തൊടുപുഴ: സര്‍ക്കസ് കൂടാരത്തിലെ പ്രണയത്തിന് സാഫല്യം, ബീഹാര്‍ സ്വദേശി പിന്റോ മുര്മുറുവ് മഹാരാഷ്ട സ്വദേശിനി രേഷ്മയ്ക്ക് താലി ചാര്‍ത്തി. ഇവരുടെ മൂന്ന് വര്‍ഷം നീണ്ട പ്രണയ സ്വപ്നമാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്ര സന്നിധിയില്‍ പൂവണിഞ്ഞത്.
ജംബോ സര്‍ക്കസിലെ താരങ്ങളായ ഇരുവര്‍ക്കും സര്‍ക്കസ് കൂടാരത്തില്‍ ഒരുമിച്ച് ജോലിയെടുക്കുമ്പോഴാണ് പ്രണയം മൊട്ടിട്ടത്. ജംബോ സര്‍ക്കസിന്റെ രണ്ട് ഗ്രൂപ്പുകളിലായിരുന്നു ഇരുവരും പ്രകടനം നടത്തിയിരുന്നത്. പിന്റോ ഫ്ളൈയിംഗ് ട്രപ്പീസ്, ഗ്ലോബ് റൈഡിംഗ്, ലൂസ് വയര്‍, കത്തി അഭ്യാസം എന്നിവയില്‍ വിദഗ്ധനാണ്. രേഷ്മ സാരി ബാലന്‍സിംഗ്, ഹൈ വീല്‍ സൈക്ലിംഗ് എന്നിവയാണ് അവതരിപ്പിക്കുന്നത്. സര്‍ക്കസ് വേദിയില്‍ തിളങ്ങി നില്‍ക്കമ്പോഴാണ് പിന്റോ രേഷ്മയെ തന്റെ പ്രണയം അറിയിക്കുന്നത്.
തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് സര്‍ക്കസ് കൂടാരങ്ങള്‍ അടച്ച് പൂട്ടിയതോടെ ഇരുവരും വീടുകളിലേക്ക് പോകുകയും വിവാഹം അനിശ്ചിതമായി നീണ്ട് പോകുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കസ് വീണ്ടും സജീവമായതോടെ ഇരുവരും ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു. ജംബോ സര്‍ക്കസ് ഉടമ ജയശങ്കറിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തി. ക്ഷേത്രം ഭാരവാഹികളെ കണ്ട് അനുവാദം വാങ്ങി ഇന്നലെ രാവിലെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തുകയായിരുന്നു.
വധുവരന്മാരുടെ ബന്ധുക്കള്‍ക്ക് പുറമെ ജംബോ സര്‍ക്കസിലെ മുഴുവന്‍ താരങ്ങളും ക്ഷേത്രം ജീവനക്കാരും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. പങ്കെടുത്തവര്‍ക്ക് മധുരവും വിതരണം നടത്തി. വധൂവരന്മാര്ക്കായി അടുത്ത ദിവസം സര്‍ക്കസ് കൂടാരത്തില്‍ സല്‍ക്കാരവും നടത്തും. ഇരുവര്‍ക്കും ഒരു തമ്പില്‍ തന്നെ കഴിയാന്‍ സൗകര്യമൊരുക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സര്‍ക്കസുമായുള്ള ജീവിത യാത്രയില്‍ ഇനി പിന്റോയൊക്കൊപ്പം രേഷ്മയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: