വടക്കാഞ്ചേരി: കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിഞ്ഞെത്തിയ വിഷുക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ ഇത്തവണ കൊറോണയും നിന്നു കത്തും. ന്യൂജെന്‍ പടക്ക ഉത്പന്നങ്ങളുമായി ആഘോഷത്തെ കളറാക്കാന്‍ മുളങ്കുന്നത്ത്കാവ് സ്വദേശികളായ സുഹൃത്തുക്കള്‍ അമ്പലനട സെന്ററില്‍ ഇത്തവണയും സജീവം.
പടക്കവ്യാപാരത്തില്‍ ഒരു പതിറ്റാണ്ടിലധികം പാരമ്പര്യമുള്ള വീട്ടുപുള്ളി വീട്ടില്‍ വിനോദ്കുമാര്‍ (42) ,പ്രസാദ്കുമാര്‍ (43) ,കൊടുവേലി വീട്ടില്‍ വിജയകുമാര്മേനോന്(45) എന്നിവരാണ് വിപണിയിലെ പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്.
കണ്ണ് തുറന്ന് വാ പിളര്‍ന്നിരിക്കുന്ന കൊറോണ വൈറസിന്റെ മാതൃകയിലുള്ള മേശപ്പൂവാണ് കൂട്ടത്തില്‍ താരം. കോവിഡ് അതിജീവനത്തിന്റെ പ്രതീകമായ ഇവക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.
അതിഥികളെ വരവേല്‍ക്കുന്ന ചെണ്ടമേളം, കുട്ടികളെ ആകര്‍ഷിക്കുന്ന ത്രിവര്‍ണനിറത്തിലുള്ള നിലച്ചക്രം എന്നിവയൊക്കെ വേറിട്ടവയാണ്. പരമ്പരാഗത ഉത്പന്നങ്ങളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്. ശിവകാശിയില്‍ നിന്ന് നേരിട്ടാണ് എല്ലാം ഇറക്കുമതി ചെയ്യുന്നത്.
വ്യാപാരമെന്നതിലപ്പുറം മിതമായ നിരക്കില്‍ സാധാരണക്കാരിലേക്ക് പടക്കങ്ങള്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൂവര്‍ സംഘം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: