Categories: Main Article

തിരുവിതാംകൂറിന്റെ കാവല്‍ നായകന്‍

അഡ്വ. അനില്‍ ഐക്കര

(സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)

വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തെ പള്ളാത്തുരുത്തിയാറ്റില്‍  മുക്കിക്കൊല്ലുന്നതിന് നേതൃത്വം നല്കിയ, കേണല്‍ മക്കാളെയെ ജീവനും കൊണ്ടോടാന്‍ നിര്‍ബന്ധിതനാക്കിയ  ധീരദേശാഭിമാനി വൈക്കം പത്മനാഭപിള്ളയെ കേരളം അറിയുമോ? തിരുവിതാംകൂര്‍ തങ്ങള്‍ക്ക് തീറെഴുതിക്കിട്ടിയതാണെന്ന അഹന്തയോടെ അധികാരം അടിച്ചേല്പിക്കാനിറങ്ങിത്തിരിച്ച വെള്ളപ്പട്ടാളത്തെ കരയിലും കായലിലും നേരിട്ട ദളവാ വേലുത്തമ്പിയുടെ വലംകൈയായി നിന്ന് പോരാടിയ വൈക്കം പത്മനാഭപിള്ളയെ 1809ല്‍ വൈക്കത്ത് തിരുവേളിയില്‍ പരസ്യമായി തൂക്കിലേറ്റുകയായിരുന്നു. അന്ന് വെറും 42 ആയിരുന്നു പടത്തലവന് പ്രായം. അടിച്ചമര്‍ത്തിഭരിച്ചവന്‍ തന്നെ പടച്ചെടുത്ത ചരിത്രം ആവര്‍ത്തിച്ച് പഠിക്കാന്‍ വിധിക്കപ്പെട്ട കേരളം വേലുത്തമ്പിയെ അറിഞ്ഞില്ല, പിന്നെ വൈക്കത്തെ എങ്ങനെയറിയാനാണ്. കേരളത്തെ അടിമുടി പിടിച്ചെടുക്കാനിറങ്ങിത്തിരിച്ച ടിപ്പുസുല്‍ത്താന്റെ പരാജയത്തിനും  പലായനത്തിനും പിന്നില്‍ വൈക്കം പത്മനാഭപിള്ളയുടെ ശൗര്യത്തിന്റെ കഥയുണ്ടെന്ന് ചില ചരിത്രകാരന്മാര്‍ ഓര്‍മ്മിപ്പിക്കുന്നു.  

1767 ല്‍ വടക്കുംകൂര്‍ ദേശത്താണ് പത്മനാഭ പിള്ളയുടെ ജനനം.  ഇന്നത്തെ വൈക്കം, ഏറ്റുമാനൂര്‍, മീനച്ചില്‍ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് വടക്കുംകൂര്‍ ദേശം. 1767 നവംബര്‍ 29ന് വൃശ്ചികത്തിലെ പൂരം നാളിലായിരുന്നു ജനനം. വൈക്കം കണ്ണേഴത്ത് ചെമ്പക രാമന്‍പിള്ളയും, ഭഗവതി അമ്മയുമായിരുന്നു അച്ഛനമ്മമാര്‍.

തിരുവിതാംകൂറിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു നിലകൊണ്ട വടക്കുംകൂര്‍ ദേശത്തെ പ്രധാന കളരിയായ നന്തിയത്ത് കളരിയുടെ ആചാര്യനായിരുന്നു ചെറുപ്പം മുതല്‍ക്കേ ഇദ്ദേഹം. അതുകൊണ്ടുതന്നെ 1789ല്‍, വെറും ഇരുപത്തിരണ്ട് വയസ്സുള്ളപ്പോള്‍ വൈക്കത്തെ തിരുവിതാംകൂര്‍ സൈന്യത്തിലേക്ക് തെരഞ്ഞെടുത്തു. തിരുവിതാംകൂര്‍ ചരിത്രത്തില്‍ ‘ഇരുപതുകൂട്ടം’ എന്നറിയപ്പെട്ടിരുന്ന ഇരുപതംഗ വിദഗ്ധ സൈന്യത്തിന്റെ തലവനായിരുന്നു വൈക്കം പത്മനാഭപിള്ള. ടിപ്പുവിനെ വിരട്ടിയതിനൊപ്പം ബ്രിട്ടീഷ് പട്ടാളത്തിന് കനത്ത നാശമുണ്ടാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍, ആ സാമര്‍ത്ഥ്യത്തെ കുറിച്ച് ചരിത്രരേഖകളില്‍ നിന്നും വളരെ കുറച്ചു മാത്രമേ ലഭ്യമാവുന്നുള്ളൂ.  

ടിപ്പുവിന്റെ ആദ്യ നെടുങ്കോട്ടആക്രമണം

തൃശ്ശൂരില്‍ വരെ പടയെടുത്തെത്തിയ ടിപ്പുസുല്‍ത്താന്‍ ‘ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കൊടിമരത്തില്‍ എന്റെ കുതിരയെ കെട്ടും’ എന്ന പ്രഖ്യാപനവുമായാണ് പിന്നീട് മുന്നേറിയതെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. തൃശ്ശൂരില്‍ കല്ലേറ്റുംകര എന്ന സ്ഥലത്ത് താവളമടിച്ച ടിപ്പു സുല്‍ത്താനെ നേരിടുന്നതിനുള്ള ദൗത്യം ഇരുപതുകൂട്ടത്തിനായിരുന്നു.  ദൗത്യം അനായാസമല്ലെന്ന് കണ്ട പത്മനാഭപിള്ള തന്റെ ഉറ്റമിത്രം കുഞ്ചുക്കുട്ടി പിള്ളയെ ടിപ്പുവിന്റെ ഒറ്റുകാരനാക്കി പറഞ്ഞുവിടുകയും നെടുങ്കോട്ടയുടെ ഒരു ഭാഗത്തുകൂടി ടിപ്പുവിനെയും സൈന്യത്തെയും ഉള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചുകൊണ്ട് അവരെ ആക്രമിക്കുകയായിരുന്നു. ടിപ്പുവിന്റെ വന്‍സൈന്യം  

വൈക്കം പത്മനാഭപിള്ളയുടെ സൈന്യത്തിന്റെ വെടി ഉതിര്‍ക്കലില്‍ പരിഭ്രാന്തരായി പിന്തിരിഞ്ഞോടി- തിക്കിലും തിരക്കിലും പെട്ടും കിടങ്ങില്‍ വീണുമാണ് പലരും മരിച്ചത്. ഈ പോരാട്ടത്തില്‍ ടിപ്പുവിന്റെ ആനയും പരിഭ്രാന്തിയിലകപ്പെട്ടു. ആനയുടെ പുറത്തിരുന്ന ടിപ്പുവിന്റെ കാലില്‍ വൈക്കം പത്മനാഭപിള്ള  വെട്ടി പരിക്കേല്പിച്ചു എന്ന് പി. കെ.കെ. മേനോന്‍ എഴുതിയ ഠവല ഒശേെീൃ്യ ീള എൃലലറീാ ങീ്‌ലാലി േശി ഗലൃമഹമ എന്ന പുസ്തകത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ ചരിത്ര രേഖകള്‍ ലഭ്യമല്ല. എങ്കിലും കാലിനു പരിക്കേറ്റ് ടിപ്പുസുല്‍ത്താന്‍ മുടന്തനായത് ഈ സംഭവത്തിനു ശേഷമാണത്രെ. (കിടങ്ങില്‍ വീണാണ് ടിപ്പുവിന്റെ കാലിന് പരിക്കേറ്റതെന്ന് മറ്റൊരു ചരിത്രപാഠവുമുണ്ട്). ഇതോടെ ടിപ്പുവിനും കൂട്ടര്‍ക്കും നെടുങ്കോട്ട ആക്രമണം ഒരു കീറാമുട്ടിയായി തോന്നുകയും ചെയ്തു.  രണ്ടായിരത്തോളം മൈസൂര്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട ഈ സംഭവത്തില്‍ തിരുവിതാംകൂറിന് നഷ്ടമായത് ഒരേയൊരാളെ ആയിരുന്നു.  ഈ പോരാട്ടം നടന്ന സ്ഥലം വെടിമറപ്പറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നു. ടിപ്പുസുല്‍ത്താന്റെ നഷ്ടമായ ഉടവാളും പല്ലക്കും തിരുവിതാംകൂര്‍ പട്ടാളം വീണ്ടെടുത്തു സൂക്ഷിച്ചു. (മതിലകം രേഖകളില്‍ ഇവയെപ്പറ്റി പരാമര്‍ശമുണ്ട്)

ടിപ്പുവിന്റെ പ്രതികാര ആക്രമണം

കൂടുതല്‍ ശക്തി സംഭരിച്ച് തിരുവിതാംകൂര്‍ ആക്രമണത്തിന് ടിപ്പുസുല്‍ത്താന്‍ വീണ്ടുമെത്തി. 1790 ഏപ്രില്‍ 15ന് സുല്‍ത്താന്‍ നെടുങ്കോട്ട കീഴടക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ തിരുവിതാംകൂറിന് ശക്തമായ പ്രതികരണം പോലും സാധിച്ചിരുന്നില്ല.  ഇത്ര അനായാസം മുന്നേറാമെന്ന് കരുതാതിരുന്ന ടിപ്പുവും സൈന്യവും ആലുവാപ്പുഴയുടെ തീരത്തുള്ള മണല്‍പ്പുറത്ത് ക്യാമ്പ് സ്ഥാപിച്ച് വിശ്രമിച്ചു.  

രഹസ്യ നിരീക്ഷണം തുടര്‍ന്ന വൈക്കം പത്മനാഭപിള്ളയും കൂട്ടരും ആലുവയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭൂതത്താന്‍കെട്ടിലെത്തി. അര്‍ധരാത്രി സമയത്ത് അവര്‍ ഭൂതത്താന്‍കെട്ടിലുണ്ടായിരുന്ന അണക്കെട്ട് തകര്‍ത്തുവിട്ടുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.  പെരിയാറിന്റെ ഇരുകരകളെയും പ്രളയത്തിലാഴ്‌ത്തിയ വെള്ളപ്പാച്ചിലില്‍  ടിപ്പുവിന്റെ പീരങ്കികളിലും തോക്കുകളിലും ഉപയോഗിക്കാന്‍ വച്ചിരുന്ന വെടിമരുന്നുകള്‍ നശിപ്പിച്ചു. നിരവധി പടയാളികള്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയി. ഈ പരാജയത്തോടെ ടിപ്പു പിന്നീട് ഒരിക്കലും തിരുവിതാംകൂര്‍ ആക്രമിക്കുവാന്‍ പുറപ്പെട്ടിട്ടില്ല. മറ്റൊരു മലബാര്‍ ആകുമായിരുന്ന തിരുവിതാംകൂറിന്റെ ചരിത്രം മാറ്റിക്കുറിച്ച വിജയമായിരുന്നു പത്മനാഭപിള്ളയും കൂട്ടരും ഇവിടെ നേടിയത്.

വേലുത്തമ്പിയോടൊപ്പം

ബ്രിട്ടീഷുകാര്‍ക്കെതിരായ അന്തിമയുദ്ധത്തിന് വേലുത്തമ്പി ദളവ തയ്യാറെടുക്കുമ്പോള്‍ തുണയായത് വൈക്കം പത്മനാഭപിള്ളയാണ്. കൊച്ചിയിലെ പാലിയത്തച്ചനുമായി ചേര്‍ന്ന് ബ്രിട്ടീഷുകാരെ ആക്രമിക്കാന്‍ വേലുത്തമ്പി നിയോഗിച്ച സൈന്യാധിപരില്‍ ഒരാളായിരുന്നു വൈക്കം പത്മനാഭപിള്ള.  

1808 ഡിസംബറില്‍ വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ നിന്നും, പാലിയത്തച്ചന്റെ സൈന്യം കൊച്ചിയില്‍ നിന്നും പോഞ്ഞിക്കര റസിഡന്‍സില്‍ ആക്രമണം നടത്തി. മെക്കാളെ കഷ്ടിച്ചു രക്ഷപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ റസിഡന്‍സി വളഞ്ഞ സൈന്യം, ഉണ്ടാക്കാവുന്ന നഷ്ടങ്ങളെല്ലാം വരുത്തി.  

പള്ളാത്തുരുത്തിയാറ്റില്‍ ഇരുപതോളം ഇംഗ്ലീഷ് സൈനികരെ വെള്ളത്തില്‍ മുക്കിക്കൊന്ന ഐതിഹാസിക സംഭവത്തിലും ചുക്കാന്‍ പിടിച്ചത് വൈക്കം പത്മനാഭപിള്ളയാണ്.  

വേലുത്തമ്പിയുടെ വീരാഹുതിക്ക് ശേഷം 1809  ഏപ്രില്‍ എട്ടിനാണ് ഇംഗ്ലീഷ് സൈന്യം പത്മനാഭപിള്ളയെ വൈക്കം കരുവേലിക്കുന്നില്‍ വച്ച് വളഞ്ഞുപിടിച്ചത്. വൈക്കം പത്മനാഭപിള്ളയെ പിടികൂടി തൂക്കിലേറ്റിയെന്നും, പിടികൂടുന്നതിനു മുമ്പ് സ്വയം വീരസ്വര്‍ഗ്ഗം പ്രാപിച്ച വൈക്കം പത്മനാഭപിള്ളയുടെ മൃതശരീരം കെട്ടിത്തൂക്കി ബ്രിട്ടീഷ് പട്ടാളം ആഘോഷിച്ചുവെന്നും രണ്ടു വ്യാഖ്യാനങ്ങളുണ്ട്.

വൈക്കം പത്മനാഭപിള്ളയെ പോലെ നിരവധി പ്രമുഖ പോരാളികള്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാതെ പോയിട്ടുണ്ട്.  ഇവരെപ്പറ്റി നല്ലൊരു റഫറന്‍സ് പുസ്തകം പോലും മലയാളത്തില്‍ ഉണ്ടായിട്ടില്ല.  രാഷ്‌ട്രീയബുദ്ധ്യാ തയ്യാറാക്കുന്ന ചരിത്ര രേഖകളിലും തമസ്‌കരിക്കപ്പെടുന്നു. പുതിയ തലമുറയിലേക്ക് ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പകര്‍ന്നു നല്‌കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക