കേരള എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍/അനുബന്ധ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് (കീം-2022) പ്രവേശന പരീക്ഷാ കമ്മീഷണര്‍ അപേക്ഷകള്‍ ക്ഷണിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 26 ന് നടത്തും. ഇതില്‍ പങ്കെടുക്കുന്നതിനും മറ്റ് പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനത്തിന് പരിഗണിക്കപ്പെടുന്നതിനും ഏപ്രില്‍ 6 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഒറ്റ അപേക്ഷ മതി. പ്രവേശന വിജ്ഞാപനം, ‘കീം 2022) പ്രോസ്പെക്ടസ് www.cee.kerala.gov.in ല്‍ ലഭ്യമാണ്. പ്രോസ്പെക്ടസിലെ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും മനസിലാക്കി വേണം അപേക്ഷിക്കേണ്ടത്.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ രണ്ട്പേപ്പറുകളാണുള്ളത്. പേപ്പര്‍ ഒന്ന് ഫിസിക്സും കെമിസ്ട്രിയും ജൂണ്‍ 26 ന് രാവിലെ 10 മുതല്‍ 12.30 മണിവരെയും പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് ഉച്ചക്കുശേഷം 2.30 മുതല്‍ 5 മണിവരെയുമാണ്. പരീക്ഷാകേന്ദ്രങ്ങള്‍ അഡ്മിറ്റ് കാര്‍ഡിലുണ്ടാവും. പരീക്ഷാഫലം ജൂല്ൈ 25 നകം പ്രസിദ്ധപ്പെടുത്തും.
ബിഫാം പ്രവേശനം കേരള എന്‍ജിനീയറിങ് പരീക്ഷയില്‍ പേപ്പര്‍ ഒന്നിന്റെ മാര്‍ക്കടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്നുമാണ്. മെഡിക്കല്‍/അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിന് ‘നീറ്റ്-യുജി 2022’- ല്‍ യോഗ്യത നേടണം. ബി ആര്‍ക് പ്രവേശനം ‘നാറ്റ-2022’- സ്കോര്‍ അടിസ്ഥാനത്തിലാണ്. റാങ്ക് ലിസ്റ്റുകള്‍ ഓഗസ്റ്റ് 15 ന് പ്രസിദ്ധപ്പെടുത്തും. കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികള്‍ വഴിയാണ് അഡ്മിഷന്. ബിടെക്, ബി ആര്‍ക്, ബിഫാം, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്സി-അഗ്രികള്‍ച്ചര്‍/കോ ഓപ്പറേഷന് ആന്റ് ബാങ്കിങ്/ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്നോളജി, ബിഎസ്സി ഫോറസ്ട്രി, ബിവിഎസ്സി ആന്റ്എഎച്ച്, ബിഎഫ്എസ്സി മുതലായ കോഴ്സുകളിലാണ് പ്രവേശനം.
അര്‍ഹത: കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാം. കേന്ദ്ര/ഡിഫന്‍സ് സര്വ്വുകളില് കേരളത്തില്‍ സേവനമനുഷ്ഠിക്കുന്നവരുടെ കുട്ടികള്‍ കേരളീയേതര വിഭാഗത്തില്‍പ്പെടും.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ് കോഴ്സുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാെത പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.
ബിഎസ്സി (ഓണേഴ്സ്), അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ-ഓപ്പറേഷന് ആന്റ് ബാങ്കിങ്, ബിടെക് ബയോടെക്നോളജി, ബിഎഫ്എസ്സി, ബിഎസ്സി (ഓണേഴ്സ്), ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്സുകള്‍ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരുന്നാല്‍ മതി.
ബിവിഎസ്സി ആന്റ് എഎച്ച് കോഴ്സിന് പ്ലസ്ടു പരീക്ഷയില്‍ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്സി അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ-ഓപ്പറേഷന് ആന്റ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്നോളജി, ബിവിഎസ്സി ആന്റ് എഎച്ച്, ബിഎഫ്എസ്സി കോഴ്സുകളിലേക്കുള്ള പ്രവേശനം ‘നീറ്റ്-യുജി 2022’- യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.
ബിടെക് കോഴ്സുകള്‍ക്ക് (അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്/ഫുഡ് ടെക്നോളജി, ഡെയറി ടെക്നോളജി ഉള്‍പ്പെടെ) ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. കെമിസ്ട്രിക്കു പകരം കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്നോളജി/ബയോളജി വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
ബിആര്‍ക് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കും (മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) അപേക്ഷിക്കാം. ‘നാറ്റാ-2022’- യോഗ്യത നേടണം.
ബിഫാം കോഴ്സിന് പ്ലസ്ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങള്‍ പഠിച്ച് പാസായിരിക്കണം. എസ്സി/എസ്ടി/എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ മാര്‍ക്കിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രവേശന നടപടിക്രമം, സംവരണം മുതലായ വിവരങ്ങള്‍ ‘കീം-2022’- പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: