വടക്കഞ്ചേരി: ടോള്‍ പ്ലാസക്കുസമീപം ടോള്‍ പിരിവിനെതിരെ സ്വകാര്യബസുടമകളുടെ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. തൃശ്ശൂര്‍ -പാലക്കാട്, തൃശ്ശൂര്‍ – കൊഴിഞ്ഞാമ്പാറ, തൃശ്ശൂര്‍ – ഗോവിന്ദാപുരം, തൃശ്ശൂര്‍ – മംഗലംഡാം തുടങ്ങിയ റൂട്ടിലെ നൂറ്റമ്പതോളം സ്വകാര്യബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ഇന്ന് ഒരുദിവസത്തെ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും വരും ദിവസങ്ങളിലും സമരം തുടരാനാണ് സാധ്യത.
പന്നിയങ്കര ടോള്‍ പ്ലാസയില്‍ ചൊവ്വാഴ്ച മുതലാണ് സ്വകാര്യബസുകളില്‍ നിന്ന് കര്‍ശനമായി ടോള്‍ പിരിവ് തുടങ്ങിയത്. ടോള്‍ നല്കാന് തയ്യാറാവാത്ത സ്വകാര്യ ബസുകള്‍ പ്ലാസ കടക്കാതെ മറ്റ് വഴികളിലൂടെയാണ് സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ വഴിമാറി സഞ്ചരിക്കുമ്പോള്‍ ഭീമമായ നഷ്ടമാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഇത്തരത്തില്‍ എട്ട് മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ചുറ്റി സര്‍വീസ് നടത്തുമ്പോള്‍ പത്ത് ലിറ്ററോളം ഡീസല്‍ അധിക ചെലവ് വരും. മാത്രമല്ല ഒരു ട്രിപ്പിന് അര മണിക്കൂറോളം വൈകുകയും ചെയ്യും. ഇത്തരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ ഒരു ട്രിപ്പ് കട്ട് ചെയ്യേണ്ട സാഹചര്യമാണുള്ളത്. അതിനാല്‍ പകുതിയോളം ബസുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
അമിതമായ ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബസുടമകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പന്നിയങ്കര ടോള്‍ പ്ലാസക്ക് സമീപം ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം പി.പി. സുമോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി. ഗോപിനാഥന് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ പി ഗംഗാധരന്, നൗഷാദ് ആറ്റുപറമ്പില്‍, ബോബന് ജോര്‍ജ്, കെ രാധാകൃഷ്ണന്, ജോസ് കുഴുപ്പില്‍, വി അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: