ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും യോഗിക്കും വന്‍ വിജയം. ആകെയുള്ള 36 സീറ്റുകളില്‍ 33ഉം ബിജെപി പിടിച്ചു. ഇതോടെ മറ്റൊരു റെക്കോഡ് കൂടി യോഗിയുടെ പേരിലാവുകയാണ്- ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ എംഎൽസിയിലും ഭൂരിപക്ഷം കൈയ്യാളുന്നത് പതിറ്റാണ്ടുകൾക്കിടെ ഇതാദ്യം.
ഭരണതുടർച്ച നേടി ചരിത്രം കുറിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമാണ് എംഎൽസി തെരഞ്ഞെടുപ്പിലെ ഈ വിജയം. ഒൻപത് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഈ ഫലത്തോടെ ഇരുസഭകളിലും ബിജെപിക്ക് മേധാവിത്വം ലഭിക്കും. നിലവിൽ ബിജെപിക്ക് 34 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളാണ് ഉള്ളത്. സമാജ് വാദി പാർട്ടിക്ക് 17 പേരും ബിഎസ്പിക്ക് നാല് പേരും. സമാജ് വാദി പാർട്ടിക്ക് ഒരു സീറ്റ് പോലും വിജയിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്. സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും ഇത് തീരെ മോശപ്പെട്ട പ്രകടനമാണ്. സമാജ് വാദിക്ക് വേണ്ടി മത്സരിച്ച് തോറ്റ സ്ഥാനാര്‍ത്ഥികളില്‍ ഡോ. കഫീല്‍ ഖാനും ഉള്‍പ്പെടുന്നു.
100 സീറ്റുകളാണ് യുപി എംഎൽസിയിൽ ഉളളത്. ഇതിൽ ഒഴിവ് വന്ന 36 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 1.20 ലക്ഷം വരുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളിൽ 98 ശതമാനം പേരും വോട്ട് ചെയ്തിരുന്നു. ഏപ്രിൽ 9 നായിരുന്നു വോട്ടെടുപ്പ്. ആറ് വർഷമാണ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി.
പ്രതാപ്ഗഢ്, വാരണാസി, അസംഗഢ് എന്നീ എംഎൽസി സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നഷ്ടമായത്. വാരണാസിയിൽ 1998 മുതൽ ഈ സീറ്റ് കൈവശം വെച്ചിരിക്കുന്ന മാഫിയ തലവൻ ബ്രിജേഷ് സിംഗിന്റെ ഭാര്യ വിജയിച്ചു. അസംഗഢ് മോയിലും പ്രതാപ്ഗഢിലും സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. മോദിയുടെ നേതൃത്വത്തില്‍ യുപിയിലെ ജനങ്ങള്‍ നല്ല ഭരണം, ദേശീയത, വളര്‍ച്ച എന്നിവയോടൊപ്പം നില്‍ക്കുകയാണെന്ന് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയ ട്വീറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക