ഹ്യൂസ്റ്റണ്‍: കേരളാ ഹുന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച് എന്‍ എ)യുടെ ‘അമ്മക്കൈനീട്ടം’ പദ്ധതി വിഷുദിനത്തില്‍ തുടക്കമാകും. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അറുപതു കഴിഞ്ഞ 101 അമ്മമാര്‍ക്ക് മാസം ആയിരം രൂപവീതം ഒരുവര്‍ഷത്തേക്കു പെന്ഷന് മല്കുന്ന പദ്ധതിയാണിത്. കേരളത്തിലെ പതിന്നാലു ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി വിഷു ദിനത്തില്‍ കെ എച് എന്‍ എ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പെന്ഷന് വിതരണം നടക്കും. തിരുവനന്തപുരത്തു ചേങ്കോട്ടുകോണം ആശ്രമത്തില്‍ തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള അമ്മമാര്‍ക്ക് ആദ്യകൈനീട്ടം നല്കി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉത്ഘാടനം ചെയ്യും.
ആയിരത്തോളം അമ്മമാര്‍ക്ക് പെന്ഷന് നല്‍കാനാണ് ശ്രമമെന്നും രണ്ടു മാസത്തിനകം ലക്ഷ്യം നിറവേറ്റാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കെ എച് എന്‍ എ പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു.
‘അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം . കേരളത്തിലെ നിര്‍ധനരായ അമ്മമാരേ അവരുടെ ഇല്ലായ്മയില്‍ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നത് അനുഗ്രഹമായി കരുതുന്നു. പെന്ഷന് പദ്ധതിക്കുവേണ്ട മുഴുവന്‍ തുകയും സ്പോണ്‍സര്‍മാരില്‍നിന്നാണ് കണ്ടെത്തിയത്. പുണ്യ പ്രവര്‍ത്തിയായി കരുതി പങ്കാളികളാകാന്‍ ധാരാളം പേര് മുന്നോട്ടു വരുന്നുണ്ട് എന്നത് ചാരിതാര്‍ഥ്യ ജനകമാണ്. ഒരമ്മക്ക് പന്ത്രണ്ട് ആയിരം രൂപ ഒരു വര്‍ഷം എന്നത് അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ തുകയല്ലാത്തതിനാല്‍ വരും വര്‍ഷങ്ങളില്‍ വരുന്ന പുതിയ കമ്മറ്റികള്‍ക്കും ഈ പദ്ധതി തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയും’ ജി കെ പിള്ള പറഞ്ഞു.
വിശ്വസ്തരായ പഞ്ചായത്തു മെമ്പര്‍മാര്‍, സാമൂഹ്യ സംഘടനകള്‍, ക്ഷേത്രഭാരവാഹികള്‍ എന്നിവരാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് നടത്തിയത് എന്നും സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവരും അറുപതു വയസ്സിനു മുകളില്‍ ഉള്ളവരും എന്ന നിബന്ധന കര്‍ശനമായും പാലിച്ചാണ് അമ്മമാരെ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് കണ്വന്ഷന് ചെയര്മാന് രഞ്ജിത്ത് പിള്ള പറഞ്ഞു. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ബാങ്കുകള്‍ വഴിയാണ് എല്ലാമാസവും ഒന്നാം തീയതി അമ്മമാരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിക്കുക. ഈ ചരിത്ര പദ്ധതി സുതാര്യമായി ആവിഷ്കരിച്ചു നടപ്പാക്കാന്‍ ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി പണം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്തു കഴിഞ്ഞു എന്നും രഞ്ജിത്ത് പറഞ്ഞു.
പെട്ടെന്ന് ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതി ആയതു കാരണം കൂടുതല്‍ അമ്മമാരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ പേരെ ചേര്‍ക്കുമെന്ന് ‘അമ്മക്കൈനീട്ടം’ കോര്‍ഡിനേറ്റര്‍മാരായ ഗണേഷ് നായര്‍(അരിസോണ), ഗോപന് നായര്‍(ഫ്ലോറിഡ) മുരളീ കേശവന് (ഹ്യൂസ്റ്റണ്‍), മോഹന്‍ പനങ്കാവില്‍ (ഡിട്രോയിറ്റ്), സരിത (സാന്‍ അന്റോണിയോ) എന്നിവര്‍ പറഞ്ഞു.
അനില്‍ ആറന്മുള
പ്രതികരിക്കാൻ ഇവിടെ എഴുതുക: