കണ്ണൂര്‍: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഘടകത്തിനും കീഴടങ്ങി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈനില്‍ വിരുദ്ധാഭിപ്രായമുയര്ത്തിയ യെച്ചൂരി ഇന്നലെ മലക്കം മറിഞ്ഞു. കേരള നിലപാട് ശരിയാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.
മൂന്നാമതും സെക്രട്ടറിയായ ശേഷം ഇന്നലെ പൊടുന്നനെ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേരള നിലപാട് ശരിയാണെന്ന് വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കിയതില്‍ ദുരൂഹതയുണ്ട്. പിണറായി വിജയന്റെയും പിണറായിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള കേരള ഘടകത്തിന്റെയും സമ്മര്‍ദത്തിന് വഴങ്ങി, ഇക്കാര്യം പറയാന്‍ മാത്രമായി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. വീണ്ടും ജനറല്‍ സെക്രട്ടറിയാകാന്‍ കേരള ഘടകവും പിണറായിയും ചെയ്ത ഉപകാരത്തിന് നന്ദിയാണിത്.
പാര്‍ട്ടി നടത്തിക്കൊണ്ടുപോകണമെങ്കിലും പിണറായിയുടെ സഹായം വേണം. സാമ്പത്തിക സഹായത്തിന് ഇനി പാര്‍ട്ടിക്കും ദേശീയ നേതാക്കള്‍ക്കും ആശ്രയിക്കാന്‍ പിണറായി മാത്രമാണുള്ളത്. കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വന്‍ പദ്ധതികള്‍ നടപ്പാക്കിയാലേ പണം കിട്ടൂ എന്നതാണ് യെച്ചൂരിയെ സര്‍ക്കാരിന് അനുകൂലമാക്കിയത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ യെച്ചൂരി ഏറെ ബുദ്ധിമുട്ടി. സില്‍വര്‍ ലൈന്‍ പദ്ധതി എന്താണ്, എങ്ങനെയാണ് എന്നൊന്നും അറിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു വിശദീകരണങ്ങള്‍. പദ്ധതിക്കായി കേരളം പണം ”നിക്ഷേപിച്ചു കഴിഞ്ഞു” എന്നും മറ്റുമുളള അഭിപ്രായ പ്രകടനം കാര്യങ്ങള്‍ വ്യക്തമാക്കി.
സില്‍വര്‍ ലൈനിനെയും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെയും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട എന്ന വാക്കുകള്‍ പദ്ധതികള്‍ സംബന്ധിച്ച് യെച്ചൂരിക്ക് വിവരമില്ലെന്ന് വ്യക്തമാക്കുന്നതാണ്. കേരളം യൂറോപ്പിന്റെ നിലവാരത്തിലെത്തിയെന്നും അതിനാല്‍ ഇത്തരം പദ്ധതികള്‍ വേണമെന്നുമാണ് ഇപ്പോള്‍ യെച്ചൂരി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: