പി. ആര്. ശിവശങ്കര്‍
ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചപ്പോള്‍ രാജ്യത്തിന്റെയും, കേരളത്തിന്റെയും മുന്നില്‍ എഴുന്നേറ്റുനിന്ന് മുടന്തുകാണിച്ച സ്ഥിതിയിലായി സിപിഎം. രാഷ്ട്രീയവും, സംഘടനാപരവും, ഭരണപരവുമായ വിഷയങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആശയങ്ങളും, അവകാശങ്ങളും, പ്രതീക്ഷകളും എല്ലാം തന്നെ സാമാന്യ യുക്തിക്കു നിരക്കാത്തതും, പ്രതീക്ഷയറ്റത്തും, പാര്‍ട്ടിയുടെ തന്നെ ആശയങ്ങള്‍ക്ക് വിരുദ്ധവുമായിരുന്നു.
രാഷ്ട്രീയ പ്രമേയങ്ങളുടെ പൊള്ളത്തരങ്ങള്‍
പാര്‍ട്ടി കോണ്‍ഗ്രസില്‍ മുന്നോട്ടുവെച്ചതായി പാര്‍ട്ടിയുടെ തന്നെ വെബ്സൈറ്റുകളില്‍ നല്‍കിയിട്ടുള്ള വിഷയങ്ങള്‍ പലതും സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ ഉത്തമോദാഹരങ്ങളാണ്. അതില്‍ പ്രധാനപ്പെട്ടവ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്ക്കെതിരെയുള്ളതും, പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്ക്കെതിരെയുള്ളതും, പലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ളതും, തൊഴിലില്ലായ്മ്മക്കെതിരെയുള്ളതുമായ പ്രമേയങ്ങളാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ച പ്രമേയത്തില്‍ ഭരണത്തിലുള്ള ഏക സംസ്ഥാനത്തെ സ്ത്രീപീഡനത്തിന്റെ കണക്കുകളെക്കുറിച്ചും പാര്‍ട്ടിക്കകത്തുനടന്ന സ്ത്രീ പീഡനത്തെക്കുറിച്ചും സൗകര്യപൂര്‍വം നിശബ്ദത പാലിച്ചു. കേരളാ പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2021 ല്‍ 16418 കേസുകള്‍ സ്ത്രീ പീഡനത്തിനതിരെ എടുത്തിട്ടുണ്ട്. 2020 ല്‍ ഇത് 12659 കേസുകളായിരുന്നു. കുറ്റം പറയരുതല്ലോ ഈ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി മാസം വരെ മാത്രം പൊലീസ് സൈറ്റില്‍ 3297 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ നേട്ടത്തെക്കുറിച്ചു പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുവാന്‍ മറന്നു. ഇതുമാത്രമല്ല പോക്സോ കേസുകളിലും, റേപ്പ് കേസുകളിലും കേരളം വളരെ മുന്നിലാണ്. ഓരോ ദിവസവും കുറഞ്ഞത് നാല് കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നുണ്ടെന്ന ഹെക്കോടതി ജഡ്ജിന്റെ പരാമര്‍ശം, കഴിഞ്ഞ വര്‍ഷം 1313 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന കണക്കുകളുടെ പശ്ചാത്തലത്തിലായിരുന്നു. ദളിത് , ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേത് 1161 എന്നത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കാലമാണ്. അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്ന പാര്‍ട്ടി നേതാവിനെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി സ്ഥാനക്കയറ്റം കൊടുത്ത പാര്‍ട്ടിയാണ് ദളിത് പീഡനത്തെ പ്രമേയത്തിലൂടെ ഇല്ലാതാക്കാന്‍ പോകുന്നത്. പക്ഷെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ ‘തോംപ്സണ് റോയിട്ടേഴ്സി’ന്റെ റിപ്പോര്‍ട്ടും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കണക്കുകളും മാത്രമേ നല്‍കുകയുള്ളൂ.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതില്‍ അതീവ ‘ഉത്കണ്ഠാകുലരായ’ പാര്‍ട്ടി കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും, ഏറ്റവും കൂടുതല്‍ തൊഴിലാളികളുമുള്ള കെഎസ്ആര്‍ടിസി യെ തകര്‍ക്കുകയും, പിന്‍വാതിലിലൂടെ അനധികൃതമായി ഈ സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ മുഴുവന്‍ ഇടതു പാര്‍ട്ടി നേതാക്കള്‍ക്ക് വിറ്റഴിക്കുകയും ചെയ്യുന്നു. സംരക്ഷിക്കുവാന്‍ ഏറ്റെടുത്ത എച്ച്എന്‍എല്ലില്‍ 16 ശതമാനം മാത്രം ശമ്പളകുടിശ്ശികയും ഗ്രാറ്റുവിറ്റിയുടെ 35 ശതമാനവും മാത്രം നല്കി തൊഴിലാളികളെ വഞ്ചിച്ചു. തൊഴിലാളി പ്രശനങ്ങള്‍ എല്ലാം തീര്‍ത്ത് ഏതു മുതലാളിക്കാണ് ഈ സ്ഥാപനത്തെ കാഴ്ച വെക്കുവാന്‍ പോകുന്നതെന്ന് മാത്രമാണ് അറിയാനുള്ളത്. പലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്തുകൊണ്ടാണ് ഇതുവരെ കശ്മീരില്‍ നിന്നും പലായനം ചെയ്യപ്പെട്ട കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് നിശബ്ദത പാലിക്കുന്നത്? ഇതെല്ലാം സൂചിപ്പിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ അപചയത്തെ, കപട സ്ത്രീ-ദളിത് – തൊഴിലാളി വര്‍ഗ പ്രേമത്തിലെ പൊള്ളത്തരത്തിന്റെ ആഴത്തെ കുറിച്ചാണ്.
സമ്പൂര്‍ണ്ണ പരാജയം
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സ്വയം നവീകരണ മാര്‍ഗങ്ങളില്ലാതെ, പുതിയ ആശയങ്ങളില്ലാതെ, നിഷേധാത്മക ചിന്തകളുടെയും ആശയങ്ങളുടെയും പ്രവാചകന്മാരായി സിപിഎം താണിരിക്കുന്നു.
സ്റ്റേറ്റ്മെന്റ് ഓഫ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് എന്ന തലക്കെട്ടില്‍ നല്‍കിയിട്ടുള്ള കണക്കില്‍ പാര്‍ട്ടിക്ക് 2018 ല്‍ 10,07903 മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നത് 2022 ആയപ്പോള്‍ 985757 ആയി കുറഞ്ഞു. അതും കേരളത്തില്‍ 489086 മെമ്പര്ഷിപ്പുണ്ടായിരുന്നത് 527174 ആയി കൂടിയിട്ടുപോലും, പാര്‍ട്ടി മറ്റു സംസ്ഥാനങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളുടെ പ്രതിഫലനമാണ്. പുതിയ പ്രവര്‍ത്തകര്‍ വരുന്നില്ലെന്നുമാത്രമല്ല പഴയ പല സഖാക്കളും അംഗത്വം പുതുക്കുന്നുമില്ല. പല ചെറു സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ഒരംഗം പോലുമില്ല. കേരളം കഴിഞ്ഞാല്‍ പിന്നെ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും മാത്രമാണ് പാര്‍ട്ടിക്ക് അല്പമെങ്കിലും മെമ്പര്‍ഷിപ്പ് കൂടിയത്. ബംഗാളില്‍ 192454 അംഗത്വം എന്നത് 160827 എന്നായിട്ടും ത്രിപുരയില്‍ 73978 എന്നത് 50612 ആയും കുറഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഏതാണ്ട് പത്തുലക്ഷത്തിനടുത്ത് മെമ്പര്‍ഷിപ്പുള്ള പ്രസ്ഥാനത്തിലെ പകുതിയില്‍ കൂടുതല്‍ മെമ്പര്‍മാരും രാജ്യത്തിന്റെ മൂന്നു ശതമാനത്തില്‍ താഴെമാത്രം ജനസംഖ്യയുള്ള കേരളത്തില്‍ നിന്നുമാണ്.
ഭരണത്തെ സ്തുതിക്കുന്ന രേഖയില്‍ ഇല്ലാത്തത്
സംസ്ഥാന ഭരണകൂടത്തെയും പാര്‍ട്ടിയെയും (പിണറായി വിജയന്) സ്തുതിച്ചുകൊണ്ടുള്ള പ്രമേയത്തില്‍ ആദ്യം തന്നെ നേട്ടങ്ങളെ പുകഴ്ത്തുന്നുണ്ടെങ്കിലും എന്താണ് നേട്ടമെന്ന് പ്രമേയത്തില്‍ എങ്ങും പറയുന്നില്ല. “Despite functioning within the limits set by thebourgeoislandlord regime in India, the Left Democratic Front Government in Kerala is one among the Left governments in the world that is striving to implement alternative policies in the interests of the working people.” ഇങ്ങനെ പറഞ്ഞുപോകുന്നേയുള്ളൂ. ഇത് സൂചിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ സമിതിക്കുപോലും കേരളത്തിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ചു കാര്യമായ മതിപ്പില്ല എന്നുതന്നെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലാണ് നടത്തിയിരുന്നതെങ്കില്‍ കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ചു , ഭാഗ്യമുണ്ടെങ്കില്‍ ഒരുതവണയെങ്കിലും ഏതെങ്കിലും പ്രാദേശിക പത്രത്തിന്റെ മുന്‍പേജില്‍ വരേണ്ട പാര്‍ട്ടി കോണ്‍ഗ്രസിനെ ‘വന്‍ വിജയ’മാക്കി തീര്‍ത്തത് കേരളത്തിലെ ഭരണവും പിണറായി വിജയനുമാണ്. അതിന്റെ നന്ദി സൂചകമായിട്ടായിരിക്കാം സീതാറാം യെച്ചൂരി സമാപന ദിവസം കേരളത്തിലെ ഭരണ മികവിനെ പുകഴ്ത്തിയത്. പക്ഷെ അവിടെയും ചില തെറ്റുകള്‍ അദ്ദേഹത്തിന് സംഭവിച്ചു. സീതാറാം യെച്ചൂരി പറഞ്ഞത് വികസിത യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ മികച്ചതാണ് കേരളത്തിന്റെ ജീവിത നിലവാര സൂചിക എന്നതാണ്. അതുകൊണ്ട് സില്‍വര്‍ ലൈന്‍ ആകാമെന്നാണ്.
ഏതാണ് അദ്ദേഹം ഉദ്ദേശിക്കുന്ന ഈ യൂറോപ്യന്‍ രാജ്യങ്ങള്‍? പശ്ചിമ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ് തുടങ്ങിയ രാജ്യങ്ങളാണെകില് അദ്ദേഹം അറിയാതെയെങ്കിലും ഉയര്‍ത്തിക്കാണിക്കുന്നത് മുതലാളിത്ത, സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയമാതൃകകളാണ്. അത് കമ്യൂണിസം അംഗീകരിക്കുന്നില്ലല്ലോ? അങ്ങനെ വരുമ്പോള്‍ കമ്യൂണിസം കാലഹരണപ്പെട്ടു എന്ന് സ്വയം സമ്മതിക്കുകയാണ്. അല്ലെങ്കില്‍ അദ്ദേഹം യൂറോപ്പിലെ ഈസ്റ്റേണ്‍ ബ്ലോക്ക് വിഭാഗത്തെയാണ് ഉദ്ദേശിച്ചതെങ്കില്‍ അവിടുത്തെ ജീവിത നിലവാരം കേരളത്തേക്കാള്‍ മോശമാണ്. ഏതു യൂറോപ്പിനെയാണ് അദ്ദേഹം കേരളവുമായി താരതമ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. അതിനുമുന്‍പ് അദ്ദേഹം പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികളാണ് കേരളത്തെ ഒന്നാമത് എത്തിച്ചതെന്നാണ്. അത് വസ്തുതാ വിരുദ്ധമാണ്. സിപിഎം നേതാക്കള്‍ ഉയര്‍ത്തികാട്ടുന്ന ആരോഗ്യരംഗം മാത്രം എടുക്കാം. കേരളത്തിലെ ആശുപത്രികളുടെ എണ്ണം 1970-71 ല്‍ 553 ആയിരുന്നു. അത് 2016 ല്‍ 1463 എണ്ണമായി ഉയര്‍ന്നു. എന്നാല്‍ 2021 ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 1471 ആശുപത്രികളെ ആകെയുള്ളൂ. ഇനി കിടക്കകള്‍ വര്‍ധിച്ചിട്ടുണ്ടോ? അതും കാര്യമായി ഇല്ല. 2016 ല്‍ 56257 കിടക്കകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 57995 കിടക്കകളായി എന്നുമാത്രം. ഏതാണ്ട് 1738 കിടക്കകള്‍. അതും കൊവിഡ് കാലത്തെ വലിയ ജനപിന്തുണയും സോഷ്യല്‍ ഫണ്ടിങ്ങും ഉണ്ടായിട്ടും ഇതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ഏറ്റവും വലിയ നേട്ടം. യഥാര്‍ത്ഥത്തില്‍ കമ്യൂണിസത്തെ ഉയര്‍ത്തികാട്ടുവാനും, പ്രത്യയശാസ്ത്രബോധം വളര്‍ത്താനും യെച്ചൂരി പറയേണ്ടിയിരുന്നത് , കമ്യൂണിസ്റ്റ് രാജ്യങ്ങളായ ക്യൂബയുടെയും, വിയറ്റ്നാമിന്റെയും, നോര്‍ത്ത് കൊറിയയുടെയും വികസന മാതൃകകളും, അവിടുത്തെ ജീവിത നിലവാര സൂചികകളുമായിരുന്നു.
ഇവയെല്ലാം സൂചിപ്പിക്കുന്നത് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയമായും, സംഘടനാപരമായും, ഭരണപരമായും വമ്പന്‍ പരാജയമായി മാറിയെന്ന് അവര്‍ സ്വയം സമ്മതിക്കുന്നതിനു തുല്യമായി എന്നുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: