ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രത്തിലെ എയര്‍ സ്ട്രിപ്പില്‍ നടത്തിയ ആദ്യ പരിശീലന പറക്കല്‍ വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല. സുരക്ഷാ കാരണങ്ങളാലാണ് എട്ടുതവണ ശ്രമിച്ചിട്ടും ലാന്‍ഡിങ് നടക്കാതിരുന്നത്. റണ്‍വേയുടെ നീളക്കുറവും സമീപത്തുള്ള മണ് തിട്ടയുമാണ് വിമാനം ഇറക്കുന്നതിന് തടസ്സം.
2017ല്‍ സത്രത്തില്‍ നിര്‍മ്മാണം ആരംഭിച്ച എന്‍സിസി എയര്‍ സ്ട്രിപ്പിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. ട്രയല്‍ റണ്ണിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വൈറസ്എസ്ഡബ്ലുവിമാനം 10.35ഓടെ എയര്‍സ്ട്രിപ്പിന് മുകളിലൂടെ വലയം വച്ചു, എട്ട് തവണ ലാന്‍ഡ് ചെയ്യാനായി ശ്രമം നടത്തി. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല.സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് ശ്രമം പരാജയപ്പെട്ടതെന്ന് എന്‍സിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ട്രയല്‍ റണ്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആയിരിക്കും അടുത്ത ട്രെയല്‍ റണ്ണിനുള്ള തീയതി തീരുമാനിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
വര്‍ഷം തോറും 1000 എന്‍സിസി എയര്‍ വിങ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കാനാണ് സത്രത്തില്‍ എയര്‍ സട്രിപ്പ് നിര്‍മ്മിക്കുന്നത്. റണ്‍വേയുടെ നീളം നിലവില്‍ 650 മീറ്ററാണ്. ഇത് 1000 മീറ്ററായി ഉയര്‍ത്തണമെന്ന് എന്‍സിസി ആവശ്യപ്പെട്ടിരുന്നു. ഇതിന് വനംവകുപ്പില്‍ നിന്ന് കൂടുതല്‍ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പരിശീലന ലാന്‍ഡിംഗ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. അഭിമാനകരമായ നേട്ടമാണ് എന്‍സിസി കൈവരിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു അവകാശപ്പെടുകയും ചെയ്തു.. അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആശ്രയമേകാന്‍ എയര്‍ സ്ട്രിപ്പ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യ എന്‍.സി.സി എയര്‍ സ്ട്രിപ്പാണ് മഞ്ചുമലയിലേത്. പൊതുമരാമത്തു വകുപ്പ് ആദ്യമായി രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ച എയര്‍ സ്ട്രിപ്പ് കൂടിയാണിത്.
ആദ്യഘട്ടത്തില്‍ 650 മീറ്റര്‍ റണ്‍വേ, 12000 ചതുരശ്ര അടി ഹംഗര്‍, എന്‍ സി സി യുടെ 04 പരിശീലന വിമാന പാര്‍ക്കിംഗ് സൗകര്യം, കമാന്‍ഡിങ് ഓഫീസറുടെ ഓഫീസ്, ടെക്നിക്കല്‍ റൂം, പരിശീലനത്തിനെത്തുന്ന കേഡറ്റുകള്‍ക്കുള്ള താമസ സൗകര്യം എന്നിവയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ കേഡറ്റ് കോറിന്റെ കേരള ആന്‍ഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയില്‍ വരുന്ന 1 കേരള എയര്‍ വിംഗ് എന്‍ സി സി 200 സീനിയര്‍ വിംഗ് കേഡറ്റുകള്‍ക്ക് ഫ്ലൈയിങ് പരിശീലനവും 1800 കേഡറ്റുകള്‍ക്ക് വിമാനങ്ങളുടെ മാതൃക നിര്‍മ്മാണവും മറ്റു ക്ലാസ്സുകളും 1960 മുതല്‍ തിരുവനന്തപുരത്ത് നല്കി വരികയായിരുന്നു. 2014 ല്‍ ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം എന്‍ സി സി കേഡറ്റുകളുടെ പറക്കല്‍ പരിശീലനം നിര്‍ത്തി വയ്ക്കേണ്ട സാഹചര്യമുണ്ടായി.
തുടര്‍ന്നാണ് എന്‍ സി സി യുടെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ എയര്‍ സ്ട്രിപ്പ് നിര്‍മ്മാണത്തിനായി ആദ്യഘട്ടത്തില്‍ 12 ഏക്കര്‍ സ്ഥലം ഇടുക്കിയില്‍ അനുവദിച്ചത്.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 എയര്‍വിംഗ് എന്‍ സി സി കേഡറ്റുകള്‍ക്ക് ഓരോ വര്‍ഷവും സൗജന്യമായി ചെറുവിമാനം പറത്തുന്നതിനുള്ള പരിശീലനം നല്കുന്ന വിധത്തിലാണ് എയര്‍ സ്ട്രിപ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്ന് മാത്രം 200 എയര്‍വിംഗ് എന്‍ സി സി കേഡറ്റുകള്‍ക്ക് ഫ്ലൈയിങ് പരിശീലനം നല്‍കും.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫ്ലൈയിങ് പരിശീലനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
അതേ സമയം വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിക്കാതെ നടത്തുന്ന ഈ നിര്‍മ്മാണം തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍. ജയചന്ദ്രന് പറഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തിന് സമീപം നടക്കുന്ന ഈ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യമായ
നടപടികള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി സ്വീകരിക്കണം. സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് വിമാനം ഇറക്കാനാകില്ലെന്ന് നേരത്തെ തിരിച്ചറിയാന്‍ സാധിക്കാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: