ന്യൂ ഡെൽഹി :സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ, തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്ററിൽ നിന്ന് ടാങ്ക് വേധ ഗൈഡഡ് മിസൈൽ ‘ഹെലിന’ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (DRDO) ശാസ്ത്രജ്ഞരും, കര-വ്യോമ സേനാ സംഘങ്ങളും സംയുക്തമായാണ് പ്രയോഗക്ഷമതാ പരിശോധനയുടെ ഭാഗമായുള്ള പരീക്ഷണ വിക്ഷേപണം നടത്തിയത്.
അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ (ALH) നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. കൃത്രിമമായി സൃഷ്ടിച്ച യുദ്ധടാങ്കിനെ ലക്ഷ്യമാക്കി മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിംഗ് സീക്കർ (IIR) ആണ് മിസൈലിനെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നാണിത്.
പൊഖ്‌റാനിൽ നടത്തിയ പ്രയോഗക്ഷമതാ പരിശോധനയുടെ തുടർച്ചയായി, സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ നടത്തിയ പരീക്ഷണത്തിലെ വിജയം, മിസൈലിന്റെ ALH സംയോജനത്തിന് വഴിയൊരുക്കുന്നു. DRDO യിലെ മുതിർന്ന ശാസ്ത്രജ്ഞരും മുതിർന്ന കരസേനാ ഉദ്യോഗസ്ഥരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.
സംയുക്ത പരിശ്രമത്തിലൂടെ ഇദംപ്രഥമമായി ഈ നേട്ടം കൈവരിച്ചതിൽ DRDO യെയും ഇന്ത്യൻ സൈന്യത്തെയും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: