ആലപ്പുഴ: പി.പി ചിത്തരഞ്ജന് എംഎല്‍എ പരാതി നല്കി വാര്‍ത്തകളില്‍ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു. സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നു, ഇത് 10 രൂപ കുറച്ച് 40 രൂപയാക്കി. അപ്പത്തിന് 15 രൂപയില്‍ നിന്നും 10 രൂപയാക്കി കുറച്ചു.
അമിത വില ഈടാക്കിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ.രേണു രാജിനാണ് ചിത്തരഞ്ജന് എംഎല്‍എ പരാതി നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് കളക്ടര്‍ എംഎല്‍എയെ അറിയിച്ചിരുന്നു. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ എംഎല്‍എ പരാതി നല്‍കിയത്.
കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവമാണ് സിപിഎം നേതാവ് പങ്കുവെച്ചത്. ‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്.’ എംഎല്‍എ കുറ്റപ്പെടുത്തി.
അതിനിടെ ഹോട്ടല്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അമിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വില്‍ക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കുന്നുള്ളൂവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: