എടത്വാ: നിനച്ചിരിക്കാതെ എത്തിയ വേനല്‍ മഴ കര്‍ഷകരെ ചതിച്ചു. കേളമംഗലം തെക്കേ തുണ്ടത്തില്‍ പാടത്തെ കൊയ്ത് കൂട്ടിയ നെല്ല് വെള്ളത്തില്‍ മുങ്ങി. തകഴി കൃഷിഭവന് പരിധിയില്‍പ്പെട്ട കേളമംഗലം തെക്കേ തുണ്ടം പാടത്താന്‍ കൃഷി നാശം നേരിട്ടത്. കഴിഞ്ഞ ഏഴിന് 16 ഓളം കൊയ്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്തെടുക്കുകയായിരുന്നു. കൊയ്തെടുത്ത നെല്ല് കരയ്ക്ക് കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ പാടത്ത് തന്നെ നെല്ല് കൂട്ടിയിട്ടു.
വെള്ളിയാഴ്ച ഉച്ചയോടെ നിനച്ചിരിക്കാതെ അതിശക്തമായ കാറ്റും പെരുമഴയും എത്തി. പൊടുന്നനേ ഉണ്ടായ മഴയെ തുടര്‍ന്ന് പാടത്ത് കൂട്ടിയിട്ട നെല്ല് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പാടത്ത് ഒരടിയോളം വെള്ളം ഉയര്‍ന്നു. കൊയ്ത് യന്ത്രം ഇറക്കാനായി പ്രധാന ചാലുകള്‍ നികത്തിയ കാരണം വെള്ളം വറ്റിക്കാനും കഴിഞ്ഞില്ല.
പുലര്‍ച്ചെ ചില കര്‍ഷകര്‍ വെള്ളത്തില്‍ മുങ്ങിയ നെല്ല് വാരിക്കയറ്റി. ഒട്ടുമിക്ക കര്‍ഷകരുടേയും നെല്ല് ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. വെള്ളത്തില്‍ മുങ്ങാത്ത നെല്ല് മാത്രമാണ് മില്ലുടമകള്‍ സംഭരിക്കുന്നത്. മഴവെള്ളത്തില്‍ കുതിര്‍ന്ന നെല്ല് ഉണക്കി നല്‍കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. 80 ഏക്കര്‍ വിസ്തൃതിയുള്ള ഈ പാടത്ത് ഇനിയും നിരവധി കര്‍ഷകരുടെ നെല്ല് കൊയ്തെടുക്കാനുണ്ട്. പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യന്ത്രവും ഇറക്കിയിട്ടില്ല. യന്ത്രവാടക, ഉണക്ക് കൂലി, വാര് കൂലി, ചുമട്ട് കൂലി എന്നീ ഇനത്തില്‍ നല്ലൊരു തുക കര്‍ഷകര്‍ നല്‍കേണ്ടിവരും.
കൊയ്ത്ത് യന്ത്രത്തിന് ക്ഷാമം
ആലപ്പുഴ: വേനല്‍ മഴയില്‍ കൃഷി നാശം തുടരുമ്പോഴും വിളവെടുപ്പ് വേഗത്തിലാക്കാന്‍ ആവശ്യമായ കൊയത്ത് യന്ത്രങ്ങളില്ല. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം രണ്ടാഴ്ചക്കുള്ളില്‍ 80പാടശേഖരങ്ങളിലെ 10,000ഹെക്ടറിലാണ് വിളവെടുപ്പ് നടത്താനുള്ളത്. എന്നാല്‍ കൊയ്ത്ത് യന്ത്ര ക്ഷാമം നേരിടുന്നുണ്ട്. 600 യന്ത്രങ്ങളാണ് ഇതിനായി ആവശ്യമായുള്ളത്. എന്നാല്‍ ഇപ്പോള്‍ 310 യന്ത്രങ്ങള്‍ മാത്രമാണുള്ളത്. ഫെബ്രുവരിയില്‍ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
ജില്ലയില്‍ വ്യാപക കൃഷിനാശം
ആലപ്പുഴ: വേനല്‍മഴയില്‍ ജില്ലയില്‍ വ്യാപക കൃഷിനാശം. ജില്ലയിലെ വിവിധ കൃഷിഭവന് പരിധികളില്‍ 1511 ഹെക്ടര്‍ നെല്‍ച്ചെടി വീണതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വെളിയനാട്, രാമങ്കരി പഞ്ചായത്ത് പരിധിയിലാണ് കൂടുതല്‍ നെല്‍ച്ചെടി നാശം. യഥാക്രമം 650ഉം 232.17 ഹെക്ടറും. കുറവ് നൂറനാട്, എടത്വ പഞ്ചായത്തുകളില്‍. 2.40 ഉം മൂന്നും ഹെക്ടര്‍ വീതം. തലവടി 150, പുലിയൂര് 128, മുട്ടാര്‍ 100, എണ്ണയ്ക്കാട് 57, കാവാലം, കുന്നുമ്മ 50, നീലംപേരൂര്‍ 44, കൈനകരി നോര്‍ത്ത് 30, വെണ്മണി 15 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്ക്.
മഴ കുറഞ്ഞ് വെള്ളം ഒഴുകിപ്പോയാല്‍ വിള നഷ്ടമുണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വിവിധ ഭാഗങ്ങളില്‍ വാഴകൃഷി നശിച്ചു. 909.61 ഹെക്ടറിലാണ് നാശം. ഇതില്‍ 586.21 ഹെക്ടര്‍ കുലച്ചതും 323.4 ഹെക്ടര്‍ കുലയ്ക്കാത്ത വാഴയുമാണ്. പുളിങ്കുന്ന് പഞ്ചായത്തില്‍ 850 ഹെക്ടര്‍ വാഴകൃഷി നശിച്ചു. 550 ഹെക്ടര്‍ കുലച്ചതും 300 ഹെക്ടര്‍ കുലയ്ക്കാത്ത വാഴയുമാണ് വീണത്. 27 ഹെക്ടര്‍ പച്ചക്കറി കൃഷി നശിച്ചു. 300.83 ഹെക്ടര്‍ കായ്ഫലമുള്ള തെങ്ങുകള്‍ നശിച്ചെന്നാണ് പ്രാഥമിക കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: