കൊല്ലം: വിസ്മയ കേസില്‍ പ്രോസിക്യൂഷന് ഭാഗം വാദം കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിത് മുമ്പാകെ ഇന്ന് ആരംഭിച്ചു. പ്രതിഭാഗം സാക്ഷിവിസ്താരം ഇന്നലെ പൂര്‍ത്തിയായി. പ്രതിഭാഗത്തുനിന്നും അഞ്ചുപേജ് അടങ്ങുന്ന സാക്ഷിപ്പട്ടികയാണ് സമര്‍പ്പിച്ചതെങ്കിലും രണ്ടുപേരെ മാത്രമേ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചുള്ളൂ.
മാധ്യമ പ്രവര്‍ത്തകരായ ജോണി ലൂക്കോസ്, ബിനോയ്, പീയുഷ് എന്നിവരെ പ്രതിഭാഗം സാക്ഷികളാക്കിയിരുന്നെങ്കിലും അവരെ കോടതിയില്‍ വിസ്തരിച്ചില്ല. കിരണിന്റെ മാതൃസഹോദര പുത്രന് ശ്രീഹരി, ശൂരനാട് എസ്എച്ച്ഒ ഗിരീഷ് എന്നിവരെയാണ് സാക്ഷികളായി വിസ്തരിച്ചത്.
സംഭവ ദിവസം ഒരുമണികഴിഞ്ഞപ്പോള് കിരണിന്റെ പിതാവ് തന്റെ വീട്ടില്‍ വന്ന് തന്നെ വിളിച്ചതായി സാക്ഷിയായ ശ്രീഹരി പറഞ്ഞു. താനും കിരണിന്റെ പിതാവ് സദാശിവന് പിള്ളയും കൂടി ശൂരനാട് പോലീസ് സ്റ്റേഷനില്‍ പോയി അവിടെ ഉണ്ടായിരുന്ന ചന്ദ്രമോഹന് എന്ന പോലിസ് ഉദ്യോഗസ്ഥനോട് വിസ്മയ മരിച്ച വിവരങ്ങള്‍ പറഞ്ഞു. സദാശിവന് പിള്ള കൈമാറിയ കുറിപ്പ് പോലീസ് ഉദ്യോഗസ്ഥന് ഉച്ചത്തില്‍ വായിച്ചത് താന്‍ കേട്ടതായും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നായിരുന്നു ആ കുറിപ്പെന്നും ശ്രീഹരി കോടതിയില്‍ പറഞ്ഞു.
ശൂരനാട് എസ്എച്ച്ഒ ഗിരീഷ് ഹാജരാക്കിയ സിസിറ്റിഎന്‍എസ് പ്രകാരമുള്ള സ്റ്റേഷന് രേഖ വ്യാജമാണെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് സിസിറ്റിഎന്‍എസ് പ്രകാരമുളള വസ്തുതകള്‍ സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയിലേക്കും ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയിലേക്കും പോകുന്ന രേഖകള്‍ ആണെന്നും അതിലൊരിക്കലും കൃത്രിമം കാണിക്കാന്‍ കഴിയില്ല എന്നും രണ്ടാം പ്രതിഭാഗം സാക്ഷി മൊഴിനല്‍കി.
ശ്രീഹരിയെ കാണിച്ച് തിരിച്ചറിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലെ ഐടി വിഭാഗം മാനേജര്‍ റോബിന് കോടതിയില്‍ തിരിച്ചറിഞ്ഞു. വിസ്മയ മരണപ്പെട്ടു ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയായി പ്രോസിക്യൂഷന് ഭാഗം വാദം ആരംഭിക്കുന്നു എന്ന പ്രത്യേകത കൂടി കേസിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: