രണ്ടാഴ്ചകള്‍ക്കു മുന്‍പ് കുടുംബസഹിതം കോഴിക്കോട്ട് പോകാന്‍ അവസരമുണ്ടായി. അവിടെ നാലരപ്പതിറ്റാണ്ടുകളായി താമസിക്കുന്ന റിട്ടയേര്‍ഡ് അധ്യാപികയായ സഹോദരിയുടെ താമസസ്ഥലത്ത് പോയി രണ്ടു നാള് താമസിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അവരുടെ മകള്‍ക്ക് ലണ്ടനില്‍ ജോലിയാണ്. പ്രസവശേഷം കുറേനാള്‍ നാട്ടില്‍ മാതാപിതാക്കളോടൊപ്പം കഴിയാന്‍ അവര്‍ എത്തിയതായിരുന്നു. തിരിച്ചുപോകുന്നതിനു മുന്‍പ് രണ്ടുനാളത്തെ കുടുംബ സംഗമം എന്ന നിലയ്ക്കായിരുന്നു കോഴിക്കോടു യാത്ര. ഭര്‍ത്താവും രണ്ടു മക്കളും ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. കുട്ടികള്‍ ജനനാലും ഭര്‍ത്താവ് സ്ഥിരതാമസം കൊണ്ടു നേടിയതും. അവര്‍ മാത്രം ഭാരതപൗരത്വം നിലനിര്‍ത്തുന്നു.
കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ കുന്ദംകുളത്തിനപ്പുറമുള്ള അക്കിക്കാവ് എന്ന സ്ഥലത്തെ കണ്ണന് സ്മാരക പുനരധിവാസ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് 1970 കളില്‍ ഭാരതീയജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും മുഴുസമയ പ്രവര്‍ത്തകനായിരുന്ന വി. രാമന്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ ഈ അവസരമുപയോഗിക്കാമെന്നുദ്ദേശിച്ചു. അദ്ദേഹത്തെപ്പറ്റി രമ രഘുനന്ദനും രഘുനന്ദനനും നേരത്തെ പറയുകയും ചെയ്തിരുന്നു. ഞങ്ങള്‍ രണ്ടുകാറുകളിലായി അക്കിക്കാവില്‍ നിന്നും തിരിച്ച് അരമണിക്കൂറിനുള്ളില്‍ നെല്ലിക്കാട്ടിരിയില്‍ എത്തി.
അന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ഒടുവില്‍ ആ വഴി പോയത്. ആദ്യ യാത്ര ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്ക്കുന്നു. അതു 1957 ലാണ്. ഞാന്‍ അന്നു ഗുരുവായൂര്‍ പ്രചാരകനാണ്. പട്ടാമ്പിയില്‍ പരേതനായ പി.സി.എം രാജായും. അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനു വന്നപ്പോള്‍ കണ്ടു. ഏതാനും മാസങ്ങള്‍ക്കു മുന്‍പു നടന്ന സംഘശിക്ഷാ വര്‍ഗില്‍ അദ്ദേഹം ശിക്ഷകനായിരുന്നു. ദര്‍ശനം കഴിഞ്ഞ് ചില പഴയ സ്വയംസേവകരെ സന്ദര്‍ശിച്ചശേഷം മടങ്ങുമ്പോള്‍ പട്ടാമ്പിയിലേക്കു വരാന്‍ ക്ഷണിച്ചു. പട്ടാമ്പി എന്നെപ്പോലത്തെ തെക്കന്‍ സ്വയംസേവകര്‍ക്ക് ഇതിഹാസഭൂമിയായിരുന്നു. സിപിഐ നേതാവായിരുന്ന കെ.പി. തങ്ങളുടെ നേതൃത്വത്തില്‍ പൊതുവേ ഹിന്ദുക്കള്‍ക്കെതിരെയും വിശിഷ്യാ സംഘ സ്വയംസേവകര്ക്കെതിരെയും നടത്തപ്പെട്ടു വന്ന ആക്രമണങ്ങളുടെ വാര്‍ത്തകള്‍ കേട്ടും വായിച്ചുമാണ് ഞങ്ങള്‍ക്കു ആ വികാരമുണ്ടായത്. മുന്പവിടെ പ്രചാരകനായിരുന്ന വി. ശ്രീകൃഷ്ണ ശര്‍മ്മയെ ആക്രമിച്ചു കഠിനമായി പരിക്കേല്‍പ്പിച്ച സംഭവവും, അദ്ദേഹം ആസന്നമരണ സന്ദിഗ്ദ്ധാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയേണ്ടി വന്നതും ഗുരുവായൂര്‍, പട്ടാമ്പി പ്രദേശങ്ങളില്‍ ചൂടാറാത്ത ഓര്‍മകളായി നില്ക്കുന്നുണ്ടായിരുന്നു. പൂജനീയ ഗുരുജി ആയുര്‍വേദ ചികിത്സയില്‍ പട്ടാമ്പിയിലെ ഡോ. വാരിയരുടെ വസതിയില്‍ കഴിഞ്ഞപ്പോള്‍ ആയിരുന്നു ശര്മ്മാജിക്കുമേലുണ്ടായ ആക്രമണം. ഈ സംഭവങ്ങള്‍ മദിരാശി നിയമസഭയില്‍ ചര്‍ച്ചയാവുകയും, സര്‍ക്കാര്‍ ജില്ലാ ജഡ്ജിയായിരുന്ന രാമന് നമ്പീശനെ പട്ടാമ്പി അസ്വാസ്ഥ്യങ്ങളെക്കുറിച്ചന്വേഷിക്കാന് കമ്മിഷനായി നിയമിക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം കമ്മിഷന് റിപ്പോര്‍ട്ടു നല്കിയപ്പോഴേക്കും സംസ്ഥാന പുനര്‍വിഭജനം കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും കെ.പി. തങ്ങളെയും പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട്, അസ്വാസ്ഥ്യങ്ങള്‍ക്കു കമ്മിഷന് കുറ്റപ്പെടുത്തിയിരുന്നു.

പട്ടാമ്പി സന്ദര്‍ശനസമയത്ത് പിസിഎം അന്നത്തെ രൂക്ഷമായ ആക്രമണങ്ങള്‍ക്കു വേദിയായ സ്ഥലങ്ങള്‍ കാണിച്ചു തരികയും, ഹിന്ദുക്കളുടെ ദയനീയാവസ്ഥയില്‍ പൊരുതി നിന്നവരില്‍ ചിലരെ പരിചയപ്പെടുത്തുകയുമുണ്ടായി. അന്ന് ഭാരതപ്പുഴക്കു പട്ടാമ്പിയില്‍ പാലമില്ലായിരുന്നു. ഞങ്ങള്‍ അങ്ങേക്കരയില്‍ ബസ് ഇറങ്ങി പുഴ നടന്നു കടക്കുകയായിരുന്നു. വാഹനങ്ങള്‍ അക്കരയിക്കരെ കടക്കുമ്പോള്‍ പൂഴ്ന്നു പോകാതിരിക്കാന്‍ മണലിലൂടെ ഒരു കമ്പി വലയും അക്കരെയിക്കരെ വിരിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ ചപ്പാത്ത് പണിതത്. അതിനു മുകളിലൂടെ ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നതു കാണാനും ഒരിക്കല്‍ അവസരമുണ്ടായി.
നെല്ലിക്കാട്ടിരിയിലെ രാമന്‍കുട്ടിയെ കാണാന്‍ പോയ വിവരത്തിനിടെയാണീ പുരാണം വിളമ്പിയത്. ജനസംഘത്തിന്റെ ഉത്തരമേഖലാ ചുമതല ലഭിച്ചപ്പോഴാണ് രാമന്‍കുട്ടിയുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായത്. വളരെ നിഷ്ഠാവാനായ സ്വയംസേവകനായ അദ്ദേഹം പ്രഥമ വര്‍ഗ ശിക്ഷണത്തിന് തിരുച്ചിറപ്പള്ളി പാപ്പമ്മാള്‍ അന്നസത്രത്തിലാണ് പോയതെന്നോര്മ്മ. ഞാന്‍ തൃതീയ വര്‍ഷത്തിനു പോയ വര്‍ഷത്തിലായതിനാല്‍ അവിടെ ശിക്ഷാര്‍ഥികളെ പരിചയപ്പെടാന്‍ കഴിഞ്ഞില്ല. പ്രാന്തപ്രചാരകന് ദത്താജി ഡിഡോള്ക്കറില്നിന്നു വിശദമായ ഉപദേശങ്ങള്‍ ലഭിച്ചു.
നെല്ലിക്കാട്ടിരി, പട്ടാമ്പി ഭാഗത്തെ ഏറ്റവും ഊര്‍ജസ്വലരായ സ്വയംസേവകരില്‍ ഒരാളായ അദ്ദേഹത്തെയാണ്, ജനസംഘ നേതൃത്വം അന്ന് പാലക്കാട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ. രാമന്‍പിള്ളയ്ക്കു ലഭിച്ചത്. ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കാതെയുള്ള ഉള്‍ക്കരുത്തു സൃഷ്ടിക്കുന്ന പ്രവര്‍ത്തനമായിരുന്നു രാമന്‍കുട്ടിയുടേത്. അടിയന്തരാവസ്ഥക്കാലത്തു പട്ടാമ്പിക്കു സമീപം നടത്തപ്പെട്ട രണ്ടു രഹസ്യ യോഗങ്ങളുടെ ആസൂത്രണം കൃത്യമായിരുന്നു. ഒന്നില്‍ ദേശീയ കാര്യദര്‍ശിമാരില്‍ ഒരാളായ ഗോപാല്‍ റാവു ഠാക്കുര്‍ മാര്‍ഗദര്‍ശനത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനും മറ്റു ഭാരവാഹികള്‍ക്കും തലേന്നു വരാനും താമസസൗകര്യമേര്‍പ്പെടുത്താന്‍ കുറ്റമറ്റ വ്യവസ്ഥയാണ് ചെയ്യപ്പെട്ടത്. പരിപാടി കഴിഞ്ഞു മടങ്ങിയത് ബസ്സിലായിരുന്നു. ബസ്സിറങ്ങിക്കഴിഞ്ഞപ്പോള് ഒരു സഹയാത്രികന് താന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനാണെന്നും, ഇങ്ങനത്തെ സ്ഥലത്ത് സംസ്ഥാനതല രഹസ്യയോഗം ഏര്‍പ്പാടു ചെയ്തു നടത്താന്‍ നിങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നു പറയുകയുണ്ടായി.
അടുത്ത പരിപാടി നെല്ലിക്കാട്ടിരിക്കടുത്ത് ചെറുത്തുരുത്തി റോഡില്‍, ഉള്ളിലെ ഒരു പുരാതന ഭവനത്തിലായിരുന്നു. കെ. പെരച്ചന് പട്ടാമ്പിയില്‍ പ്രചാരകനായിരുന്ന കാലത്ത് 60-കളുടെ ആരംഭത്തില്‍, അവിടെ ശാഖ തുടങ്ങാനായി ചെന്നതും, അവിടത്തെ ചെറുപ്പക്കാരും പ്രായമായവരും സ്ത്രീപുരുഷഭേദമെന്യേ പെരച്ചനെ ആരാധനാപൂര്‍വ്വം ആദരിച്ചിരുന്നതും വര്‍ഷങ്ങള്‍ക്കുശേഷം, ഞാന്‍ സംഘപ്രവര്ത്തകനാണെന്നറിഞ്ഞപ്പോള് ഒരു മാന്യന് പറയുകയുണ്ടായി.
നെല്ലിക്കാട്ടിരിക്കു മുന്‍പ് ഞാങ്ങാട്ടിരി എന്ന സ്ഥലമുണ്ട്. അവിടത്തെ അക്കുരാത്ത് മന സംഘത്തിന്റെ തറവാടുതന്നെയാണ്. അവിടത്തെ കൃഷ്ണന് ഇന്ന് പ്രചാരകന്മാരുടെ പ്രമുഖനായ ‘കൃഷ്ണേട്ടന്’ എന്ന് സര്വാദരണീയനായിരിക്കുന്നു. ഞാങ്ങാട്ടിരയില് ‘പെരുമ്പറനായര്‍’ എന്ന് സ്ഥാനപ്പേരുള്ള ഒരാളെ പരിചയപ്പെട്ടിരുന്നു. ആലുവയിലെ പഴയ സ്വയംസേവകന് അപ്പുച്ചേട്ടന്റെ ഭാര്യാപിതാവ് പടനായര്സ്ഥാനം വഹിച്ച ആളായിരുന്നു. യുദ്ധത്തിനു പോകുമ്പോള്‍ പറകൊട്ടിയറിയിക്കുന്നയാള് പെരുമ്പറനായരും, പടവിളി കൂട്ടുന്നവര്‍ പടനായരും സ്ഥാനം വഹിച്ചവരായിരുന്നിരിക്കും. ഇന്നത്തെ കാലത്ത് അതു മേജര്‍, ലഫ്റ്റനന്റ്, ബ്യൂഗ്ലര്‍ എന്നതുപോലത്തെ സ്ഥാനങ്ങളാവാം.
രാമന്‍കുട്ടിയുടെ വീട്ടിലെ സ്വീകരണം അന്യാദൃശമായിരുന്നു. പറഞ്ഞറിയിക്കാനാവാത്തവിധം ഹൃദയംഗമം. ഞങ്ങള്‍ നേരിട്ടു കണ്ടിട്ട് മുപ്പതു കൊല്ലമെങ്കിലുമായിക്കാണും. അതിലെ ഏറ്റവും ഹൃദയസ്പൃക്കായത് ജന്മഭൂമിക്ക് ആരംഭത്തിനു മുന്‍പ് മൂലധന സമാഹരണത്തിന് ധാരാളംപേരെ അദ്ദേഹംതന്നെ പറഞ്ഞു തയ്യാറാക്കിയിരുന്നു. അതല്ല ഇവിടെ ഞാന്‍ വിവരിക്കുന്നത്. എറണാകുളത്ത് ജന്മഭൂമി ആരംഭിച്ച് ഏഴെട്ടുകൊല്ലമായപ്പോള് മുന്നോട്ടു പോകാന്‍ ഒരു വഴിയുമില്ലെന്ന അവസ്ഥ വന്നു. എളമക്കരയിലെ സ്ഥലം കൈവശമുണ്ടെങ്കിലും പണി തീര്‍ക്കുവാന്‍ എന്തു ചെയ്യണമെന്ന ആലോചനയായി. പരസ്യക്കൂലിയായിട്ടും വാഗ്ദാനമായിട്ടും ലഭിക്കാന്‍ നല്ലൊരു തുകയുണ്ടായിരുന്നു. അതിനൊരു ശ്രമം നടത്താമെന്നുപത്രത്തിന്റെ നടത്തിപ്പു ചുമതല വഹിച്ചിരുന്ന സുന്ദരം അഭിപ്രായപ്പെട്ടു. ആ പരിശ്രമത്തിനിടെ പാലക്കാട് ജില്ലയുടെ ഭാഗങ്ങളില്‍നിന്നും കോയമ്പത്തൂരില്‍നിന്നും വിജയപ്രതീക്ഷ വന്നത് രാമന്‍കുട്ടി പറഞ്ഞ കാര്യങ്ങളില്നിന്നായിരുന്നു. ഞങ്ങള്‍ രണ്ടാളും ഷൊര്ണൂര്നിന്നും യാത്രതിരിച്ചു. കോയമ്പത്തൂര്‍ക്കും പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി മുതലായ സ്ഥലങ്ങളിലും ഓരോ വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിനുള്ള ഗ്രാഹ്യവും അവര്‍ക്ക് അദ്ദേഹത്തോടുള്ള ആദരവും അത്ഭുതകരമായിരുന്നു.
ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ ഊണു കഴിച്ചു കുറേനേരം വിശ്രമിച്ചിട്ടു പോയാല്‍മതിയെന്നായി അദ്ദേഹം. കൃഷിക്കാരനാണ്, കൊയ്ത്തുകഴിഞ്ഞു മുറ്റവും പരിസരങ്ങളും കോലായയുമെല്ലാം നിറഞ്ഞുകിടക്കുന്നു. ഒന്നും ചെയ്യാനില്ലാതെ ഞാന്‍ എന്റെ പോക്കറ്റ് റേഡിയോയില്‍ വെസ്റ്റിന്‍ഡീസും ഭാരതവുമായി നടന്നുവന്ന ക്രിക്കറ്റ് ദൃക്സാക്ഷി വിവരണം കേട്ടു. സുനില്‍ ഗവാസ്ക്കര്‍ ലോകമെങ്ങും അഭിനന്ദിക്കപ്പെട്ട മത്സരമായിരുന്നു അത്.
രാമന്‍കുട്ടിയുടെ ധര്‍മ്മപത്നി ഇന്ന് ഓര്‍മശക്തി തളര്‍ന്നിരിക്കുകയാണ്. പോയിക്കണ്ടപ്പോള്‍ കുറേ ആലോചിച്ചശേഷം ഓര്മയുണ്ടെന്നു പറഞ്ഞു. പണ്ട് രാത്രിയില്‍ ‘ഊണു വേണ്ട കഞ്ഞി മതി’ എന്നു പറഞ്ഞത് പ്രതേ്യകം സ്മരിച്ചു. അന്നവിടെയുണ്ടായ അനുഭവ തീവ്രത വാക്കുകള്‍ക്കതീതമാണ്. അദ്ദേഹത്തിന്റെ പഴയ വീട് അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് മുന്‍വശത്ത് ആധുനിക മട്ടിലുള്ള മുഖപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഉരലും ഉലക്കയും അരകല്ലും തോണിയും ചിരവയും ഇന്നു വിശ്രമത്തിലാണ്. എന്റെ വീട് പഴമ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതുക്കിയെന്നു പറഞ്ഞപ്പോള്‍ അവര്‍ക്കു കൗതുകമായി. പക്ഷേ അവരുടെ വീട് എന്റേതിനേക്കാള്‍ പഴക്കമുള്ളതാണ്. അവിടെനിന്ന് കോഴിക്കോട്ടേക്കുള്ള യാത്ര കേരളത്തിലെ ഏറ്റവും പ്രശസ്തവും ബൗദ്ധിക, സാംസ്കാരിക വിളനിലവുമായ ഭാരതപ്പുഴയുടെ തെക്കേക്കരയിലൂടെയായിരുന്നു. സാഹിത്യം, സംഗീതം, സംസ്കൃതം എന്നുവേണ്ട അറുപത്തിനാലു കലകളുടെയും നൃത്തഭൂമിയായ കൂടലൂര്, ആനക്കര, വൈദ്യമഠം, ചേകന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോയി. മുംബൈ-ഇടപ്പള്ളി ദേശീയപാതയെ ആറുവരിയാക്കുന്ന പണി തകൃതിയായി നടക്കുന്ന വിസ്മയത്തിനിടയിലൂടെയാണ് കോഴിക്കോട്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: