തിരുവനന്തപുരം: സഹ്യപർവ്വത മലനിരകളിലെ അഗസ്ത്യാർകൂടത്തോട് അനുബന്ധമായി സ്ഥിതി ചെയ്യുന്ന കൂനിച്ചി -കൊണ്ട കെട്ടി മലനിരകളിലാണ് ദക്ഷിണേന്ത്യൻ തീർത്ഥാടന കേന്ദ്രമായ വരമ്പതി കാളിമല ക്ഷേത്രം. ദ്രാവിഡ പൂജാരീതികൾ നിലനിന്നിരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്നെ വനപ്രദേശമായിരുന്ന ഇവിടെ വെച്ചാരാധയും, പൂജകളും നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിൽ തന്നെ അപൂർവ്വമായ മലമുകളിലെ ദേവി സ്ഥാനത്തിന്റെ പഴക്കം പഴമക്കാർക്കു പോലും നിശ്ചയമില്ല.
ഐതിഹ്യത്തിലും ചരിത്രത്തിലും ഒരുപോലെ പരാമർശിക്കപ്പെടുന്ന ദേവസ്ഥാനം അഗസ്ത്യാർ മുനിയുടെ പാദസ്പർശത്താൽ, പുണ്യഭൂമിയായി കരുതപ്പെടുന്നു. മലമുകളിൽ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യാർ മുനിക്ക് ശ്രീധർമ്മശാസ്താവ് ദർശനം നൽകിയെന്നാണ് ഐതിഹ്യം. മുനിയുടെ തപശക്തിയാൽ മലമുകളിൽ ഉറവ പൊട്ടിയ തീർത്ഥം ഇപ്പോഴും കൊടുംവേനലിലും വറ്റാതെ നിലകൊള്ളുന്നു. ഔഷധ ഗുണമുള്ള കാളീ തീർത്ഥമെന്നറിയപ്പെടുന്ന തീർത്ഥജലം രോഗശാന്തിക്കായും, ഗംഗാതീർത്ഥം പോലെ വീടുകളിൽ സൂക്ഷിക്കാനും ഭക്തജനങ്ങൾ കൊണ്ടു പോകുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ പലായനകാലത്ത് നിബിഡവനമായിരുന്ന ശൂലം കുത്തി അപ്പിൽ വനവാസികളായ കാണിക്കാരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന സമയത്ത് ,വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമ്മശാസ്താവ് ശത്രുക്കളെ തുരത്തി രക്ഷപ്പെടുത്തിയതായി പറയപ്പെടുന്നു. ക്ഷേത്രം ഉൾപ്പെടുന്ന 600 ഏക്കർ വനഭൂമി കരമൊഴിവാക്കി മാർത്താണ്ഡവർമ്മ ചെമ്പു പട്ടയം നൽകിയിട്ടുള്ളത് ധർമ്മശാസ്താവിനോടുള്ള അത്യഗാധമായ ഭക്തി വിശ്വാസത്തിലാണ്.
സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തി അറുന്നൂറോളം അടി ഉയരത്തിൽ പതിനായിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങളാണ് ചിത്രാപൗർണമി നാളിൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനെത്തുന്നത്. ഭദ്രകാളിയാണ് മുഖ്യ ദേവതയെങ്കിലും, ശാസ്താവ്, ശിവൻ, നാഗയക്ഷി എന്നീ ദേവ സാന്നിധ്യങ്ങൾക്കും പൂജകളും വഴിപാടുകളും സമർപ്പിക്കുന്നു. വിശേഷ ദിവസങ്ങളിൽ സ്ത്രീകളുൾപ്പെടെയുള്ള ഭക്തജനങ്ങൾ ഇരുമുടിക്കെട്ടേന്തി മല ചവിട്ടി ധർമ്മശാസ്താവിന് നെയ്യഭിഷേകം നടത്തുന്നു.’അന്നൂരി നെല്ലെന്ന അത്ഭുതനെല്ല് കാളിമലയിൽ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.
കേരള- തമിഴ്നാട് അതിർത്തിയിൽ വിളവൻകോട് താലൂക്കിലെ കടയൽ പഞ്ചായത്തിലാണ് വരമ്പതി കാളിമല തീർത്ഥാടന സങ്കേതം.തിരുവനന്തപുരത്തു നിന്നും -വെള്ളറട വഴി കാളിമലയിലെത്താം. പ്രകൃതി രമണീയമായ മലനിരകളും ,വനഭൂമികയും തീർത്ഥാടനത്തിനൊപ്പം മനസ്സിനും ശരീരത്തിനും കുളിർമ്മയേകുന്നതാണ്.കാളി മലയിൽ നിന്നാൽ നെയ്യാർഡാം, പേച്ചിപ്പാറ, ചിറ്റാർ, കോതയാർ എന്നീ അണക്കെട്ടുകൾ കാണാം;ഉദയാസ്തമയങ്ങൾ ദർശിക്കുന്നതിനും ആത്മീയാനുഭൂതിക്കുമായി പതിനായിരങ്ങളാണ് എല്ലാ കൊല്ലവും മലകയറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: