തിരുവനന്തപുരം/കോഴിക്കോട്: കേളപ്പജിയുടെ നേതൃത്വത്തില്‍ 1930 ഏപ്രില്‍ 13 മുതല്‍ 23 വരെ നടന്ന ഉപ്പുസത്യഗ്രഹ യാത്ര പുനരാവിഷ്കരിക്കുമെന്ന് അമൃതോത്സവ സംഘാടക സമിതി ഭാരവാഹികള്‍ തിരുവനന്തപുരത്തും കോഴിക്കോടും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് വൈകിട്ട് 4ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യാത്ര ഉദ്ഘാടനം ചെയ്യും. കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ പ്രഭാകരന് പലേരി അധ്യക്ഷത വഹിക്കും. കേളപ്പജിയുടെ പൗത്രന് നന്ദകുമാര്‍ മൂടാടി, കെ. മാധവന്നായരുടെ പൗത്രി പി. സിന്ധു എന്നിവര്‍ പങ്കെടുക്കുമെന്ന് സമിതി അധ്യക്ഷന്‍ മുന്‍ കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ്, പൊതുകാര്യദര്‍ശി എം. ജയകുമാര്‍, ജോയിന്റ് കണ്‍വീനര്‍ എം.എസ്. ഗിരി എന്നിവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
11നും 12നും മലപ്പുറം ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതികേന്ദ്രങ്ങളിലൂടെ ‘സ്വതന്ത്രതാ ജ്വാല’ എന്ന പേരില്‍ ദീപശിഖാ പ്രയാണം നടത്തും. 12ന് വൈകിട്ട് 5.30ന് കെ.പി. കേശവമേനോന്റെ അന്ത്യവിശ്രമസ്ഥലമായ കോന്നാട് കടപ്പുറത്ത് സമാപിക്കും. കെ. കേളപ്പന്റെ അര്‍ധകായ പ്രതിമയും വഹിച്ച്, ‘കേരളത്തെ വീണ്ടെടുക്കാന്‍ കേളപ്പജിയിലേക്ക് മടങ്ങുക’ എന്ന മുദ്രാവാക്യവുമായി 13 ന് രാവിലെ 8.30ന് തളി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന യാത്ര 142 കിലോമീറ്റര്‍ പിന്നിട്ട് 23ന് വൈകിട്ട് നാലിന് പയ്യന്നൂര്‍ ഗാന്ധി മൈതാനത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുമെന്ന് കോഴിക്കോട് സംഘാടകസമിതി ചെയര്മാന് ഡോ. പ്രഭാകരന് പലേരി, ഇ.സി. അനന്തകൃഷ്ണന്, അനൂപ് കുന്നത്ത്, ടി.വിജയന് എന്നിവര്‍ അറിയിച്ചു. കേളപ്പജി ട്രസ്റ്റ്, ഗാന്ധിപീസ് ഫൗണ്ടേഷന്, സര്‍വോദയ സംഘം എന്നിവയും യാത്രയില്‍ സഹകരിക്കുന്നുണ്ട്.
യാത്രയില്‍ 32 സമരഭടന്മാരെ അനുസ്മരിച്ച് വിവിധമേഖലകളിലെ 32 പ്രതിഭകളുടെ സാന്നിധ്യമുണ്ടാകും. കോഴിക്കോട് മുതല്‍ പയ്യന്നൂര്‍ വരെ 75 സമ്മേളനങ്ങള്‍ നടക്കും. വിഷു ദിനത്തില്‍, കേളപ്പജിയുടെ ഒതയോത്ത് വീട്ടില്‍ വിഷുസദ്യ ഒരുക്കും. തുടര്‍ന്ന് കേളപ്പജിയുടെ കൊയപ്പള്ളി തറവാട് സന്ദര്‍ശിക്കും. മഹാത്മാഗാന്ധി വന്ന് സംസാരിച്ച പാക്കനാര്‍ പുരത്ത് യാത്ര എത്തിച്ചേരും. 17ന് മാഹിയിലെ പൊതുസമ്മേളനം പോണ്ടിച്ചേരി നിയമസഭാ സ്പീക്കര്‍ ആര്. ശെല്‍വം ഉദ്ഘാടനം ചെയ്യും. 23ന് പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ ഉപ്പുകുറുക്കല്‍ പുനരാവിഷ്കരിച്ച ശേഷം ഗാന്ധിപാര്‍ക്കില്‍ സമാപന സമ്മേളനം നടക്കും.
അമൃതോത്സവത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും 75 പ്രധാന കേന്ദ്രങ്ങളില്‍ മഹാപുരുഷന്മാരുടെ സ്മരണദിനത്തില്‍ പുഷ്പാര്‍ച്ചന, ജ്യോതിപ്രയാണം, സെമിനാറുകള്‍, ഗൃഹ സമ്പര്‍ക്കങ്ങള്‍, പുസ്തകവിതരണം, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങള്‍. വനിതാ സമ്മേളനങ്ങള്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി ജന്മദിനമായ ജൂണ്‍ 26ന് സാമൂഹ്യ വന്ദേമാതര ആലാപനം, ജൂലൈ 23 ശനിയാഴ്ച തിലക് ജയന്തി ദിനത്തില്‍ തൊഴിലാളി വ്യാപാരി വ്യവസായി സംയുക്ത സംഗമങ്ങള്‍, യുവ സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: