തിരുവല്ല: കടക്കെണിയിലായ കര്‍ഷകരുടെ സഹായങ്ങള്‍ മരവിപ്പിച്ച കൃഷിവകുപ്പിനെതിരെ രോഷം ശക്തം. മുന്‍ വര്‍ഷങ്ങളിലെ വിളനാശത്തിനുള്ള സഹായം, ഉത്പാദനബോണസ്, സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരമുള്ള സഹായങ്ങളാണ് നല്‍കാതെയിരിക്കുന്നത്. കൃഷി വകുപ്പിനെക്കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു.
നല്ല ശമ്പളവും ആനുകൂല്യങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വാങ്ങുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പാണ് ആനുകൂല്യങ്ങളുടെ വിതരണം മരവിപ്പിച്ചതെന്നാണ് കൃഷി വകുപ്പിന്റെ വാദം.
തിരുവല്ല നിരണത്ത് കര്‍ഷകന്റെ തൂങ്ങി മരണം അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരുടെ ഭീമമായ കടബാധ്യതയുടെ ആഴം വ്യക്തമാക്കുന്നു. വന്‍തുക പലിശയ്‌ക്ക് കടമെടുത്ത് കൃഷി ചെയ്യുന്ന പാട്ടകൃഷിക്കാരാണ് കടക്കെണിയില്‍ ജീവിക്കുന്നവരില്‍ അധികവും. കാലാവസ്ഥാ വ്യതിയാനം മൂലം പുഞ്ചകൃഷി ചെയ്യുന്നതില്‍ നിന്നും പിന്മാറിയ നല്ലൊരു വിഭാഗം കര്‍ഷരെ ഇത്തവണ നിര്‍ബന്ധിച്ചാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷി ചെയ്യിപ്പിച്ചത്.
90-100 ദിവസത്തിനുള്ളില്‍ കൊയ്യാന്‍ കഴിയുന്ന മനുരത്‌ന വിതയ്‌ക്കണമെന്നും കൃഷി വകുപ്പ് നിബന്ധന വച്ചു. സാധാരണ 120-130 ദിവസത്തിനുള്ളില്‍ കൊയ്യുന്ന ഉമയാണ് അപ്പര്‍കുട്ടനാട്ടില്‍ വിതയ്‌ക്കുന്നത്. പുതിയയിനം വിത്ത് വിതച്ചാല്‍ വേനല്‍മഴയ്‌ക്ക് മുമ്പ് കൊയ്യാമെന്നും മികച്ച വിളവ് ലഭിക്കുമെന്നും കര്‍ഷകരോട് പറഞ്ഞത്രേ. എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് വേനല്‍മഴ എത്തിയപ്പോള്‍ കര്‍ഷക പ്രതീക്ഷകള്‍ ഒലിച്ച് പോയി. കൃഷി വകുപ്പ് കൈയും മലര്‍ത്തി.
രാഷ്ടീയ കൃഷി യോജന, സുസ്ഥിര വികസന പദ്ധതി എന്നിവ പ്രകാരം ഒരു ഹെക്ടറിന് 5500 രൂപയുടെ സഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. നേരത്തെ ഇത് 6,000 രൂപയായിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിന്ന് 5,500 രൂപയായി കുറയ്‌ക്കുകയായിരുന്നു. ഉത്പാദന ബോണസായി കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 1,000 രൂപയാണ് ലഭിക്കുന്നത്.
ഇതും വിതരണം ചെയ്യാതെ തടഞ്ഞ് വച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രകൃതി ക്ഷോഭത്തില്‍ 451.65 കോടിയുടെ വിളനാശമാണ് ഉണ്ടായത്. ഇതില്‍ നെല്ല്, വാഴ, പച്ചക്കറി എന്നിവയും ഉള്‍പ്പെടും. മഴയും പ്രകൃതിക്ഷോഭവും മൂലം കഴിഞ്ഞ വര്‍ഷം കൃഷി നാശം സംഭവിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ടും കര്‍ഷകര്‍ക്ക് വിതരണം ചെയ്തില്ല. അതേസമയം കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: