അമ്പലപ്പുഴ: ടിപ്പുവിന്റെ പടയോട്ടത്തെ നെടുങ്കോട്ടയില്‍ തടഞ്ഞ് തുരത്തിയോടിച്ചതിലൂടെ തിരുവിതാംകൂര്‍ സംരക്ഷിക്കുവാനും വൈദേശിക ശക്തികളെ മുട്ടുകുത്തിക്കാനും ധീര സാഹസിക നേതൃത്വം കൊടുത്ത മഹാപുരുഷനായിരുന്നു വൈക്കം പത്ഭനാഭപിള്ളയെന്ന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. ഭാരതീയവിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തിന്റെ ഭാഗമായി വൈക്കം പത്ഭനാഭപിള്ളയുടെ 213-ാംമത് വീരാഹുതി വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂര്‍ ചരിത്രം പഠിക്കുമ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാര്‍ ഭാഗത്ത്നിന്ന് തിരുവിതാംകൂറിലേയ്ക്ക് വലിയ പലായനം ഉണ്ടായി.പത്ഭനാഭസ്വാമി ക്ഷേത്രത്തിന്റെ കൊടിമരത്തില്‍ എന്റെ കുതിരയെ കെട്ടുമെന്ന പ്രഖ്യാപനവുമായി ആനപ്പുറത്ത് വന്ന ടിപ്പുവിനെ പത്ഭനാഭപിള്ളയുടെ നേതൃത്വത്തിലുള്ള സൈന്യം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. വേലുത്തമ്പി ദളവയോടൊപ്പം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നയിക്കവേ 42-ാംമത്തെ വയസ്സില്‍ തൂക്കിലേറ്റപ്പെട്ട വൈക്കം പത്ഭനാഭപിള്ളയെ ചരിത്രകാരന്മാര് പോലും അര്‍ഹമായവിധത്തില്‍ ശ്രദ്ധിച്ചിട്ടില്ല. വൈക്കത്തുള്ളതു പോലെ കരുമാടിയിലും പത്ഭനാഭപിള്ളയ്ക്ക് ഉചിതമായ ഒരു സ്മാരകം വേണമെന്നത് കാലത്തിന്റെ നീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എസ്. ഉമാദേവി അദ്ധ്യക്ഷയായി. സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ആര് രാജലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. പത്ഭനാഭപിള്ളയുടെ കരുമാടിയിലെ പ്രാദേശിക ചരിത്രബന്ധം അനീഷ് പത്തില്‍ വിശദീകരിച്ചു. മാന്നാര്‍ ഗണേശ് നമ്പൂതിരി പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് റ്റി. ഗോവിന്ദന്, മേഖലാ സംഘടനാ സെക്രട്ടറി പി. എസ് സുരേഷ്, അഡ്വ.റ്റി. ജെ. തുളസീ കൃഷ്ണന്, വി.വിനുകുമാര്‍, പി.പ്രേമകുമാര്‍ അമ്പലപ്പുഴ, ലേഖാ ഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: