കൊല്ലം: ആശ്രാമം മൈതാനത്ത് പുരുഷാരത്തെ സാക്ഷിയാക്കി കൊല്ലം പൂരം അരങ്ങേറാന്‍ ഇനി മൂന്നുനാള്‍. ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനം കുറിച്ചാണ് ജനലക്ഷങ്ങളെ സാക്ഷിയാക്കി കൊല്ലം പൂരം നടത്തുന്നത്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂരം ചടങ്ങായി മാത്രമാണ് നടത്തിയത്. ഇത്തവണ വിപുലമായാണെങ്കിലും വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കാഴ്ചകളുടെ കുടമാറ്റം കാണാനുള്ള ആവേശത്തിലാണ് പൂരപ്രേമികള്‍. 16നാണ് കൊല്ലം പൂരം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായാണ് കൊല്ലം പൂരം നടക്കുന്നത്. തൃശ്ശൂര്‍പൂരത്തിലെ പാറമേക്കാവിനെയും തിരുവമ്പാടിയെയുംപോലെ ഇവിടെ മുഖാമുഖം നില്‍ക്കുന്നത് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയുമാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരുക്ഷേത്രങ്ങളില്നിന്നും പൂരം എഴുന്നള്ളത്ത് പുറപ്പെടും.
കോയിക്കല്‍ ശ്രീകണ്ഠന്‍ശാസ്താവും ഉളിയക്കോവില്‍ ദുര്‍ഗാദേവിയും ഉളിയക്കോവില്‍ കണ്ണമത്ത് ശ്രീഭദ്രാദേവിയും ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമിയും കടപ്പാക്കട ധര്മശാസ്താവും മുനീശ്വരസ്വാമിയും തുമ്പറ ദേവിയും ഇരട്ടക്കുളങ്ങര മഹാവിഷ്ണുവും ശ്രീശങ്കരകുമാരപുരം സുബ്രഹ്മണ്യസ്വാമിയും ആശ്രാമം മാരിയമ്മനും പടിഞ്ഞാറേ പുതുപ്പള്ളി മാടസ്വാമിയും ആശ്രാമം കേളേത്തുകാവ് നാഗരാജാവും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിവരും. ചെറുപൂരങ്ങള്‍ ആഘോഷപൂര്‍വം ആശ്രാമം ക്ഷേത്രാങ്കണത്തിലെത്തി ദേവസംഗമത്തോടെ പൂരത്തിന് തുടക്കംകുറിക്കും.
11ന് ഗജവീരന്മാരുടെ നീരാട്ടും ആനയൂട്ടുമാണ്. ഇത് കാണാന്‍ വന്‍ജനാവലി വന്നുനിറയും. മൂന്നുമുതല്‍ തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തെ അനുസ്മരിപ്പിക്കുന്ന തിരുമുമ്പില്മേളം. വാദ്യവിശാരദന്മാരായ ചൊവ്വല്ലൂര്‍ മോഹനവാര്യരും തൃക്കടവൂര്‍ അഖിലും നയിക്കുന്ന സംഘങ്ങള്‍ മേളത്തില്‍ മാറ്റുരയ്ക്കും.
താളഗോപുരങ്ങള്‍ തീര്‍ത്ത് മേളം ഉച്ചസ്ഥായിയിലെത്തുമ്പോള്‍ മേളക്കമ്പക്കാര്‍ പൂരലഹരിയില്‍ മുഴുകും നാലുമണി കഴിയുമ്പോള്‍ ക്ഷേത്രത്തില്‍ കൊടിയിറങ്ങി ദേവന് ആറാട്ടിനിറങ്ങും. ഭഗവാന് കണ്കുളിര്ക്കാന് കെട്ടുകാഴ്ചകള്‍ നിരക്കും. അപ്പോഴേക്കും താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും എഴുന്നള്ളിയെത്തുന്നതോടെ തിരുമുമ്പില്‍ കുടമാറ്റം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: