ശ്രീനഗര്‍: ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകള്‍ക്കും, ഹിന്ദുക്കള്‍ക്കുമെതിരെ വീണ്ടും ഭീഷണിയുമായി ഭീകര സംഘടനയായ ലഷ്കര്‍ ഇ ഇസ്ലാം. ഇരു വിഭാഗങ്ങളും ഉടന്‍ താഴ്വര വിടണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഭീകര സംഘടന പ്രദേശവാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. ബരാമുള്ളയിലെയും, ഹവാലിലെയും പുന:രധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാണ് കത്ത് ലഭിച്ചത്.
ഒന്നുകില്‍ ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കില്‍ താഴ്വര വിട്ട് പോകണമെന്നാണ് ഭീഷണി. ഭീഷണി വകവയ്ക്കാതെ ഇവിടെ തുടര്‍ന്നാല്‍ കുടുംബത്തോടെ ചുട്ടുകരിക്കുമെന്നും കത്തില്‍ പറയുന്നു. കശ്മീര്‍ വിട്ട് പോകാനായി നിങ്ങളെ നിര്‍ബന്ധിക്കുകയല്ല. കശ്മീര്‍ മുസ്ലീങ്ങളുടെ മണ്ണാണ്. ഇസ്ലാം മതം സ്വീകരിക്കുന്നവര്‍ക്ക് അള്ളാഹുവിന്റെ ഈ മണ്ണില്‍ ജീവിക്കാം. ഹിന്ദുക്കള്‍ക്ക് ഇവിടെ താമസിക്കാനുള്ള യോഗ്യതയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇസ്ലാം മതം സ്വീകരിക്കാതെ കശ്മീരില്‍ ജീവിക്കാമെന്ന് കരുതുന്നവര്‍ക്ക് 1990 ലെ ഗതിയാകും ഉണ്ടാകുകയെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും ഭീഷണിപ്പെടുത്തി ലഷ്കര്‍ ഇ ഇസ്ലാം രംഗത്തുവരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബരാമുള്ളയിലെ വീരവന്‍ പണ്ഡിറ്റ് കോളനിയിലെ ആളുകള്‍ക്ക് ലഘുലേഖ വിതരണം ചെയ്തിരുന്നു. വംശഹത്യചെയ്യുമെന്നാണ് ലഘുലേഖയിലെയും ഭീഷണി. അതേസമയം തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണിയില്‍ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികളും, ഇവരുടെ ബന്ധുക്കളും. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബരാമുള്ളയിലെ ബന്ധുക്കളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി ഫോണുകളാണ് ലഭിക്കുന്നത്. ആരും പരിഭ്രമിക്കേണ്ടകാര്യമില്ലെന്നും, ഭീതിയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: