കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല. പദ്മ സരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് തന്നെ കാവ്യ അറിയിച്ചതോടെ ഇന്ന് വേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ നിയമ വിദഗ്ധരുമായി ആലോചിച്ചശേഷം ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആലുവയിലെ ദിലീപിന്റെ വീട്ടില്‍ ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. എന്നാല്‍ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ആകില്ല. പ്രാെജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നും പോലീസ് ക്ലബ്ബിലെത്താനുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം.
തുടര്‍ അന്വേഷത്തിന് ഹൈക്കോടതി ഈ മാസം 15 വരെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കേ കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്നത് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്.
സാക്ഷി എന്ന നിലയില്‍ എവിടെവെച്ച് ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ട്. അതിനാല്‍ പദ്മ സരോവരത്തില്‍ ചോദ്യം ചെയ്താല്‍ മതിയെന്നാണ് കാവ്യ അറിയിച്ചത്. തുടര്‍ന്ന് വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസ സ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനില്‍ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ. ചോദ്യം ചെയ്യല്‍ കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ലാറ്റിലാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്. എന്നാല്‍ കാവ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പുറത്തുവന്ന ശബ്ദരേഖകളിലും സംവിധായകന്റെ മൊഴി പ്രകാരവുമാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. സുരാജിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയവയില്‍ കാവ്യയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. ഇതില്‍ കാവ്യാ മാധവന്റെ പങ്കിനെക്കുറിച്ച് സൂചന കിട്ടിയതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.
കാവ്യയില്‍ നിന്നും കേസ് സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാറിനേയും കാവ്യയെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്തിമതീരുമാനമെടുത്തിട്ടില്ല.
അതേസമയം കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതില്‍ ഹര്‍ജി നല്കി. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടല്‍ ഉണ്ടായി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് അന്വേഷണസംഘം വിചാരണക്കോടതിയെ സമീപിച്ചത്.
കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017 ല്‍ ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാല്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: