മുംബൈ: പ്രസിദ്ധ ബോളിവുഡ് ഗായിക അനുരാധ് പഡ്വാള് ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചുള്ള പള്ളിയിലെ വാങ്ക് (ആസാന്) വിളിക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഗള്‍ഫ് രാജ്യങ്ങളിലും മധ്യേഷ്യയിലെ മറ്റ് മുസ്ലിം രാജ്യങ്ങളിലും പോയപ്പോള്‍ പലയിടത്തും പള്ളികളില്‍ ലൗഡ് സ്പീക്കറിന് വിലക്കുള്ളതായി കാണാന്‍ കഴിഞ്ഞെന്നും അനുരാധ പഡ്വാള് പറഞ്ഞു.
‘ലോകത്ത് ഒട്ടേറെ രാജ്യങ്ങളില്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലല്ലാതെ ഒരിടത്തും ഇങ്ങിനെയൊരു രീതി കണ്ടിട്ടില്ല. ഞാന്‍ ഏതെങ്കിലും മതത്തിന് എതിരല്ല. പക്ഷെ ഇവിടെ മതം നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ പള്ളികളിലെ ലൗഡ്സ്പീക്കര്‍ വഴിയാണ് വാങ്ക് വിളിക്കുന്നത്. ഇപ്പോള്‍ മറ്റ് മതക്കാര്‍ ഇതിനെ ചോദ്യം ചെയ്യുകയാണ്. എന്തുകൊണ്ട തങ്ങള്‍ക്കും ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുകൂടാ എന്നാണ് ചോദിക്കുന്നത്’- അനുരാധ പഡ്വാള് പറയുന്നു.
‘മധ്യേഷ്യയിലെ (ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ) രാജ്യങ്ങളില്‍ ഞാന്‍ യാത്രചെയ്തിട്ടുണ്ട്. അവിടെ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിച്ചിട്ടുണ്ട്. എ്ന്തുകൊണ്ടാണ് മുസ്ലിം രാജ്യങ്ങള്‍ ഇതിനെ നിരുത്സാഹപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു രീതിയുടെ ആവശ്യമെന്താണ്?’- അനുരാധ പഡ്വാള് ചോദിക്കുന്നു.
‘പുതിയ തലമുറയെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കേണ്ടതുണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു. നമുക്ക് മതത്തെയും സംസ്കാരത്തെയും കുറിച്ചറിയണം. നാല് വേദങ്ങളെക്കുറിച്ചും 18 പുരാണങ്ങളെക്കുറിച്ചും നാല് മതങ്ങളെക്കുറിച്ചും അറിയണം. നമ്മള് അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങളാണിവ. ‘-അനുരാധ പഡ്വാള് പറഞ്ഞു.
മഹാരാഷ്ട്രയില്‍ പള്ളികളില്‍ ലൗഡ്സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്നത് വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ പള്ളികളില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് നിര്‍ത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ താന്‍ ആരാധനാലയങ്ങളില്‍ ഹനുമാന് മന്ത്രങ്ങള്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് ഉച്ചത്തില്‍ ഉരുവിടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: