മുംബൈ: മഹാരാഷ്ട്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ(എംഎസ്ആര്‍ടിസി) ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് 100ഓളം തൊഴിലാളികള്‍ എന്‍സിപി നേതാവ് ശരത് പവാറിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. വീടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച തൊഴിലാളികളില്‍ ചിലര്‍ ചെരിപ്പും വലിച്ചെറിഞ്ഞു. പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി ഉച്ചത്തില്‍ മുദ്രാവാക്യവും വിളിച്ചു.
എംഎസ്ആര്ടിസിയെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കണമെന്ന ആവശ്യമാണ് തൊഴിലാളികളുടെ മുഖ്യ ആവശ്യം. ഈ ആവശ്യം നേടിയെടുക്കാന്‍ ഏതറ്റവും വരെ പോകും എന്ന നിലപാടിലാണ് ജീവനക്കാര്‍. ശരത്പവാറിന്റെ സില്‍വര്‍ ഓക് എന്ന വസതിക്ക് മുന്‍പിലാണ് തൊഴിലാളികളുടെ ഈ പ്രകടനവും പ്രതിഷേധവും അരങ്ങേറിയത്.
‘ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ ഇത്തരമൊരു പ്രകടനം താന്‍ കാണുന്നതെന്ന് മകളും എന്‍സിപി എംപിയുമായി സുപ്രിയ സുലെ പറഞ്ഞു. പട്ടിക വര്‍ഗ്ഗക്കാരായ തൊഴിലാളികളെ പ്രകോപിപ്പിച്ച നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. ഈ പ്രക്ഷോഭത്തിന് പിന്നില്‍ ചില അഞ്ജാത ശക്തികളുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സമരമെന്നും അദ്ദേഹം ആരോപിച്ചു.
ഇത്രയും പേര് ശരത് പവാറിന്റെ വീടിന് നേരെ മാര്‍ച്ച് നടത്തുന്നുണ്ടെങ്കില്‍ അത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ടതാണ്. ‘പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ ഇന്റലിജന്‍സ് പരാജയവും അന്വേഷിക്കും,’- അദ്ദേഹം പറഞ്ഞു.
പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പട്ടികവര്‍ഗ്ഗക്കാരായ തൊഴിലാളികള്‍ക്ക് മുന്പില് മഹാവികാസ് അഘാദി സര്‍ക്കാര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു. 2021 നവമ്പര്‍ മുതല്‍ എംഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലാണ്. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ നിലവാരത്തില്‍ തങ്ങളേയും പരിഗണിക്കണമെന്നതാണ് ആവശ്യം.
ഏപ്രില്‍ 22 മുതല്‍ ജോലി ആരംഭിക്കാന്‍ ബോംബെ ഹൈക്കടോതി വിധി വധി വന്നിരുന്നു. അതിന് പിന്നാലെയാണ് തൊഴിലാളികളുടെ ഈ സമരം. അന്ത്യശാസനാത്തീയതിക്ക് മുന്‍പ് സര്‍വ്വീസില്‍ കയറുന്നവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി അനില്‍ പരബ് പറഞ്ഞു.
‘ഏകദേശം 120ഓളം എംഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിടയില്‍ ആത്മഹത്യ ചെയ്തു. ഇത് ആത്മഹത്യയല്ല, സംസ്ഥാന നയങ്ങള്‍ നടത്തിയ കൊലപാതകമാണ്. ശരത് പവാര്‍ പ്രശ്നം പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല.’- സമരക്കാരനായ ഒരു ജീവനക്കാരന് പറഞ്ഞു.
‘ഹൈക്കോടതിയുടെ വിധി മാനിക്കുന്നു. പക്ഷെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരുമായി എത്രയോ നാളുകളായി ചര്‍ച്ചകള്‍ നടത്തുന്നു. അവര്‍ ഒന്നും ചെയ്തില്ല. ഈ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ ചാണക്യനായി നിന്ന ശരത് പവാറും ഞങ്ങള്‍ നഷ്ടത്തിന് ഉത്തരവാദിയാണ്’- സമരത്തില്‍ പങ്കെടുത്ത മറ്റൊരു ജീവനക്കാരന് പറഞ്ഞു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ചേര്‍ന്നുള്ള മഹാവികാസ് അഘാദി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ശരത് പവാറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: