മക്കളേ,
വിഷു എന്നുകേള്‍ക്കുമ്പോള്‍ വിഷുക്കണിയും കണിക്കൊന്നയും നിലവിളക്കുമെല്ലാമാണ് ആദ്യം മനസ്സില്‍ വരിക. നമ്മുടെ സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തിളങ്ങുന്ന പ്രതീകങ്ങളാണവ. എന്താണു വിഷുക്കണിയുടെ അര്‍ത്ഥം? ഒരാണ്ടത്തെ ജീവിതം ആരംഭിക്കുന്ന മൂഹൂര്‍ത്തമാണു വിഷു. ഒരു കാര്യം നന്നായിതുടങ്ങിയാല്‍ അതു പകുതി പൂര്‍ത്തിയാക്കുന്നതിനു തുല്യമാണെന്നു പറയാറുണ്ട്. വിഷുക്കണിയിലൂടെ പുതുവര്‍ഷത്തിനു നല്ലൊരു തുടക്കംകുറിക്കുകയാണു നാം ചെയ്യുന്നത്.
വിഷുക്കണിയില്‍ എറ്റവുംപ്രധാനം ഭഗവദ് സ്മരണയും ദര്‍ശനവുമാണ്. അങ്ങനെ ഭഗവാനെ സ്മരിച്ച് അവിടുത്തെ ദര്‍ശിച്ച് നാം പുതിയൊരു വര്‍ഷത്തിലേയ്ക്കു കാലെടുത്തുവെയ്ക്കുന്നു. ഈശ്വരസമര്‍പ്പണമാണ് ഏല്ലാ വിജയത്തിനും ആധാരം. അതിനാല്‍ ജീവിതത്തില്‍ നാം ഈശ്വരന് പ്രഥമസ്ഥാനം നല്‍കണം. ഒന്ന് എന്നെഴുതി പത്തുപൂജ്യമിട്ടാല്‍ അതിനുവലിയവിലയാണ്. എന്നാല്‍ ആ ഒന്നു മായ്ച്ചു കളഞ്ഞാലോ? മറ്റൊന്നിനും വിലയില്ല. അവയെല്ലാം വെറുംപൂജ്യങ്ങള്‍ മാത്രം. ഈശ്വരസ്മരണ കൂടാതെയുള്ള ജീവിതം വ്യര്‍ത്ഥമാണ്.
വിഷുക്കണിക്ക് നിലവിളക്ക്, നിറപറ, കണ്ണാടി, കണിക്കൊന്ന, കണിവെള്ളരി തുടങ്ങിയവ ഒരുക്കിവെയ്ക്കും. ഈശ്വരന് വാസ്തവത്തില്‍ നമ്മളില്‍ നിന്നും ഭിന്നമല്ല. അവിടുന്ന് നമ്മുടെ ആത്മാവുതന്നെയാണ്. ആത്മസ്വരൂപനായ ഈശ്വരനെ നാം സാക്ഷാത്കരിക്കണമെന്നു കണ്ണാടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ വിഷുക്കണിയിലൂടെ ജീവിതത്തിന് ആദ്ധ്യാത്മികമായൊരു അടിത്തറയിട്ടുകൊണ്ട്, ഈശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ടു നാം പുതുവര്‍ഷംആരംഭിക്കുന്നു. എങ്ങുംപുഷ്പിച്ചു നില്ക്കുന്ന കണിക്കൊന്നകള്‍ നാടിന് എന്തെന്നില്ലാത്ത സൗന്ദര്യം പകരുന്നു. പൂക്കളും പൂങ്കാവനങ്ങളും നിറഞ്ഞനമ്മുടെ നാട് എത്രമനോഹരമാണ്. പ്രകൃതി ഐശ്വര്യപൂര്‍ണ്ണമാകുമ്പോള്‍ ആ ഐശ്വര്യം നമ്മുടെജീവിതത്തിലും പ്രതിഫലിക്കും, അകത്തും പുറത്തും സന്തോഷവും സൗന്ദര്യവും നിറഞ്ഞുനില്ക്കും. വിഷുവുമായി ബന്ധപ്പെട്ടു കണിക്കൊന്നയ്ക്കുപ്രാധാന്യം വന്നതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.
കൃഷ്ണഭക്തനായ ഒരു ബ്രാഹ്മണബാലനുണ്ടായിരുന്നു. ആ ഉണ്ണി എന്നും അതിരാവിലെ എഴുന്നേറ്റ് അല്പം അകലെയുള്ള അമ്പലത്തില്‍ ചെന്നുഭഗവാനെ പൂജിക്കും. പൂക്കളും മറ്റുംകൊണ്ട് അര്‍ച്ചിക്കും. ഉണ്ണിയുടെ വീട്ടില്‍ കടുത്ത ദാരിദ്ര്യമായിരുന്നു. അവന്റെ അമ്മ രോഗം ബാധിച്ചു കിടപ്പിലായിരുന്നു. ചിലപ്പോഴൊക്കെ ഉണ്ണി തങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ചു കണ്ണനോടുപരാതി പറയും. ഒരു ദിവസം പൂജകഴിഞ്ഞു വീട്ടില്‍വന്ന ഉണ്ണി വിശപ്പും നടത്തവും കൊണ്ടു തളര്‍ന്നുകിടന്നു മയങ്ങിപ്പോയി. ഉറക്കത്തില്‍അവനൊരു സ്വപ്നംകണ്ടു. കണ്ണന് തന്റെ അരികില്‍ വന്നുനിന്നു പുഞ്ചിരിപൊഴിക്കുന്നു. ഓടക്കുഴലെടുത്തുമനോഹരമായി പാടുന്നു. പിന്നെകണ്ണന്‍ ഉണ്ണിയെതലോടി ആശ്വസിപ്പിച്ചു. അരഞ്ഞാണില്‍നിന്നു ഒരു കിങ്ങിണിയെടുത്ത് ഉണ്ണിയുടെ കൈവെള്ളയില്‍ വെച്ചുകൊടുത്ത് അപ്രത്യക്ഷനായി. ഉണ്ണി ഉണര്‍ന്നുനോക്കിയപ്പോള്‍ കണ്ണന്റെസ്വര്‍ണ്ണക്കിങ്ങിണി അരികിലിരിക്കുന്നു. അത്യുത്സാഹത്തോടെ കിങ്ങിണിയുമെടുത്ത് ഉണ്ണി അമ്മയുടെ അടുത്തേയ്ക്ക് ഓടി. കണ്ണന് വന്ന കാര്യം പറഞ്ഞു. എന്നാല്‍ അമ്മ അതുവിശ്വസിച്ചില്ല. കിങ്ങിണി മോഷ്ടിച്ചതിന് ഉണ്ണിയെ കണക്കിനു ശകാരിക്കുകയുംചെയ്തു. ദുഃഖം സഹിക്കാതെ ഉണ്ണി കിങ്ങിണിയെടുത്ത് ഒരേറുകൊടുത്തു. വീട്ടുമുറ്റത്തെ കൊന്നയുടെ ചില്ലയിലാണ് അതുചെന്നു തങ്ങിയത്. കൊന്ന പൂത്തുവിരിഞ്ഞു. കണ്ണന്റെ കിങ്ങിണിപോലുള്ള നൂറുനൂറുസ്വര്‍ണ്ണപ്പൂക്കള്‍! അതുകണ്ട് അവരുടെകണ്ണുകള്‍അത്ഭുതംകൊണ്ടുവിടര്‍ന്നു. അപ്പോള്‍ കണ്ണന്റെ അശരീരി കേള്‍ക്കുമാറായി, ‘ഇനി എല്ലാ വര്‍ഷവും ഈ ദിവസം കൊന്നയില്‍ കിങ്ങിണിപ്പൂക്കള്‍ വിരിയും. അതുകണി കാണുന്നവര്‍ക്ക് സര്‍വൈശ്വര്യങ്ങളും കൈവരും.’ അന്നുമുതല്‍ ഉണ്ണിയുടെ വീട്ടില്‍ ഐശ്വര്യം കളിയാടി. അമ്മയുടെ അസുഖവും മാറി. ഇങ്ങനെ നിര്‍മ്മലഭക്തിയില്‍നിന്നും നിഷ്കളങ്കഭാവനയില്‍നിന്നും വിരിഞ്ഞ ഒരു കഥയായിരിക്കാം ഇത്. എങ്കിലും എല്ലാ ഐശ്വര്യത്തിനും കാരണം ഈശ്വരകൃപയാണെന്ന സന്ദേശം അതുള്‍ക്കൊള്ളുന്നു.
വിഷുദിനത്തിലെ ഒരു പ്രധാനചടങ്ങാണുവിഷുക്കൈനീട്ടം. അന്നേദിവസംമുതിര്‍ന്നവര്‍കുട്ടികള്‍ക്ക് പണംകൈനീട്ടമായി നല്കുന്നു. പുതുവത്സരദിനത്തില്‍ ഐശ്വര്യം വന്നുചേര്‍ന്നാല്‍ വര്‍ഷം മുഴുവന്‍ അതു നിലനില്‍ക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ ആചാരം തലമുറകള്‍ തമ്മിലുള്ള ബന്ധത്തെയും നമ്മുടെ പാരമ്പര്യത്തെയും കൂടി എടുത്തുകാട്ടുന്നു. ഗുരുജനങ്ങളും മുതിര്‍ന്നവരും തങ്ങള്‍ആര്‍ജിച്ച നല്ല സംസ്ക്കാരവും വിദ്യയും ഇളംതലമുറകള്‍ക്കു പകര്‍ന്നു നല്‍കണം. അതുപോലെ ഇളംതലമുറ മുതിര്‍ന്നവരെ ആദരിക്കുകയും അനുസരിക്കുകയുംവേണം. എങ്കിലേ സംസ്ക്കാരം വളരുകയുള്ളൂ. ഇളംപ്രായത്തില്‍ കുട്ടികള്‍ക്കു നല്ല സംസ്കാരം പകര്‍ന്നുനല്കിയാലെ ആരോഗ്യപൂര്‍ണമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കയിയൂ.
ആധുനികകാലജീവിതത്തിന്റെ തിരക്കിനിടയ്ക്ക് മണ്ണിനോടുംപ്രകൃതിയോടും ഇണങ്ങിയ നമ്മുടെപൂര്‍വ്വിക സംസ്ക്കാരത്തെ വീണ്ടെടുക്കാന്‍ നമുക്കുള്ള ഓര്‍മ്മപ്പെടുത്തലും ആഹ്വാനവുമാണ് വിഷു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: