക്കാരവും പാരമ്പര്യവും കൂടുതല്‍ പ്രകാശിപ്പിക്കാന്‍ പദ്ധതിക്ക് സാധിക്കുന്നു. ഇരുസംസ്ഥാനങ്ങളിലും വിവിധ ഇടങ്ങളില്‍ നടത്തുന്ന സെമിനാറുകളിലൂടെയും കലാപരിപാടികളിലൂടെയും പ്രദര്‍ശിനികളിലൂടെയും സാംസ്ക്കാരിക വിവിധ്യങ്ങളെ ജനങ്ങളിലെത്തിക്കാന്‍ സാധിക്കുന്നു. ഹിമാചല്‍ പ്രദേശിന്റെ തനത് കലകളും സംഗീതവും വാദ്യോപകരണങ്ങളും ഭാഷാ രീതികളുമെല്ലാം സെമിനാറുകളിലും കലാപരിപാടികളിലും കേരളീയരെ പരിചയപ്പെടുത്തും. കേരളത്തിന്റെ കലകളായ മോഹിനിയാട്ടവും കൂടിയാട്ടവും പഞ്ചവാദ്യവും ഓണാഘോഷവും പൂരങ്ങളുമെല്ലാം വിശദമായി തന്നെ ഹിമാചലുകാരെ മനസ്സിലാക്കി നല്‍കാനുള്ള വേദികള്‍ പരിപാടികളുടെ ഭാഗമായി നടക്കും. കേരളത്തിന്റെ പ്രത്യേകതയായ ചുമര് ചിത്രകല, കരളിപ്പയറ്റ്, വള്ളം കളികള്‍ എന്നിവയും ഹിമാചലിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
ഹിമാചലില്‍ വൈറലായി ദേവികയുടെ പാട്ട്
ഹിമാചല്‍ പ്രദേശിന്റെ തനതു നാടോടി ഗാനം പാടി വൈറലായ ആളാണ് തിരുവനന്തപുരം തിരുമല സ്വദേശിനിയായ പത്താം ക്ലാസുകാരി ദേവിക. രണ്ടുവര്‍ഷം മുമ്പ് ഏകഭാരതം ശ്രേഷ്ഠഭാരതം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ‘ചംപ കിതനീ ദൂര് ഹേ’ എന്ന ഹിമാചല്‍ ഗാനം പാടിയ ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂറും ദേവികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ദേവികയുടെ ശ്രുതിമധുരമായ ആലാപനം ഏകഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അന്തസത്തയെ ശക്തിപ്പെടുത്തുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ മലയാളത്തിലുള്ള ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: