കൊല്ലം: കാഷ്യുകോര്‍പ്പറേഷനും കാപ്പക്സും സര്‍ക്കാരിന്റെ മഹത്വം കൊട്ടിഘോഷിക്കുന്ന തിരക്കില്‍ കശുവണ്ടി തൊഴിലാളികളെ മറന്നു. 2022 ആരംഭിച്ച് നാലുമാസമായിട്ടും ഒരു തൊഴില്‍ദിനം പോലും നല്‍കാത്ത സ്ഥിതിയാണ്.
പ്രതിവര്‍ഷം 200 ദിവസം തൊഴിലാളികള്‍ക്ക് പണി നല്‍കാനുള്ള സാഹചര്യങ്ങളടക്കം പഠിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള പ്രത്യേകകമ്മിറ്റി രൂപീകരിച്ചും 15 വര്‍ഷത്തിലേറെയുള്ള ഗ്രാറ്റുവിറ്റി കുടിശിക വിതരണം ചെയ്തും സര്ക്കാര്അനുകൂലമായി വന്‍ പ്രചാരണമാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇരു സ്ഥാപനങ്ങളും നടത്തിയത്.
സംസ്ഥാനത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കൂട്ടത്തോടെ പൂട്ടി കിടക്കുകയാണ്. ഇതോടെപ്പം കോര്‍പ്പറേഷന്റെ മുപ്പത് ഫാക്ടറികളും കാപ്പക്സിന്റെ പത്ത് ഫാക്ടറികളും കൂടി പൂട്ടിയതോടെ കശുവണ്ടി മേഖല ശവപ്പറമ്പായി. ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ ഒരുദിവസം പോലും കശുവണ്ടിതൊഴിലാളികള്‍ക്ക് ജോലി ലഭിച്ചിട്ടില്ല. തോട്ടണ്ടിയില്ലാത്തത് തന്നെയാണ് കാരണം. സമയമായിട്ടും നാടന്‍ തോട്ടണ്ടി സംഭരണം കാര്യക്ഷമമായി നടത്താത്തതും പാര്‍ട്ടി സമ്മേളനങ്ങളുടെ പിന്നാലെ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് പ്രധാന കാരണം.
തമിഴ്നാടും ആന്ധ്രയും കര്‍ണാടകയുമെല്ലാം ആവശ്യമായ തോട്ടണ്ടി കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നും ശേഖരിച്ചുകഴിഞ്ഞു. പത്ത് ശതമാനത്തില്‍ താഴെ മാത്രം തോട്ടണ്ടിയേ ഇനി കേരളത്തിന് ഇവിടെ നിന്നും കിട്ടാന്‍ സാധ്യതയൂള്ളൂ എന്നാണ് സൂചന. നാടന്‍ തോട്ടണ്ടി വാങ്ങാന്‍ തുടങ്ങിയെന്നാണ് ഇരു പൊതുമേഖലാ സ്ഥാപനങ്ങളും ചെയര്മാന്മാരും വകുപ്പുമന്ത്രിയും പറഞ്ഞെങ്കിലും യാഥാര്‍ഥ്യവുമായി പൊരുത്തമില്ലെന്ന് കശുവണ്ടിരംഗത്തുള്ളവര് പറയുന്നു. നാടന്‍ പച്ച തോട്ടണ്ടി സംഭരിച്ചു ഉണക്കിയാല്‍ പോലും ഇനിയും ഫാക്ടറികള്‍ തുറക്കാന്‍ മാസങ്ങളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: