കുമരകം: കേവലം ഒന്നേമുക്കാല്‍ സെന്റില്‍ വീടും കടയും നടത്തി കടയിലെ മാത്രം വരുമാനം കൊണ്ട് ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന വൃക്കരോഗിയുടെ കിടപ്പാടത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റണമെന്ന് കോടതി ഉത്തരവ്.
സമീപവാസിയുടെ സ്ഥലം ഈ ഒന്നേമുക്കാല്‍ സെന്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് നല്കിയ ഹര്‍ജിയുടെ തീര്പ്പായാണ് കോടതി വിധി വന്നിരിക്കുന്നത്. ഇതോടെ ഈ നിര്‍ധന കുടുംബത്തിന്റെ ജീവിതം കൂടുതല്‍ ദുരിതത്തിലായി.
കുമരകം അപ്സര ജങ്ഷന് സമീപം പച്ചക്കറിക്കട നടത്തുന്ന പൊട്ടിപ്പറമ്പില് സുനിലിന്റെ (44) കിടപ്പുമുറിയുടെ ഒരു ഭിത്തിയും ശുചിമുറിയും പൊളിച്ചു നീക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആകെയുള്ള ഒന്നേമുക്കാല്‍ സെന്റില്‍ 25 വര്‍ഷം മുമ്പ് അച്ഛന് വച്ചതാണ് രണ്ടു മുറിയുള്ള വീട്. നിലവില്‍ ഇത് തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്.
കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ഏതാനും ഭാഗം പൊളിച്ചാല്‍ ഇത് പൂര്‍ണമായും നിലംപൊത്തും. സുനിലും ഭാര്യ ജയനോയും താമസിക്കുന്നതും കട നടത്തുന്നതുമെല്ലാം ഇടുങ്ങിയ ഈ വീട്ടിലാണ്. മക്കളില്ലാത്ത ദമ്പതികളാണിവര്‍. കടയില്‍ നിന്നുള്ള ചെറിയ വരുമാനവും സുമനസുകള്‍ നല്കുന്ന സഹായങ്ങള്‍ കൊണ്ടുമാണ് ആഴ്ചയില്‍ രണ്ടു തവണ വീതം ഡയാലിസിസ് ചെയ്ത് ജീവന് നിലനിര്‍ത്തുന്നത്. സുനിലിന്റെ ഭാര്യയ്ക്കും ഭാരമേറിയ ജോലികള്‍ ചെയ്യാന്‍ കഴിയുകയില്ല. പാലക്കാട്ട് ചെറിയ ജോലികള്‍ ചെയ്തു വന്ന സുനില്‍ രോഗിയായതോടെയാണ് നാലു വര്‍ഷം മുമ്പ് കുമരകത്ത് തിരികെ എത്തിയത്. വില്ലേജില്‍ കൃത്യമായി കരം അടയ്ക്കുന്നതും പഞ്ചായത്ത് ലൈസന്‍സുള്ളതും പണയംവച്ച് ബാങ്കില്‍ നിന്ന് ലോണെടുത്തിട്ടുള്ളതുമായ സ്ഥലമാണ് കോടതിയുടെ ദൃഷ്ടിയില് നിയമ വിരുദ്ധമായി മാറിയിരിക്കുന്നത്.
അയല്‍വാസി കോടതിയെ തെറ്റിദ്ധരിപ്പിച്ച് രോഗിയായ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നുള്ള വിധി സമ്പാദിച്ചിരിക്കുകയാണെന്ന് സുനില്‍ പറയുന്നു. ഡയാലിസിസ് ചെയ്ത് ജീവന് പിടിച്ചു നിര്‍ത്താന്‍ ബുദ്ധിമുട്ടുന്ന തനിക്ക് കേസു നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്തതാണ് തിരിച്ചടിയായതെന്നും സുനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: