ചെകുത്താന് പ്രയോഗം ഇഎംഎസിന്റേതാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാചകം. അതിന്ന് സിപിഎം മാറ്റിപ്പിടിച്ചിരിക്കുന്നു. സിപിഎം പി.ബി. അംഗം എം.എ. ബേബി പറഞ്ഞത് ഓര്‍ക്കുക. ‘ബിജെപിയെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താന് വോട്ടുചെയ്യാനും തയ്യാര്‍’ എന്നാണ്. ചെകുത്താനും കടലിനുമിടയില്‍ കിടന്ന് പിടയുന്ന കക്ഷിക്ക് ഒന്നുകില്‍ ചെകുത്താന് അല്ലെങ്കില്‍ കടല്‍ എന്നല്ലേ ചിന്തിക്കാന്‍ കഴിയൂ. ഏതായാലും ചെകുത്താന് ബിജെപിയല്ല എന്ന് സമ്മതിക്കുന്ന എം.എ. ബേബിക്ക് വലിയ സല്യൂട്ട്.
ബിജെപിയാണ് മുഖ്യശത്രു എന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ട്. രാഷ്ട്രീയവും ജനാധിപത്യവും അംഗീകരിക്കുന്ന ഒരു കക്ഷിയും എതിര് പാര്‍ട്ടിയെ ശത്രുവായി പ്രഖ്യാപിക്കാറില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെയാണല്ലൊ. ജനാധിപത്യം അവരുടെ കിത്താബില്‍ ഒതുങ്ങുന്നതല്ല. ജനാധിപത്യം അവര്‍ക്ക് അടവ് നയം മാത്രം. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം അവരുടെ തത്വത്തിനും നയത്തിനും പരിപാടിക്കും ചേര്‍ന്നതല്ലല്ലൊ. വടിവാള്‍ രാഷ്ട്രീയവും കൊടുവാള് പ്രയോഗങ്ങളുമാണവര്ക്ക് ചേരുന്നത്. അതുകൊണ്ടാണല്ലോ കല്‍ക്കത്ത തീസിസും സായുധവിപ്ലവവുമെല്ലാം വന്നത്. അധികാരം തോക്കിന് കുഴലിലൂടെ എന്ന് പാടിപഠിച്ചവര്ക്ക് ജനാധിപത്യം മണ്ണാങ്കട്ടയാണ്. എന്നിരുന്നാലും മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനൊത്ത് നീങ്ങുക. അതിനായി ജനാധിപത്യ മുഖംമൂടിയണിഞ്ഞിറങ്ങുക. അതാണ് ഇന്ത്യയില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കൂട്ടുകെട്ട് രാഷ്ട്രീയം അവര്‍ക്ക് ചേരാത്തതാണ്. അതുകൊണ്ടാണ് മുന്നണി രാഷ്ട്രീയത്തെക്കുറിച്ച് മുദ്രാവാക്യം തന്നെ മുഴങ്ങിയത്. ‘മുക്കൂട്ടല്ല മുന്നണിയല്ല ഒറ്റക്കാണ് കോണ്‍ഗ്രസേ, കൂട്ടിക്കെട്ടിയ മുന്നണി കണ്ടീ കൂറ്റന്‍ ചെങ്കൊടി താഴില്ല’. എന്ന മുദ്രാവാക്യം വര്‍ഷങ്ങളോളം മുഴക്കി. ഇന്നിപ്പോള്‍ മുന്നണിയില്ലാതെ ചൊങ്കൊടി പൊങ്ങില്ല എന്നതാണ് അവസ്ഥ. അതിന് ഏത് പാര്‍ട്ടിയുമായും കൂടാം. ബിജെപിയെ വര്‍ഗീയ മുദ്രചാര്‍ത്തി അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത്, കിട്ടാത്ത മുന്തിരി പുളിക്കുമെന്ന കുറുക്കന്റെ ന്യായം പോലെയാണ്. എന്നിരുന്നാലും ബിജെപി സിപിഎമ്മിനെ മുഖ്യശത്രുവെന്നോ ശത്രുവെന്നോ പറയാറില്ല. രാഷ്ട്രീയത്തില്‍ എതിരാളികളെ, പ്രതിയോഗികളെന്നേ പറയാറുള്ളൂ. സിപിഎമ്മിന്റെ കാര്യത്തില്‍ മറിച്ചും.
ശത്രുവെന്ന് പ്രഖ്യാപിച്ചാല്‍ വേട്ടയാടുന്നതിന് ന്യായീകരണമുണ്ട്. സിപിഐ നേതാവ് ഡി. രാജ പ്രസ്താവിച്ചതുപോലെ രാജ്യമാകെ വേരോട്ടമുള്ള കോണ്‍ഗ്രസിനെ അവര്‍ ശത്രുവായി കാണുന്നില്ല. അവര്‍ മിത്രമാണ്. മിത്രങ്ങള്‍ തമ്മിലെ പോരൊരു പോരല്ല എന്ന് കേട്ടിട്ടില്ലെ. കണ്ണൂരില്‍ മാത്രം അടുത്തിടെ 19 കോണ്‍ഗ്രസുകാരെ കുത്തിയും വെട്ടിയും ബോംബെറിഞ്ഞും കൊന്ന കക്ഷിയാണ് സിപിഎം എന്നാണ് കെ. സുധാകരന് പ്രസ്താവിച്ചത്. അതെല്ലാം മറന്നേക്കൂ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ ചെല്ലുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന്റെ ന്യായം. ഇത്തരം പ്രശ്നങ്ങളെ വികാരപരമായി കാണരുതെന്നും തോമസിന് അഭിപ്രായമുണ്ട്.
ആരൊക്കെയാണ് സിപിഎമ്മിന്റെ കൂട്ടുകാര്‍. മുസ്ലീം ലീഗിന് വര്‍ഗീയം പോരെന്ന് പറഞ്ഞ് ലീഗുമായി തെറ്റിപ്പിരിഞ്ഞ് ഇബ്രാഹിം സുലൈമാന്‍ സേട്ട് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് സിപിഎമ്മിന്റെ സഖ്യകക്ഷിയാണ്. ഏക എംഎല്‍എ ഇടതുമുന്നണി മന്ത്രിസഭയില്‍ അംഗവുമാണ്. എണ്‍പതുകളില്‍ കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം (പി.ജെ. ജോസഫ്) ഇടതുമുന്നണിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞത് ഓര്‍മ്മയില്ലെ. ‘പള്ളിക്കാരെയും പട്ടക്കാരേയും തള്ളിപ്പറഞ്ഞ് വാ’ എന്നായിരുന്നു. പള്ളിയെ തള്ളാതെ പട്ടക്കാരെ തള്ളാതെ യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് (മാണി) ഇന്ന് സിപിഎം മുന്നണിയില്‍ ഘടകകക്ഷിയാണ്. ഇടത് മുന്നണിയില്‍ ഒരു മന്ത്രിയും ചീഫ് വിപ്പുമുണ്ട്. ഇതെല്ലാം മത-രാഷ്ട്രീയ പാര്‍ട്ടികളാണല്ലോ.
മുസ്ലീം ലീഗിനെ മുന്നണിയുടെ ഭാഗമാക്കാനുള്ള ശക്തമായ ശ്രമത്തിലാണ് സിപിഎം. അതിന് സാഹചര്യമുണ്ടാക്കാനാണ് ബിജെപി വിരുദ്ധ മുദ്രാവാക്യം അടിക്കടി മുഴക്കുന്നത്. മുഖ്യശത്രു വാചകം മുറതെറ്റാതെ ഉയര്‍ത്തുന്നതും മറ്റൊന്നിനുമല്ല.എക്കാലവും വര്‍ഗീയത ചര്‍ച്ചയാകുമ്പോള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് പറയുന്നകാര്യം ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണെന്നാണ്.
പോപ്പുലര്‍ ഫ്രണ്ട് സിപിഎമ്മിന്റെ സഹയാത്രികരാണ്. അവര്‍ക്ക് പരിശീലനം നല്കാന് ഫയര്‍ഫോഴ്സിന്റെ ഉദ്യോഗസ്ഥരെ വിട്ടു നല്കിയിരിക്കുന്നു. അവര്‍ നടത്തുന്ന ആയുധപരിശീലനവും അപകടകരമായ നീക്കങ്ങളുമെല്ലാം ജനസമൂഹത്തിനും രാജ്യത്തിനും ആപത്താണ്. അതറിഞ്ഞുകൊണ്ട് തന്നെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി എല്‍ഡിഎഫ് ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുസ്സീം വര്‍ഗീയ സംഘടനാ നേതാക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് വിസ്മരിക്കാനാവില്ല. തുടര്‍ഭരണമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് തുറന്നുപറയുകയും, സഹായിച്ചാല്‍ പ്രത്യുപകാരം ചെയ്യാമെന്നു നല്കിയ ഉറപ്പും മറക്കാനാവില്ല.
ഇതുപോലൊരു ഉറപ്പും ചര്‍ച്ചയും കെ.വി. തോമസുമായി നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഎം സെക്രട്ടറി ഇതുപോലെ ഒരുപാടാളുകള്‍ മിത്രങ്ങളായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കെപിസിസിയുടെ മൂന്ന് ജനറല്‍ സെക്രട്ടറിമാരാണ് ഇപ്പോള്‍ രാജിവച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് വിടുന്ന ആളുകള്‍ സിപിഎമ്മുമായി നേരിട്ട് സഹകരിക്കാറില്ല, മറ്റേതെങ്കിലും ഘടകകക്ഷികളുമായി ചേര്‍ന്ന് സിപിഎമ്മുമായി സഹകരിക്കുന്ന സ്ഥിതിയായിരുന്നു. ഇന്നത് മാറി. സിപിഎമ്മുമായി നേരിട്ട് സഹകരിക്കുന്നതില്‍ പ്രയാസമില്ലെന്ന സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത് സിപിഎമ്മിന്റെ നയംമാറ്റംമൂലമാണെന്ന് തുറന്ന് പറയാന്‍ കോടിയേരി ബാലകൃഷ്ണന് തയ്യാറായിട്ടില്ല.
കെ.വി. തോമസുമായി മുന്‍പ് ചര്‍ച്ചകള്‍ നടന്നിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശശി തരൂരിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് വിലക്കിയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്നവരെല്ലാം സിപിഎമ്മിന്റെ അഭിപ്രായം തന്നെ പറയണമെന്നില്ല. അതിനുള്ള അവസരം ഉണ്ടാക്കാനാണ് സെമിനാറുകള്‍ നടത്തുന്നത്. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാലാണ് വ്യത്യസ്ത പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്. വ്യത്യസ്ത അഭിപ്രായം ഉള്ളവരാണെങ്കില്‍ അത് അവര്‍ സെമിനാറില്‍ പങ്കെടുത്ത് പറയട്ടെ, സിപിഎമ്മിന്റെ അഭിപ്രായം മാത്രം പറയാനാണെങ്കില്‍ മറ്റ് നേതാക്കളെ വിളിക്കേണ്ട ആവശ്യമില്ലല്ലോ. ഏതായാലും ‘തിരുതത്തോമ’ ഒരിക്കലും കോണ്‍ഗ്രസ് വിടില്ലെന്നാണ് പറയുന്നത്. ‘കോണ്‍ഗ്രസ് വിട്ടാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്’ അത്രതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: