പ്രൊഫ. ഡി. അരവിന്ദാക്ഷന്‍
സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിശേഷിപ്പിച്ചത്, കണ്ണൂരിന്റെ ഉത്സവം എന്ന്. വലിയ ആര്‍ഭാടത്തോടെ ഉത്സവ പ്രതീതിയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ ആകെ അംഗസംഖ്യ ഒന്‍പത് ലക്ഷം ആണെന്ന് സംഘടനാരേഖയില്‍ വ്യക്തമാക്കുന്നു. ഇതില്‍ അഞ്ചരലക്ഷം പേരും, അതായത് 60 ശതമാനവും കേരളത്തില്‍ നിന്നാണ്. 2016 നു ശേഷം കേരളത്തില്‍ ഒരു ലക്ഷം അംഗങ്ങളുടെ വര്‍ധനവുണ്ടായതായി പറയുന്നു. കേരളത്തിലുണ്ടായ അംഗങ്ങളുടെ വര്‍ധനവില്‍ യുവാക്കളുടെ എണ്ണം തീരെ കുറവാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. 2017 നു ശേഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബംഗാളില്‍ ഒരു ലക്ഷം അംഗങ്ങളുടെ കുറവുണ്ടായി. കഴിഞ്ഞ 11 വര്‍ഷമായി ഭരണം നഷ്ടപ്പെട്ട ബംഗാളില്‍ ഇപ്പോഴത്തെ നിയമസഭയില്‍ സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചില്ല. ത്രിപുരയില്‍ ഭരണം നഷ്ടപ്പെടുകയും പാര്‍ട്ടി ശോഷിക്കുകയും ചെയ്തു. 1952 മുതല്‍ 77 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ടായിരുന്ന തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്‌ട്ര, കാണ്‍പൂര്‍, ആസാം, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ 2009 നു ശേഷം പാര്‍ട്ടിയുടെ സ്വാധീനം ഗണ്യമായി കുറഞ്ഞു.
രാജ്യത്താകെയുള്ള ഈ ദയനീയ തകര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞില്ല. ഇപ്പോള്‍ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നത് ആര്‍എസ്എസിനെക്കുറിച്ച് പഠിക്കാനും അവരുടെ വളര്‍ച്ച വിലയിരുത്താനും പാര്‍ട്ടി അംഗങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും അതിനാല്‍ ആര്‍എസ്എസിനെ കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസുകളില്‍ നിര്‍ബന്ധമാക്കണമെന്നുമാണ്. ഇതാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ കുഴപ്പം. പാര്‍ട്ടി നേതൃത്വത്തിന്റെയും ബുദ്ധിജീവികളുടേയും ഗുരുതര വീഴ്ചയും കൃത്യവിലോപവും പാവം പാര്‍ട്ടി അംഗങ്ങളുടെ തലയില്‍ വച്ചുകെട്ടുന്നു. ഇനി ആര്‍എസ്എസിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ ആ സംഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ പഠിക്കേണ്ടിവരും. ഭാരതീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കര്‍മ്മപദ്ധതിയാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും അടിസ്ഥാനതത്വം. സിപിഎമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍പിള്ള ചെറുപ്പകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. ഭാരതീയ തത്വചിന്ത ആഴത്തില്‍ പഠിച്ചവരായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്, മലബാര്‍ കെ.ദാമോദരന്‍, വയലാര്‍ രാമവര്‍മ്മ, എന്നിവര്‍. എന്നിട്ടും സിപിഎം എന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക് ആര്‍എസ്എസിനെക്കുറിച്ചും കര്‍മപദ്ധതികളെ കുറിച്ചും പഠിക്കാന്‍ കഴിഞ്ഞില്ല എന്നുപറയുന്നത് ചരിത്രത്തിലെ രണ്ടാമത്തെ വിഢിത്തമാണ്.
1989 ല്‍ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ ഭൂരിപക്ഷം വരുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ നിന്നത് ഇഎംഎസും അന്നത്തെ സിപിഎം നേതൃത്വവുമാണ്. ഇത് സംബന്ധിച്ച് ജ്യോതിബസു പറഞ്ഞത് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്നാണ്. അപ്പോള്‍ ഈ പാര്‍ട്ടിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് ഇനിയും അവര്‍ പഠിക്കേണ്ടതുണ്ട്. 2004 ല്‍ പാര്‍ലമെന്റില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 65 സീറ്റ് ഉണ്ടായിരുന്നത് ഇപ്പോള്‍ അഞ്ച് സീറ്റായി. ഇതിന്റെ പ്രധാനകാരണം 2004 മുതല്‍ 2009 വരെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചതാണ്. 1998ല്‍ സീതാറാം കേസരിയെ ചവിട്ടിപുറത്താക്കി സോണിയ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം പിടിച്ചെടുത്തു.ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ തുടങ്ങിയ കുടുംബാധിപത്യം ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നു. കുടുംബാധിപത്യവും അഴിമതിയും മതപ്രീണനവുമാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ പ്രധാനകാരണള്‍. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ബിജെപിയെ നേരിടണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നവലിബറല്‍ നയങ്ങള്‍ മാറ്റിയാലെ കൂട്ടുകൂടാന്‍ പറ്റൂ എന്നാണ് എസ്.രാമചന്ദ്രന്‍പിള്ള പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള വികസനത്തിനായി അവതരിപ്പിക്കുന്നത് മുഴുവനും നവലിബറല്‍ നയങ്ങളും.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയില്‍ പറയുന്നത് വിദേശനിക്ഷേപം സ്വീകരിക്കാം എന്നാണ്. വന്‍തോതിലുള്ള സ്വകാര്യനിക്ഷേപത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നു. വിദേശ സര്‍വ്വകലാശാലകള്‍ക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും അംഗീകാരം നല്കാം എന്ന് പ്രഖ്യാപിക്കുന്നു. സ്വകാര്യ മേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു് കഴിഞ്ഞു.
1964ലെ സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയും ഭരണഘടനയും ഭേദഗതി ചെയ്യാന്‍ യാതൊരു നിര്‍ദേശങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ്സിലില്ല. 64 ല്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടിയില്‍ പറയുന്നത് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. അതിന്റെ ആദ്യപടിയായി ജനകീയ ജനാധിപത്യം നടപ്പാക്കും എന്നുപറയുന്നു എന്നാല്‍ ജനകീയ ജനാധിപത്യം എന്താണെന്ന് സീതാറാം യെച്ചൂരിയും എസ്.രാമചന്ദ്രന്‍പിള്ളയും പിണറായി വിജയനും പറയുന്നില്ല. അവര്‍ പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാതെ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കും എന്നാണ് സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളനിര്‍മിതിയ്‌ക്ക് വേണ്ടിയുള്ള രേഖയില്‍നിന്നും വ്യക്തമാവുന്നത്.
ഇങ്ങനെ പരിശോധിച്ചാല്‍ വ്യക്തതയും ദിശാബോധവുമില്ലാതെ നയവൈകല്യങ്ങളില്‍പ്പെട്ട് തകരുന്ന ഘട്ടത്തിലാണ് ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. തകര്‍ച്ചയുടെ ആഘോഷം എന്ന് വിശേഷിപ്പിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: