തൃശ്ശൂര്‍: കേരള കലാമണ്ഡത്തില് പ്ലസ് ടു വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം. അധ്യാപകനെതിരെ പോക്സോ കേസ് ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാഗത്തില്‍ താത്ക്കാലിക അധ്യാപകനായ അഭിജോഷിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം കോളേജില്‍ ഇയാള്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല. പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഒഴിഞ്ഞ് മാറുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവം ഒതുക്കിത്തീര്‍ക്കാനും ഇടത് സഹയാത്രികനായ അധ്യാപകനെ രക്ഷിക്കാനുമാണ് നീക്കമെന്ന ആരോപണവും ഉയരുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 26 ന് കലാമണ്ഡലത്തില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന അധ്യാപകന് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും അസഭ്യ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തതായാണ് വിദ്യാര്‍ഥിനിയുടെ പരാതി. സംഭവത്തിന് മറ്റ് ചില വിദ്യാര്‍ത്ഥിനികളും ദൃക്സാക്ഷികളാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി പരാതി നല്‍കിയെങ്കിലും വൈസ് ചാന്‍സലര്‍ ഇയാള്‍ക്കതിരെ നടപടിയെടുത്തില്ല.
പോലീസിലറിയിക്കാന്‍ പോലും വൈസ് ചാന്‍സിലര്‍ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ മുമ്പാകെ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം തീയതി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വസ്തുതകള്‍ ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍ കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ കലാമണ്ഡലത്തിന് മുന്നില്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: