ജ്വലിക്കുന്ന സൂര്യവഹ്നിപ്രകാശനും രഥസ്ഥനും വീരഘാതിയും ഭീഷ്മദ്രോണനാശം കണ്ടവനുമായ കര്ണന് ശല്യനോട് പറഞ്ഞു, ‘പാര്‍ത്ഥന്റെ കര്‍മ്മത്തിലെ അതിശയം വിചാരിച്ചും മാനവും ഗര്‍വവും ക്രോധവും പൂണ്ടു വെന്തുവീര്പ്പിടുന്ന ഞാന്‍, കോപിച്ചുനേരിട്ടുവരുന്ന വജ്രായുധപാണിയായ ഇന്ദ്രനെപ്പോലും വില്ലുമായി നേരിട്ടുനില്‍ക്കുന്ന ഞാന്‍ പേടിക്കില്ല. ഭീഷ്മനെപ്പോലെ അവധ്യരായ പലരും മഹേന്ദ്രനും വിഷ്ണുപ്രഭരും പോലെയുള്ള മാന്യരും തേരാനയശ്വപ്രവരപ്രമാഥികളായ അവധ്യരായ പലരും കൊല്ലപ്പെട്ടിരിക്കെ എനിക്കും ഇന്ന് യുദ്ധത്തിനു സാദ്ധ്യതയുണ്ട്. സൂതരെയും ആനകളെയും അശ്വങ്ങളെയും വധിച്ചവരും രഥങ്ങള്‍ തകര്ത്തവരുമായവരുടെ വധം എന്തുകൊണ്ട് മഹാസ്ത്രവിത്തായ ഗുരുപുംഗവന് നടത്തിയില്ല?
കുരുക്കളെ! മഹായുദ്ധത്തില്‍ ദ്രോണനെ ഉള്ളിലോര്‍ത്ത് ഞാന്‍ നേരുപറയാം, ഭയങ്കരനും കാലനുതുല്യനുമായ അര്ജുനന് വരുമ്പോള്‍ ഞാനല്ലാതെ മറ്റാരും താങ്ങാനില്ല. ശിക്ഷാപ്രസാദവും ധൃതിയും ശക്തിയും മഹാസ്ത്രജാലവും ദ്രോണങ്കലുണ്ട്. എങ്കിലും ആ മഹാരഥനും മൃത്യുവശനായി. മറ്റെല്ലാവരും മരണപ്രായര്തന്നെ. മഹാസ്ത്രം, ബലം, പരാക്രമം, സുനീതി, യോഗം, ആയുധങ്ങള്‍ ഇതൊന്നും മനുഷ്യനു സുഖമേകുവാന്‍ പോരാത്തവയാണ്. ഗുരുവിനെ വിരോധികള്‍ വധിച്ചു. ശല്യ! ഞാന്‍ ചെയ്യേണ്ടതു കാണുന്നു. ശത്രുസൈന്യത്തിലേക്ക് സത്യസന്ധനായി പോകുക. പാണ്ഡവരാജനും ഭീമാര്‍ജുനന്മാരും വാസുദേവനും സാത്യകിയും യമന്മാരും എന്നല്ല ആരെതിര്‍ക്കാന്‍ വരുന്നോ അവിടേക്കു പോകൂ മദ്രേശ! അവരെ ഞാന്‍ കൊന്നിട്ടു ദ്രോണര് പോയവഴിക്കു വിടും. അല്ലെങ്കില്‍ ഞാന്‍ കാലനൂര്‍ക്കു പോകും. മിത്രദ്രോഹം ഞാന്‍ ഒരിക്കലും പൊറുക്കില്ല. ദൈവനിശ്ചയം മാറ്റിത്തീര്‍ക്കാനാവില്ല. ഞാന്‍ പാര്ത്ഥനോടേല്ക്കും.
ദുര്യോധനന്റെ കാര്യത്തിനായി എന്റെ പ്രാണനും ത്യജിക്കാനാവാത്ത ജീവനും കൊടുക്കും. വ്യാഘ്രത്തോലിട്ട് അച്ചിരമ്പാത്ത പൊന്നുത്രികോശമായി വെള്ളിത്രിവേണുവായി നല്ല അശ്വങ്ങളുള്ള ഉത്തമമായ രഥത്തെ ഭാര്ഗവരാമന് മുമ്പ് എനിക്കു തന്നു. ശല്യ! വിചിത്രങ്ങളായ വില്ലുകള്‍, ധ്വജങ്ങള്‍, ഘോരഗദകള്, വാളുകള്‍, ദീപ്തമായ ആയുധങ്ങള്‍, ശുഭ്രമായ ഉഗ്രസ്വരംകൂട്ടുന്ന ശംഖും ഇടിയൊച്ചപോലെയുള്ള പതാകയുമായി വെളുത്ത കുതിരകളെ കെട്ടിയതും മനോജ്ഞമായി തൂണികെട്ടിയതുമായ ഈ വന്‍ തേരിലേറി അര്‍ജുനനെ ശക്തിയോടെ പോരിലേറ്റു ഞാന്‍ വധിക്കും. സര്‍വത്തെയും നശിപ്പിക്കുന്ന മൃത്യു ആ പാണ്ഡുപുത്രനെ രക്ഷിച്ചാലും ഞാന്‍ അവനെ പോരിലേറ്റി കൊല്ലും. യമന്‍, വരുണന്, കുബേരന്, വാസവന് എന്നിവര്‍ സ്വന്തം ഗണത്തോടുകൂടിവന്നു മഹാരണത്തില്‍ വിജയനു രക്ഷചെയ്താലും ഞാന്‍ അവരോടൊത്ത് അവനെ കൊലചെയ്യും.’
ആത്മപ്രശംസാപരമായി കര്ണന് പറഞ്ഞ വാക്കുകള്‍ കേട്ട് ചിരിച്ചുകൊണ്ട് അവനെ തടഞ്ഞ്, നിന്ദാപരമായ വാക്കുകളാല്‍ ശല്യന്‍ അവനോട് ഇങ്ങനെ പറഞ്ഞു, ‘മതി മതി, ഇനി മേനിപറഞ്ഞതു മതി കര്‍ണ! പെട്ടെന്ന് അയുക്തികള്‍ പറയേണ്ട. നരവരനായ പാര്‍ത്ഥനെവിടെ, പുരുഷാധമനായ നീ എവിടെ. യാദവപുരിയെ മുരവൈരിയായ കൃഷ്ണന് കാത്തിടുന്നു. അത് സുരപട്ടണം പോലെ ശോഭിക്കുന്നു. പടയില്‍ വിജയിയായി സുഭദ്രയെ വിജയനല്ലാതെ ആരുനേടും? പന്നിയെ കൊന്ന കലഹത്തില്‍ ഉശിരെഴുന്ന അര്‍ജുനനെയല്ലാതെ ത്രിഭുവനകരനായ മഹേശ്വരന് പോരിടാന്‍ ആരെ വിളിക്കും? അസുരന്മാരെയും സുരന്മാരെയും ഭുജംഗങ്ങളെയും മനുഷ്യരെയും ഗരുഡപിശാചനിശാടയക്ഷന്മാരെയും ശരനിരകള്‍ ചൊരിഞ്ഞ് വിജയിച്ച് അഗ്നിയുടെ ഇഷ്ടമായ ഹവ്യവും കൊടുത്തു അജയനായ വിജയന്, പടുവായിത്തീര്ന്ന ദുര്യോധനനെ വിട്ടയച്ച പരഹൃതനെ നിനക്കോര്‍മ്മയില്ലയോ? സൂര്യസമാനമായ അസ്ത്രങ്ങളാല്‍ കുരുപ്പടയില് വിരോധികളെ മുഴുവന്‍ ജയിച്ച പാര്‍ത്ഥനെ നീ അറിയില്ലയോ? ആദ്യയുദ്ധത്തില്ത്തന്നെ പാഞ്ഞ്, കലഹികളാകുന്ന കുരുക്കളെ ജയിച്ചില്ലേ? ഖചരനിരയെ ജയിച്ച് പാണ്ഡുപുത്രന്മാര്‍ നിങ്ങളെ വിടുവിച്ചത് ഓര്‍മ്മയില്ലെ? വിരാടരാജന്റെ പശുത്തൊഴുത്തില്വെച്ച് പുരുഷവരന്മാരായ പാണ്ഡവര്‍ നിങ്ങളെ ജയിച്ചില്ലേ? അശ്വത്ഥാമാവിനെയും ദ്രോണനെയും ഭീഷ്മനെയും വധിച്ചപ്പോള്‍ നീ അര്‍ജുനനെ ജയിച്ചോ? ഇതാ നിന്റെ വധത്തിനായി നല്ല മറ്റൊരു ഏറ്റുമുട്ടല്‍ വരുന്നു. ശത്രുഭയത്തോടെ ഓടാതിരുന്നാല്‍ നീ ഇന്നു പടയില്‍ ഒടുങ്ങും സൂതജ!’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: