മൂത്തേടത്തു കാവുകള്‍ കേരളത്തില്‍ ധാരാളമുണ്ടെങ്കിലും വൈക്കം മൂത്തേടത്തു കാവിനെ വ്യത്യസ്തമാക്കുന്നത് വിഷുനാളില്‍ നടക്കുന്ന ആഘോഷങ്ങളാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിനു തെക്ക്, ആറ് കിലോമീറ്റര്‍ അകലെയാണ് ഈ കാവുള്ളത്. വിഷുവിന് രാത്രി നടക്കുന്ന തീയ്യാട്ടിനും അരിയെറിച്ചിലിനും ശേഷം ഇവിടെ ദേവി കണ്ണകീ ഭാവം ഉള്‍ക്കൊള്ളുന്നു. തുടര്‍ന്ന് കോവലനെ തിരഞ്ഞ് മധുരയ്‌ക്ക് പോകുന്നു എന്ന സങ്കല്പത്തില്‍ ക്ഷേത്ര നട അടയ്‌ക്കും. കര്‍ക്കടകം ഒന്നിനാണ് വീണ്ടും നട തുറക്കുക.
വിഷുവിനും തലേന്നും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൊതിക്കാത്ത ഉണക്കത്തേങ്ങ ക്ഷേത്ര മുറ്റത്തുകൊണ്ടുവന്ന് കൂട്ടിയിടും. ഈ കൂമ്പാരത്തിലേക്ക് അഗ്നി പകരും. കണ്ണകി മധുരാപുരി ചുട്ടെരിച്ചതിന്റെ പുനരാവിഷ്‌കാരമാണ് ഇത്. അരിയെറിച്ചിലിന് മുമ്പ് ക്ഷേത്ര കോമരം ഉറഞ്ഞുതുള്ളി കത്തിക്കൊണ്ടിരിക്കുന്ന നാളികേരത്തില്‍ പള്ളിവാളുകൊണ്ട് കൊത്തും. ചുറ്റും നില്‍ക്കുന്ന ഭക്തര്‍ മണ്ണില്‍ കുഴിയുണ്ടാക്കി ഓല മടലുകൊണ്ട് എരിതേങ്ങ ആ കുഴിയിലേക്ക് വലിച്ചിടും. മണ്ണിട്ട് മൂടും. അത് അണഞ്ഞുകഴിയുമ്പോള്‍ വീട്ടില്‍ കൊണ്ടുപോയി ഉമ്മറക്കോലായില്‍ തൂക്കി ഇടും. ഈതിബാധകള്‍ ഒഴിഞ്ഞുപോകാന്‍ ഇത് സഹായിക്കുമെന്നാണ് വിശ്വാസം.
ദേവിയുടെ അഷ്ടഭുജകളം വരയ്‌ക്കലാണ് തുടര്‍ചടങ്ങുകളിലൊന്ന്. തീയ്യാട്ടുണ്ണി കളം മായ്ച്ച് മറ്റനുഷ്ഠാനങ്ങള്‍ ചെയ്യും. തീയ്യാട്ടുണ്ണിയും കോമരവും കൂടി ക്ഷേത്രത്തിന് വലം വച്ച് അരി മുകളിലേക്ക് എറിയും. അരിയെറിച്ചില്‍ കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ക്ഷേത്രാങ്കണം ശൂന്യമാകും. പിന്നെ, കര്‍ക്കടകം ഒന്നു വരെ ക്ഷേത്രത്തിലേക്ക് ആര്‍ക്കും പ്രവേശനവും പൂജയും ഇല്ല. അന്ന് വെളുപ്പിന് അമ്മ തിരികെയെത്തുമ്പോള്‍ ഭക്തര്‍ അമ്മയെ സ്വീകരിക്കും. അറനാഴി പായസമാണ് ഇവിടെ പ്രധാനം. അനുഷ്ഠാന കലയായ വില്‍പ്പാട്ട് ഇവിടെ പതിവുണ്ട്. കണ്ണകിയുടെ തോറ്റമാണ് പാടുക. മീനത്തിലെ മുഴുവന്‍ ദിവസവും ഭക്തര്‍ അമ്മയ്‌ക്ക് സോപാനത്തില്‍ നെല്‍പ്പറ സമര്‍പ്പിക്കും. മഹാമാരിക്ക് മുമ്പ് ദേവി ഭക്തരെ കാണാന്‍ തട്ടകം മുഴുവന്‍ ആനപ്പുറത്ത് എഴുന്നള്ളുമായിരുന്നു. ആനത്താനം, മുരിങ്ങൂര്‍, ഇണ്ടംതുരുത്തി ഇല്ലക്കാര്‍ക്കാണ് ക്ഷേത്രത്തിന്റെ ഊരാണ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: