ആലപ്പുഴ: കെ റെയിലിനെ ന്യായീകരിക്കാന്‍ അബദ്ധങ്ങള്‍ വിളിച്ചു പറഞ്ഞ് മന്ത്രി സജി ചെറിയാന് സമൂഹമാധ്യമങ്ങളിലെ ട്രോളില്‍ മുങ്ങിയതിന് പിന്നാലെ അപ്പവും മുട്ടക്കറിയും വിവാദത്തില്‍ പി. പി. ചിത്തരഞ്ജന് എംഎല്‍എയും വിവാദത്തില്‍ കുടുങ്ങിയത് യാദൃശ്ചികമല്ലെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. സജി ചെറിയാന്റെ മണ്ടത്തരങ്ങളും അബദ്ധങ്ങളും ആഘോഷമാക്കിയത് പാര്‍ട്ടിയിലെ മറുപക്ഷക്കാരായിരുന്നു. ചിത്തരഞ്ജനെതിരെ കിട്ടിയ അവസരം എതിര്‍വിഭാഗവും ആയുധമാക്കുകയും ട്രോളുകളില്‍ എംഎല്‍എയെ മുക്കുകയും ചെയ്തു.
കഴിഞ്ഞ സമ്മേളന കാലയളവില്‍ മന്ത്രിയേയും എംഎല്‍എയേയും അനൂകൂലിക്കുന്ന വിഭാഗങ്ങള്‍ കമ്മറ്റികള്‍ പിടിച്ചടക്കാന്‍ ഏറ്റു മുട്ടിയിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഒളിപ്പോര്. അപ്പവും മുട്ടക്കറിയും കഴിച്ച് അമിതവിലയെക്കുറിച്ച് കളക്ടര്‍ക്ക് പരാതി നല്കിയ എംഎല്‍എയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത് സ്വന്തം പാര്ട്ടിക്കാര് തന്നെയാണ്. കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ നിന്നും അഞ്ച് അപ്പവും രണ്ട് മുട്ടക്കറിയും കഴിച്ച തന്നില്‍ നിന്നും 184 രൂപ വാങ്ങിയെന്നും അത് അമിതവിലയാണെന്നും കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിവാദമുയര്‍ന്നത്.
സംഭവത്തെക്കുറിച്ച് ഭക്ഷ്യവകുപ്പ് അന്വേഷിക്കുകയും ചേര്‍ത്തല ഭാഗത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തുകയും ചെയ്തെങ്കിലും അമിതവില എന്നതിനപ്പുറം എംഎല്‍എ ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കിയോ ഇല്ലയോ എന്നതാണ് വിവാദമായത്. ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ എംഎല്‍എയെ ആക്ഷേപിച്ചു ട്രോളുകള്‍ നിറഞ്ഞു. സ്വാഭാവികമായും മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലേയും നിഷ്പക്ഷരുമൊക്കെ ട്രോളാനെത്തുമെങ്കിലും സിപിഎം നേതാവിനെതിരെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആക്ഷേപവുമായി രംഗത്തെത്തിയെന്നതാണ് വാസ്തവം.
സംഭവദിവസം ഹോട്ടലുടമകളില്‍ ഒരാള്‍ ചില മാധ്യമങ്ങളോട് പറഞ്ഞത് പണം നല്‍കാതെ പോയി എന്നായിരുന്നു. എംഎല്‍എയെ ആക്ഷേപിച്ച് വാര്‍ത്തയും സമൂഹമാധ്യമങ്ങളിലെ ട്രോളും വന്ന് തുടങ്ങിയപ്പോള്‍ എംഎല്‍എ പണം തന്നിട്ടാണ് പോയതെന്ന് ഹോട്ടല്‍ നടത്തിപ്പുകാരിലെ മറ്റൊരാള്‍ പത്രക്കുറിപ്പും വീഡിയോ സന്ദേശവും ഇറക്കി. കണിച്ചുകുളങ്ങരയിലെ ഒരു സിപിഎം നേതാവ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കിയത്. അതില്‍ പണം നല്‍കുന്നതായി കാണുന്നുമില്ല. മെനു നോക്കാതെയാണോ ഭക്ഷണം കഴിച്ചതെന്ന് ഒരുകൂട്ടര്‍ ചോദിക്കുമ്പോള്‍ സര്‍ക്കാരിന്റെ കെ ടിഡിസിയില്‍ ഭക്ഷണത്തിന്റെ വില ഇതിനേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയും ചിലര്‍ രംഗത്തുണ്ട്.
ഏതായാലും എംഎല്‍എയുടെ പരാതിയും അതിന്മേല് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലും എന്തു നടപടിയുണ്ടാകുമെന്ന് കണ്ടറിയണം. ഹോട്ടലുകളിലെ അമിത വിലയ്ക്കെതിരായ താന്‍ പ്രതികരിക്കുക മാത്രമാണെ ചെയ്തതെന്ന് എംഎല്‍എ പറയുമ്പോള്‍, ചര്‍ച്ചയായതാകട്ടെ എംഎല്‍എ ഭക്ഷണം കഴിച്ച് പണം നല്‍കാതെ സ്ഥലം വിട്ടെന്ന പ്രചാരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: