ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരെ പൂട്ടി റയലിന്റെ ഹീറോയിസം. ഗോളടിയില്‍ തോല്പ്പിക്കാനാളില്ലെന്ന് അഹങ്കരിച്ച ജര്‍മ്മന്‍ രാജാക്കന്മാര്ക്ക് വിയ്യാറയലിന്റെ ഷോക്ക്. ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് കാറ്റ് വീശിയടിച്ചു. റയല്‍ മാഡ്രിഡും വിയ്യാറയലും പുഞ്ചിരിച്ചുകൊണ്ട് ആദ്യ പാദം പൂര്‍ത്തിയാക്കുമ്പോള്‍ ചെല്‍സിക്കും ബയേണ്‍ മ്യൂണിക്കിനും രണ്ടാം പാദം ജീവന്മരണ പോരാട്ടം.
ബെന്‍സെമയുടെ തോളിലേറിയായിരുന്നു റയല്‍ മാഡ്രിഡിന്റെ തേരോട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് പോരാട്ടത്തിന്റെ കരുത്തുമായെത്തിയ ചെല്‍സിയെ പിടിച്ചുകെട്ടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. ക്വാര്‍ട്ടറില്‍ കരിയറിലെ സുവര്‍ണ പ്രകടനം പുറത്തെടുത്ത ബെന്‍സെമ ഹാട്രിക്കോടെ ടീമിനെ വിജയത്തിലെത്തിച്ചു. തകര്‍ത്തുകളിച്ച താരം 21, 24, 46 മിനിറ്റുകളില്‍ വല കുലുക്കി. ബെന്‍സെമയും ലൂക്ക മോഡ്രിച്ചും കാസിമിറോയും അലാബയും ടോണി ക്രൂസും വിനീഷ്യസ് ജൂനിയറുമെല്ലാം തകര്‍ത്തുകളിക്കുകയായിരുന്നു. 21-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും 24-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചും നല്കിയ പാസുകളിലൂടെയായിരുന്നു ബെന്‍സേമയുടെ ഗോളുകള്‍. മറുവശത്ത് ചെല്‍സിയും കളി മോശമാക്കിയില്ല. റയലിന്റെ പോസ്റ്റിലേക്ക് പല തവണ ആര്‍ത്തലച്ചെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. 40-ാം മിനിറ്റില്‍ കായ് ഹവാര്‍ട്സ് ആശ്വാസ ഗോള്‍ നേടി.
ബയേണിനെ പൂട്ടി വിയ്യാറയല്‍ വിജയം ആഘോഷിച്ചത് അട്ടിമറിക്കും കളമൊരുക്കി. സ്വന്തം മൈതാനത്ത് തകര്‍ത്തുകളിച്ച വിയ്യാറയല്‍ അര്‍നോട്ട് ഡാന്ജുമയുടെ ഗോളിലാണ് വിജയം നേടിയത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ ഡാന്‍ജുമ ഗോള്‍ നേടി. മത്സരത്തില്‍ 18 തവണയാണ് ബയേണ്‍ ഗോളിനായി വിയ്യാറയലിന്റെ പോസ്റ്റിലേക്ക് ഓടിക്കയറിയത്. ഒന്നില്‍ പോലും ലക്ഷ്യം കാണാനായില്ല. മറുവശത്ത് മോശമാക്കാതെ കളിച്ച വിയ്യാറയല്‍ ലക്ഷ്യം കണ്ടു. റോബര്‍ട്ട് ലെവന്‍ഡോസ്കിയും തോമസ് മുള്ളറുമെല്ലാം പല തവണ ഗോള്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പാദം സ്വന്തം മൈതാനത്താണെന്നത് ബയേണിന് പ്രതീക്ഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: