ഡോ. കൃഷ്ണന് നമ്പൂതിരി ഇ.പി
ദേശീയ സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍
”യത്ര വിശ്വംഭവത്യേക നീഢം…”
ലോകം ഒരു പക്ഷിക്കൂടായി ചുരുങ്ങിയിരിക്കുന്നു… പരസ്പരം കൊക്കുരുമ്മിയും ചൂടു പകര്‍ന്നും കൊത്തുകൂടിയുമെല്ലാം നാമീ കൂട്ടില്‍ ഒന്നിച്ചുകൂടിയിരിക്കുന്നു. ആഗോള താപനവും ധ്രുവങ്ങളിലെ മഞ്ഞുരുകലും കൊവിഡ് അടക്കമുളള വിനാശകാരികളായ പകര്‍ച്ചവ്യാധികളുടെ ദേശാതിര്‍ത്തികള്‍ കടന്നുള്ള അതിവേഗ വ്യാപനവും അര്ധഗോളത്തിനപ്പുറത്തുള്ള യുദ്ധവുമെല്ലാം നാട്ടുമ്പുറങ്ങളില്‍ പോലും ഇന്ന് ജനജീവിതത്തെ ബാധിക്കുന്നു. ഈ സാഹചര്യത്തില്‍, വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ് ലോകാരോഗ്യ സംഘടന 2022 ഏപ്രി
ല്‍ ഏഴിന് ആരോഗ്യദിന സന്ദേശമായി മുന്നോട്ടുവയ്ക്കുന്നത്. ലോകം മുഴുവനുള്ള ജനസമൂഹങ്ങളെയെല്ലാം ഒരുപോലെ ബാധിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളെ ഒരു കുടക്കീഴില് അവതരിപ്പിക്കുന്ന ആ വിഷയം ”നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം- നമ്മുടെ വായുവും ജലവും ഭക്ഷണവും ശുദ്ധമാകട്ടെ” എന്നതാണ്. മനുഷ്യരാശിയുടെ ആരോഗ്യവും അതിജീവനവും നാം ജീവിക്കുന്ന ഈ ഭൂമിയുടെ, ചവിട്ടി നടക്കുന്ന മണ്ണിന്റെ, കുടിക്കുന്ന ജലത്തിന്റെ, ശ്വസിക്കുന്ന വായുവിന്റെ ശുദ്ധിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന സന്ദേശം ഓരോ വ്യക്തിയിലും എത്തിക്കുക എന്നതാണ് ഈ ദിനത്തില്‍ നമ്മുടെ ദൗത്യം.
നീല ഗ്രഹത്തിന്റെ നിലനില്‍പ്പിന്
ലോകജനസംഖ്യ ക്രമാതീതമായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. ആധുനികശാസ്ത്രവും സാങ്കേതികവിദ്യകളും പകര്‍ന്നുതന്ന യന്ത്രക്കൈകളും നിര്‍മിതബുദ്ധിയും അവന് പ്രകൃതിയെയും സസ്യജന്തുജാലങ്ങളെയും കൂടുതല്‍ രൂപഭേദങ്ങള്‍ വരുത്താനും ചൂഷണം ചെയ്യുന്നതിനും മലിനീകരിക്കുന്നതിനും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. തനിക്കുചുറ്റുമുള്ള പ്രകൃതിയില്‍ അതനുസരിച്ചുണ്ടാകുന്ന രൗദ്രഭാവം ഈ അടുത്തകാലം വരെ അവനത്ര ശ്രദ്ധിച്ചില്ല. അപൂര്‍വം ചില കാലാവസ്ഥാ ശാസ്ത്രജ്ഞരും പരിസ്ഥിതിവാദികളുമൊഴികെ. എന്നാല്‍ ഇപ്പോള്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, ആഗോളവ്യാപകമായി തന്നെ അനിയന്ത്രിതമായ പ്രകൃതിചൂഷണം, ആവാസ വ്യവസ്ഥകളുടെ നശീകരണം, പരിസര മലിനീകരണം, എല്ലാംതന്നെ അതിവൃഷ്ടിയും അനാവൃഷ്ടിയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും സൂര്യാഘാതവും പൊടിക്കാറ്റും എന്നുവേണ്ട കൊവിഡടക്കം ഇന്നുവരെ കേട്ടിട്ടില്ലാത്ത പകര്‍ച്ചവ്യാധികള്‍ വരെയായി ജനജീവിതത്തെ കഠിനമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു.
ഇപ്രകാരമൊരു ഗുരുതര സാഹചര്യത്തിലൂടെ മനുഷ്യരാശി കടന്നുപോകുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷം ഏപ്രില്‍ ഏഴിന് നമ്മുടെ ഭൂമി- നമ്മുടെ ആരോഗ്യം എന്ന സന്ദേശവുമായി ആരോഗ്യദിനം ആചരിക്കുന്നത്. ഉദ്ദേശ്യം വ്യക്തമാണ്- മനുഷ്യരാശിയെയും അവരധിവസിക്കുന്ന ഈ നീലഗ്രഹത്തെയും ആരോഗ്യത്തോടെ നിലനിര്‍ത്തുക, അതിനായി സമൂഹ മനസാക്ഷിയെ സജ്ജമാക്കുക. ലോകാരോഗ്യ സംഘടനയുടെ ഒരു കണക്കുപ്രകാരം പ്രതിവര്‍ഷം ഏതാണ്ട് ഒരു കോടി മുപ്പത് ലക്ഷം പേര് പരിസര മലിനീകരണം-കാലാവസ്ഥാമാറ്റം എന്നിവകൊണ്ട് മാത്രം മരിക്കുന്നു. അങ്ങനെ മലിനീകരണവും കാലാവസ്ഥാ മാറ്റവും നാമനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നവും അസ്തിത്വ പ്രശ്നവും തന്നെയായി മാറുന്നു.
ഈ അവസരത്തില്‍, രാഷ്ട്രങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പ്രാദേശിക ഭരണകൂടങ്ങള്‍, വ്യക്തികള്‍- കുടുംബങ്ങള്‍ ഇവര്‍ക്കെല്ലാമുള്ള മാതൃകാപ്രവര്‍ത്തന പദ്ധതികള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചിരിക്കുന്നു.
സര്‍ക്കാരുകളെ സംബന്ധിച്ച് അവയുടെ ദീര്‍ഘകാല പദ്ധതികള്‍ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും മുന്‍ഗണന നല്കുന്നവയായിരിക്കണം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം പരമാവധി നിയന്ത്രിക്കുന്നതിലേക്കായി അവയ്ക്കുള്ള സബ്സിഡികള്‍ നിര്‍ത്തലാക്കുകയും പകരമായി ആ പണം പൊതുജനാരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്കായി വകമാറ്റുകയും ചെയ്യുക. മലിനീകരണതോത് കൂടിയ വ്യവസായങ്ങള്‍ക്ക് പിഴ ടാക്സ് ഏര്‍പ്പെടുത്തുകയും മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വേണം. വായു മലിനീകരണം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ നടപ്പാക്കുക വഴി പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, ആസ്ത്മയും ശ്വാസകോശാര്‍ബുദവും അടക്കമുള്ള രോഗങ്ങള്‍ കുറയ്ക്കാം. പ്രോസസ് ചെയ്തതോ ജങ്ക് ഫുഡ് ഇനത്തില്‍പ്പെട്ടതോ ആയ ഭക്ഷണ സാമഗ്രികളുടെ നികുതി ഉയര്‍ത്തുകയും ഏതുതരം ഭക്ഷണവും പാഴായിപ്പോകുന്നത് തടയുകയും ചെയ്യുക.
കര്‍മപദ്ധതികള്‍ ജനങ്ങളിലേക്ക്
കാര്‍ഷിക രംഗത്തെ സബ്സിഡികളാവട്ടെ, ഏതുകാലത്തും ആരോഗ്യകരമായ ഭക്ഷണരീതികള്‍ സമൂഹത്തിന് പ്രദാനം ചെയ്യാനുതകുന്നതായിരിക്കണം. പുകയിലയുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുകയും പട്ടണങ്ങളെ തന്നെ പുകവലി നിരോധിത മേഖലകളായി പ്രഖ്യാപിക്കുകയും ചെയ്യുക. പ്ലാസ്റ്റിക്കിന്റെ ഉത്പാദനം പരമാവധി കുറയ്ക്കുക. അവയുടെ പുനരുപയോഗവും നിര്‍മാര്‍ജനവും ത്വരിതപ്പെടുത്തുക. പുതുതായി നിര്‍മിക്കുന്ന പട്ടണങ്ങളിലും സമൂഹവാസയിടങ്ങളിലും വേണ്ടവിധം വ്യായാമത്തിനും വിനോദത്തിനുമുതകും വിധം ഹരിത ഇടനാഴികള്‍ ഉറപ്പുവരുത്തുക.
വ്യക്തിയുടെ ശാരീരിക, മാനസികാരോഗ്യത്തെയും സാമൂഹ്യ സുരക്ഷയെയുമെല്ലാം, പരിസ്ഥിതിക്കായി വരും ദശകങ്ങളില്‍ സമൂഹമെടുക്കേണ്ട കര്‍മപദ്ധതികളുടെ ഭാഗമാക്കുവാനാണ് ലോകാരോഗ്യ സംഘടന, ലോകനേതാക്കളോടും രാഷ്ട്രങ്ങളോടും ആഹ്വാനം ചെയ്യുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി കടന്നുചെല്ലാത്തയിടങ്ങളില്, അഭയാര്‍ത്ഥി-പ്രവാസി സമൂഹങ്ങളിലടക്കം അതാതിടങ്ങളിലെ പ്രാദേശിക-സാമുദായിക നേതാക്കള്‍ വഴിയായി ഈ സന്ദേശങ്ങളും കര്‍മപദ്ധതിയും എത്തിക്കുകയും വേണം.
വമ്പന്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കുമുണ്ട് അവരുടേതായ ഉത്തരവാദിത്വങ്ങള്‍. അവയാകട്ടെ, തൊഴില്സമയത്തിനുശേഷം ഫാന്‍, ലൈറ്റ് മുതലായവ സ്വിച്ചോഫ് ചെയ്യുക, വീട്ടില്‍ ഇരുന്നും ജോലി ചെയ്യാന്‍ അനുവദിക്കുക, ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം വ്യവസായശാലകളില്‍ പരമാവധി കുറയ്ക്കുക തുടങ്ങി തൊഴില്‍സ്ഥലത്തെ ഭക്ഷണശീലങ്ങളിലും കുടിവെള്ളത്തിലും എല്ലാം പരിസ്ഥിതി സൗഹൃദത്തിന്റെയും ആരോഗ്യത്തിന്റെയും അനുകരണീയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു.
വേണം, ആരോഗ്യ-പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍
പൊതുജനാരോഗ്യ കേന്ദ്രങ്ങളേയും ആരോഗ്യപ്രവര്‍ത്തകരേയും സംബന്ധിച്ചിടത്തോളം കുന്നുകൂടുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ വലിയ വിപത്തുതന്നെയാണ്. എളുപ്പത്തില്‍ പുനരുപയോഗം സാധിക്കുന്നതോ നശിപ്പിച്ചുകളയാവുന്നതോ ആയ വസ്തുക്കള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുക, മെഡിക്കല്‍ മാലിന്യങ്ങളെ ഉറവിടത്തില്‍വച്ചുതന്നെ സുരക്ഷിതമായി വേര്‍തിരിക്കുക, കഴിവതും കേന്ദ്രീകൃതമായി അവയെ പൂര്‍ണമായി സംസ്കരിക്കുക എന്നതെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒപ്പം, വാണിജ്യസ്ഥാപനങ്ങളെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ എല്ലാംതന്നെ ആരോഗ്യകേന്ദ്രങ്ങള്‍ക്കും ബാധകമാണ്. കൂടാതെ, പൊതുസമൂഹത്തിനു മുന്പില് പരിസ്ഥിതിയിലൂന്നിയ ആരോഗ്യസംരക്ഷണത്തിന്റെ മികച്ച മാതൃകകളായി സ്വയം പ്രത്യക്ഷപ്പെടുവാനും ആരോഗ്യകേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സാധിക്കണം.
പ്രാദേശിക ഭരണകൂടങ്ങളാവട്ടെ, പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍, പൊതുഗതാഗതം തുടങ്ങിയവ പരിസ്ഥിതി സൗഹൃദങ്ങളെന്ന് ഉറപ്പുവരുത്തുക, സൈക്കിള്‍-നടപ്പാതകള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക, പാര്‍ക്കുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുക, അതത് പ്രദേശങ്ങളിലെ ആരോഗ്യ-ഭക്ഷണ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും മേന്മ ഉറപ്പുവരുത്തുകയും ചെയ്യുക തുടങ്ങി പ്രാദേശിക കച്ചവട സ്ഥാപനങ്ങളില്‍പോലും ആരോഗ്യ പരിസ്ഥിതി ലക്ഷ്യങ്ങള്‍ നിറവേറ്റുന്നത് ഉറപ്പുവരുത്തണം.
വ്യക്തിഗത തലത്തിലും ആരോഗ്യ-പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ പാലിക്കുകയും സന്ദേശവാഹകനാകുകയും ചെയ്യുന്നതിന് നമുക്കേവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇത്തവണത്തെ ആരോഗ്യദിനം, അത്തരമൊരു പ്രതിജ്ഞയോടെ ആചരിക്കാം. പുകയിലയും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് അത് ഒഴിവാക്കാന്‍ തുടങ്ങാം. ജോലിസ്ഥലത്തേക്ക് നടന്നോ സൈക്കിളില്‍ യാത്ര ചെയ്തോ പൊതുഗതാഗത സംവിധാനം മാത്രമുപയോഗിച്ചോ മാതൃകയാകാം. വീടുകളിലെയും ഓഫീസുകളിലെയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും സൗരോര്‍ജത്തിലേക്ക് മാറുകയും ചെയ്യാം. നിത്യോപയോഗ സാധനങ്ങള്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമടക്കം പ്രാദേശികമായി ഉത്പാദിപ്പിച്ചത് ഉപയോഗിക്കുകയും ജങ്ക് ഫുഡ് ഒഴിവാക്കുകയും ചെയ്യാം. പ്ലാസ്റ്റിക് ബാഗുകള്‍, കളിപ്പാട്ടങ്ങള്‍, കവറുകള്‍ തുടങ്ങിയവ ഉപേക്ഷിക്കാം
അതിനുമപ്പുറം, പരിസ്ഥിതിയോടിണങ്ങി ആരോഗ്യജീവനത്തിനു പ്രേരണയും സഹായവുമായ സംഘടനകളുടെ ഭാഗമാവുകയും നമ്മുടെ ശബ്ദം ഉയര്ന്നുകേള്ക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: