കൊച്ചി : പ്രതിഷേധങ്ങള്‍ക്കിടെ ഓശാന ചടങ്ങുകളോട് അനുബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയും അവതരിപ്പിച്ചു. സെന്റ്മേരീസ് ബസിലിക്കയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആണ് പരിഷ്കരിച്ച കുര്‍ബാന അര്‍പ്പിച്ചത്.
വിമത വിഭാഗം പ്രതിഷേധത്തിനൊരുങ്ങുമെന്ന സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പോലീസ് കാവലിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏകീകൃത കുര്‍ബാനക്കായി എത്തിയത്. മാര്‍പാപ്പയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടന്നത്. നവംബര്‍ 28 മുതല്‍ സിറോ മലബാര്‍ സഭയിലെ ബസിലിക പള്ളികളില്‍ പുതുക്കിയ കുര്‍ബാന നടപ്പാക്കാന്‍ ആയിരുന്നു സിനഡ് നിര്‍ദ്ദേശം. ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് വത്തിക്കാന്‍ ഇടപെട്ടത്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുര്‍ബാനയിലേക്ക് മാറണം എന്ന് മാര്‍പ്പാപ്പ കത്ത് നല്‍കുകയും ചെയ്തിരുന്നു.
ഏകീകൃത ക്രമത്തിലേക്ക് മാറാന്‍ സമയം വേണമെങ്കില്‍ ഇടവകകള്‍ക്ക് ആവശ്യപ്പെടാം. കാനന്‍ നിയമത്തിന് അനുസൃതമായി സമയ ബന്ധിതമായ ഇളവ് നല്‍കും. കര്‍ത്താവില്‍ വിതച്ചാല്‍ അവിടത്തൊടൊത്ത് കൊയ്യാമെന്നും കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റ് കൊയ്യേണ്ടി വരുമെന്നും മാര്‍പ്പാപ്പയുടെ കത്തില്‍ പറയുന്നുണ്ട്. അതേസമയം എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ കുര്‍ബാന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: