ലേഖ കാക്കനാട്ട്
ഋതുഭേദങ്ങളുടെ അനിവാര്യതയെന്നോണം മറ്റൊരു വിഷുക്കാലം കൂടി വിരുന്നെത്തുകയാണ്. ദിനരാത്രദൈര്ഘ്യം തുല്യമെന്ന് അര്‍ത്ഥം വരുന്ന വിഷുവം എന്ന പദത്തില്‍ നിന്ന് ലോപിച്ചുണ്ടായ ആണ്ടറുതിയില് ഒന്നായ ഈ ഗ്രീഷ്മോത്സവം കേവലമൊരു വിളവെടുപ്പുത്സവം എന്നതിനപ്പുറം മലയാളിയുടെ കാര്‍ഷിക വര്‍ഷപ്പിറവി കൂടിയാണ്.വരണ്ട ഭൂമിയില്‍ ആദ്യമായി പതിക്കുന്ന മഴത്തുള്ളികള്‍ പോലെ മണ്ണും, മനസും ആര്ദ്രമാകുന്ന ഒരു കാലം.
ഇക്കുറിയും വിഷുവിനെ വരവേല്‍ക്കാന്‍ വേനലിന്റെ വധുവെന്നോണം കൊന്നകള്‍ പലയിടങ്ങളിലും ആടയാഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷേ ചുറ്റുപാടുമൊന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാലറിയാം. അവയില്‍ പലതും ഒരു തരത്തില്‍ തങ്ങളുടെ കടമ നിറവേറ്റി എന്ന ആശ്വാസത്തോടെ നേരത്തെ തന്നെ പൂത്ത് കൊഴിഞ്ഞ് നില്പാണ്. മറ്റു ചിലത് സമയമായില്ല പോലും എന്ന നിസ്സംഗതയോടെ തളിര്‍ത്തു നില്ക്കുന്നു. പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ.. എന്ന നമ്മള് നെഞ്ചോടു ചേര്‍ത്ത വരികള്‍ ഉള്‍ക്കൊണ്ടതിന്റെ പ്രതീകമെന്നപോലെ മലയാളക്കരയ്ക്ക് കണിയുടെ സൗന്ദര്യ ശാസ്ത്രം രചിക്കാന്‍ തയ്യാറാകുന്ന കൊന്നകളുടെ എണ്ണത്തിലും വര്‍ഷങ്ങള്‍ കഴിയുന്തോറും കുറവുവരുന്നില്ലേ എന്ന സംശയത്തില്‍ പോലും എന്തോ യാഥാര്‍ത്ഥ്യമുണ്ട്.
ലോകത്തിന്റെ ഏത് കോണിലായിരുന്നാലും ആണ്ടു പിറവിയില്‍ കണി കാണാതിരിക്കാന്‍ മലയാളിക്കാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുമ്പോഴാണ് വിഷുവെന്ന സങ്കല്പം പോലും ഒരു കാലത്ത് എത്ര ഹൃദ്യമായിരുന്നു എന്നും എല്ലാ പുണ്യ വസ്തുക്കളുടേയും കൂടിച്ചേരലായ വിഷുവിന്റെ ഗതകാല പ്രൗഢിയെ കുറിച്ചും ചിന്തിച്ചു പോകുന്നത്.
വിവിധതരം പൂക്കളാലും, ഫലവര്‍ഗ്ഗ വിളകളിലെ കായ്കനികളാലും സമൃദ്ധിയുടേയും സൗന്ദര്യത്തിന്റേയും നിറകാഴ്ചയായി പ്രകൃതി ഒരുക്കിയ കണിയെ അവരവരുടെ മനസിലേക്ക് ആവാഹിച്ച പൂര്‍വ്വികര്‍ അതിനു നല്കിയ പ്രതീകാത്മകമായ ഒന്നാകാം ഓട്ടുരുളിയില്‍ ഒരുക്കുന്ന വിഷുക്കണി. കണി ക്കായുള്ള വിഭവങ്ങള്‍ ക്കായി അവര്‍ ആരേയും ആശ്രയിച്ചില്ല. തൊടിയില്‍ വിളഞ്ഞു നില്ക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും എന്തിലുമുപരി സ്വര്‍ണ്ണ പൂങ്കുലകള്‍ ചാര്‍ത്തി നിന്ന നമ്മുടെ സ്വകാര്യഅഹങ്കാരമായ കണിക്കൊന്നക്ക് പ്രമുഖസ്ഥാനം നല്കി പുതു വസ്ത്രവും നാണയവും ഗ്രന്ഥ കെട്ടും, അഷ്ടമംഗല്യവും, കണിവെള്ളരിയും വാല് കണ്ണാടിയും എല്ലാം ചിട്ടയോടെ ക്രമപ്പെടുത്തി കുടുംബത്തിലെ, മുതിര്‍ന്ന ആള് ഇളയവര്‍ക്കായി കണി തെളിയിക്കാനായി അരിത്തിരി കൊളുത്തുമ്പോള്‍ ഒരര്‍ത്ഥത്തില്‍ അതൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസസാധ്യത ഒരുക്കുക കൂടിയാണ് ചെയ്തിരുന്നത്. വിഷുകൈനീട്ടമെന്ന ആചാരത്തില്‍ പോലും സമത്വമെന്ന ആശയമുണ്ട്. വളര്‍ത്തുമൃഗങ്ങളെയും പ്രകൃതിയേയും കണി കാണിക്കുന്നതിലൂടെ എല്ലാം ശുഭമാകണമെന്ന നിസ്വാര്‍ത്ഥമായ ചിന്താഗതികളുമുണ്ടാകാം.
മേടസംക്രാന്തിയില്‍ വിഷു ഫലം പറയുന്ന രീതിയും പണ്ട് പ്രചാരത്തിലുണ്ടായിരുന്നു. കണിയാന് വീടുകളില്‍ ചെന്ന് വിഷു ഫലം ഗണിച്ചു പറയും. വരാന്‍ പോകുന്ന വര്‍ഷം എത്രപറ മഴ കിട്ടും, മഴ ഇടിയോടും കാറ്റോടും കൂടിയതോ എന്നൊക്കെയുള്ള പ്രവചനങ്ങള്‍. കാലാവസ്ഥ വ്യതിയാനം കാര്‍ഷികവിളകളെ, എല്ലാ തരത്തിലും ദോഷകരമായി ബാധിക്കുന്ന ഈ കാലത്ത് പൂര്‍വികര്‍ കൃഷിരീതി ക്കായി ആശ്രയിച്ച ശാസ്ത്രീയത തെളിയിക്കപ്പെടാത്ത അത്തരം പ്രവചനങ്ങളെ കുറിച്ചോര്‍ത്ത് നമുക്ക് നെടുവീ4പ്പിടാം. പൊലിക പൊലിക, ദൈവമേ.. തന് നെല്‍ പൊലിക.. എന്നും പുള്ളുവന്മാര് പാടി നടന്നത് പഴയ വിഷുക്കാലത്താണ്. കാളയും ഉഴവുകാരനും മേലാളനും ഒരുപോലെ വാഴണം എന്നും ഐശ്വര്യം പുലരണം എന്നുമുള്ള പ്രാര്‍ത്ഥനയായിരുന്നു ആ പാട്ട്.
ഇതിലെല്ലാമുപരി വിഷുവെത്തി എന്ന് ഒരജ്ഞാതസന്ദേശവാഹകനെപോലെ പാടി നടന്നിരുന്ന ഒരു പക്ഷിയുണ്ടായിരുന്നു നമുക്ക്. ഉത്തരായനക്കിളി, കതിരുകാണാക്കിളി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെട്ടിരുന്ന വിഷു പ്പക്ഷി. വിത്തും കൈക്കോട്ടും, കള്ളന് ചക്കേട്ടു, കണ്ടാല്‍ മിണ്ടണ്ട, ചക്കക്കുപ്പുണ്ടോ എന്നിങ്ങനെ, പ്രാദേശികമായി പല തരത്തില്‍ ആ പാട്ടിനെ വ്യാഖ്യാനിച്ചവരാണ് നമ്മള്. അത്രയെളുപ്പത്തില്‍ കണ്ടു കിട്ടാന്‍ കഴിയാത്ത ആ നാണം കുണുങ്ങി പക്ഷിയുടെ സാന്നിധ്യം അനുഭവിച്ചറിയാന്‍ കഴിഞ്ഞിരുന്നത് വിദഗ്ദ്ധനായ ഒരു സംഗീതസംവിധായകന് ചിട്ടപ്പെടുത്തിയ പോലെ നാലു ‘നോട്ടു’ കളില്‍ പൂര്‍ണ്ണമായിരുന്ന ആ ഈണത്താലാണ്. ഒടുവില്‍ ഏതാണ്ട് അര കിലോമീറ്റര്‍ ദൂരത്തോളം കൃത്യമായ ഇടവേളകളില്‍ മുഴങ്ങികേട്ടിരുന്ന ആ, നാദധാര നിലച്ചിട്ട് നാളുകളേറെയായി. ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് വിഷുവെന്നതുപോലും വിഷുപ്പക്ഷി യുടെ സ്വര്‍ഗീയ ഗാനത്തിന്റെ ഓര്‍മ്മയാകാം.
വിത്തും കൈക്കോട്ടുമായി വയലിലേക്കു ഇറങ്ങാന്‍ നേരമായി എന്ന് പറയാതെ പറയുന്ന ഒരു ധ്വനിയുണ്ടായിരുന്നു ആ ഉണര്ത്തുപാട്ടില്.
കര്‍ഷകരെ സംബന്ധിച്ചിടത്തോളം മുന്‍പ് കാര്‍ഷികസംസ്കാരത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അവരറിയാതെ തന്നെ ഏറ്റുവാങ്ങിയിരുന്നതും വിഷുക്കാലവരവോടുകൂടിയാണ്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മകരകൊയ്ത്തുകഴിഞ്ഞ് ആലസ്യമാര്‍ന്ന വയലുകളില്‍ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള കണിവെള്ളരിയും മറ്റു വേനല്‍ക്കാല പച്ചക്കറികളും വിളഞ്ഞു നിന്നിരുന്ന കാലം. കൃഷിയായുധങ്ങളായ കലപ്പയും കൊഴുവുമെല്ലാം നന്നാക്കുകയും കാളകളെ പരിപാലിച്ച് ഉഴുകാന്‍ തയ്യാറാക്കി നിര്‍ത്തലുമെല്ലാം വിഷുവിനു മുന്നേ നടന്നിരിക്കും. വിഷു ദിവസം കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് ആദ്യമായി നിലം ഉഴുതു മറിച്ച് വിത്ത് ഇടുന്ന ചാലിടീല്‍ കര്‍മ്മം ,പുതിയ കൈക്കോട്ട് കഴുകി കുറിതൊടീച്ച് കൊന്ന പൂക്കള്‍ കൊണ്ട് അലങ്കരിച്ച് വീടിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്ത് വച്ച് പൂജിച്ച് കൊത്തി കിളച്ച് ആ കുഴിയില്‍ നവ ധാന്യങ്ങളും പച്ചക്കറികളും ഒരുമിച്ച് നടുന്ന കൈക്കോട്ടു ചാല് എന്ന ആചാരം, വിത്തിറക്കുന്നതിനുംതൈ നടാനും ഉത്തമ ദിവസമായ പത്താമുദയം എന്നറിയപ്പെടുന്ന മേടം പത്തില്‍ നടന്നിരുന്ന കാര്‍ഷിക പ്രവൃത്തികള്‍ എന്നിവയെല്ലാം പൂര്‍വികരാല്‍ പവിത്രമായി ആചരിച്ചിരുന്ന പുതുതലമുറക്ക് അന്യമായ കാര്‍ഷികാചാരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നതാവും ഉചിതം.
ഇതര ആഘോഷങ്ങളിലെന്നതുപോലെ വിഷുവിനുമുണ്ടായിരുന്നു സാമൂഹിക നന്മയുടെ പശ്ചാത്തലം. ചക്കയും മാങ്ങയും മറ്റു ഭക്ഷ്യവസ്തുക്കളുമെല്ലാം പ്രകൃതിയുടെ വരദാനമാണെന്നും വിശപ്പടക്കാന്‍ ഒരു ചക്കയിട്ടു കൊണ്ടു പോയാല്‍ അത് കണ്ടതായി നടിക്കരുതെന്നും പണ്ടുള്ളവര്‍ ഉപദേശിച്ചിരുന്ന കാലം. ഒരര്‍ത്ഥത്തില്‍ കണികാണും നേരം നമ്മള് കാണുന്ന ഭഗവത് രൂപം നമ്മള് തന്നെയാണെന്ന അദ്വൈത സിദ്ധാന്തത്തിന്റെ, പ്രതീകമാണ് വിഷുക്കണിയിലെ നിറസാന്നിധ്യമായ വാല്‍ക്കണ്ണാടി പോലും.
ഇക്കുറിയും വിഷുവിന് പതിവുപോലെ നമ്മള് കണിയൊരുക്കും. പഴയ തലമുറയില്‍ പെട്ട ചിലരുടെയെങ്കിലും ഉള്ളില്‍ പവിത്രമായി അവര്‍ കൊണ്ടുനടന്നിരുന്ന വിഷുവിനോടനുബന്ധിച്ചുണ്ടായിരുന്ന ചില ആചാരങ്ങള്‍ അവരറിയാതെ പടുമുളപോലെ പൊട്ടിമുളക്കും. വിഷുകൈനീട്ടമായി ലഭിച്ച നാണയതുട്ടുകള്‍ നിധിപോലെ സൂക്ഷിച്ച, കശുവണ്ടി വിറ്റ്, എണ്ണി ചുട്ട അപ്പം പോലെ വാങ്ങിച്ച വിഷുപ്പടക്കങ്ങള്‍ ആഞ്ഞിലി തിരി കൊളുത്തി പൊട്ടിച്ച് രസിച്ച ബാല്യകാലം അവരോര്ത്തുപോകും. അപ്പോഴും പുതുതലമുറയില്‍ പെട്ട ആരെങ്കിലുമൊക്കെ ഗൂഗിള്‍ സേര്‍ച്ചിലൂടെ പഠിച്ച കണി ഒരുക്കല്‍ കണ്മുന്നില് പ്രാവര്‍ത്തികമാക്കി കേവലമൊരു സെല്‍ഫി ക്കുവേണ്ടി കഷ്ടപ്പെട്ട് കേരളീയ വേഷം ധരിച്ച് ഒടുവില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പല തരത്തില്‍ ആശംസകള്‍ നേര്‍ന്ന് അവരുടേതായ സന്തോഷം കണ്ടെത്തും. പതിവു ജീവിതചര്യയെന്നപോലെ നമുക്കുപോലും തിരിച്ചറിയാനാവാത്ത യാന്ത്രികതയില്‍ വിഷു ആഘോഷവും എന്തോ തിടുക്കത്തോടെ നമ്മളാല്‍ തന്നെ അവസാനിപ്പിക്കും.
മണ്ണില്‍ ചവുട്ടി നിന്ന് പ്രകൃതിക്ക് വിധേയമായല്ലാതെ ജീവിക്കാനാവില്ല എന്ന സത്യം തന്നെയാണ് വിഷുവും ഓര്‍മ്മപ്പെടുത്തുന്നത്. ആണ്ടിലൊരിക്കല്‍ വന്നു ചേരുന്ന മേടപ്പുലരിയില്‍ വീടിന് അകത്തു മാത്രമല്ല വീടിനു പുറത്തും കാര്‍ഷിക സമൃദ്ധിയുടെ കണി ഒരുക്കാന്‍ ബാദ്ധ്യസ്ഥരാണ് നമ്മള്. കൈമാറ്റം ചെയ്തുകിട്ടിയ ഒരാചാരത്തിന്റെ യാന്ത്രികത നിറഞ്ഞ തുടര്‍ ആഘോഷമായി മാത്രം വിഷുവിനെ കാണേണ്ടതില്ല. ‘വിസൂയതേ ഇതി വിഷു’ എന്നാണ്. വിഷു എന്നാല്‍ ഉല്പാദനവുമായി ബന്ധപ്പെട്ടത് എന്നര്‍ത്ഥം.
മാറ്റങ്ങള്‍ക്ക് വിധേയരാണ് നമ്മള്. വിഷുവിന്റെ പഴയകാലപ്രൌഡികള് പൂര്‍ണ്ണമായും കൈമോശം വന്നു എന്നു വിലപിക്കുന്നതിലും ഇനി വലിയ അര്‍ത്ഥമില്ല. ഒരു വിരല്‍ സ്പര്ശത്തില് ഏത് നേരത്തും വിഷുപ്പക്ഷിയെ കാണാനും ആ പാട്ട് കേള്‍ക്കാനും കഴിയും വിധം വിവരസാങ്കേതികവിദ്യ വളര്‍ന്ന ഈ കാലത്ത് വംശനാശം സംഭവിച്ച വിഷുപ്പക്ഷിയെ കുറിച്ചോര്‍ത്ത് വേവലാതി പെടേണ്ട ആവശ്യവുമില്ല. പക്ഷേ ഒന്നുണ്ട്. ആ ഉണര്ത്തുപാട്ടിന് ആധാരമായി നിന്ന ഒരു പദമുണ്ട്. ‘വിത്തും കൈക്കോട്ടും.’ കൈയ്ക്കു ബലവും ആയുധമായി കൈക്കോട്ടും വിതക്കാന്‍ വിത്തും ഉള്ളപ്പോള്‍ പിന്നെന്തിനു വേവലാതി..? എന്നത് പൂര്‍വികരുടെ ആത്മശക്തിയും ധൈര്യവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: